Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഞാൻ തിരിച്ചറിഞ്ഞിരുന്നു ദീപനിലെ കഴിവുകൾ; ഷാജി കൈലാസ്

deepan-shaji

ഷാജി കൈലാസിന്റെ സഹായിയായാണ് ദീപൻ സിനിമയിൽ സജീവമാകുന്നത്. ആറാം തമ്പുരാൻ, എഫ് ഐ ആർ, വല്യേട്ടൻ, നരസിംഹം തുടങ്ങി നിരവധി സിനിമകളിൽ അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ചു. ദീപനെക്കുറിച്ച് ഷാജി കൈലാസ് അനുസ്മരിക്കുന്നു....

‘ഒരു സിനിമയുടെ ഡബ്ബിങ്ങിന് മദ്രാസിൽ പോകുമ്പോൾ ഡബ്ബിങ് ആർട്ടിസ്റ്റ് ആനന്ദവല്ലിചേച്ചി പറഞ്ഞു, ‘അടുത്ത പടം ചെയ്യുമ്പോൾ എന്റെ മകൻ ദീപനെക്കൂടി ഉൾപ്പെടുത്തണം’. അങ്ങനെയാണ് ദീപൻ എന്റെ കൂടെ കൂടുന്നത്. പിന്നീട് സ്വതന്ത്ര സംവിധായകനാകുന്നതുവരെ എന്റെ അസിസ്റ്റന്റായിരുന്നു. മിടുക്കനും എനർജറ്റിക് ആയ ഒരാളുമായിരുന്നു ദീപൻ. ഏത് സാഹചര്യങ്ങളിലും എന്റെ കൂടെ എല്ലാ വർക്കിനും ഓടി നടക്കുന്ന ഒരാൾ. ഇനി അവൻ മറക്കാനാകാത്ത ഓർമ മാത്രം.

ലീഡർ എന്നൊരു ചിത്രമാണ് ദീപൻ ആദ്യമായി സംവിധാനം ചെയ്യുന്നത്. അത് ശ്രദ്ധിക്കപ്പെട്ടില്ല. അന്ന് ഇതിനെപ്പറ്റി ദീപനോട് സംസാരിക്കുകയും ചെയ്തു. ‘മോനേ അങ്ങനെയല്ല സിനിമ ചെയ്യേണ്ടത്, നിനക്ക് നിന്റെ കഴിവ് തെളിയിക്കാനുള്ള ഒരു സിനിമ ചെയ്യണം, ഈ രീതിയിൽ പോകരുത്, അതിനുവേണ്ടി സ്ട്രെയിൻ എടുത്തും , നല്ല സ്ക്രിപ്റ്റ് ഉണ്ടാക്കിയും ഹോംവർക്ക് ചെയ്തും ആ സിനിമ ചെയ്യണം. ഒരിക്കലും അത് നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞു.

അതുപോലെ കഴിവുള്ള ആളായതുകൊണ്ടാണ് പ്രോത്സാഹിപ്പിച്ചത്. പിന്നീട് ദീപൻ എന്നെ വിളിച്ചു. പുതിയമുഖത്തിന്റെ സബ്ജക്ടിനെക്കുറിച്ചു പറയുകയും പൃഥ്വിരാജിനോട് കഥ പറഞ്ഞപ്പോൾ ഓകെ പറഞ്ഞു എന്നും പറഞ്ഞു.

ആ ചിത്രത്തിന്റെ പൂജ ഞാൻ തന്നെ ചെയ്യണമെന്നു ദീപന് നിർബന്ധമുണ്ടായിരുന്നു. അങ്ങനെ ഞാൻ വരിക്കാശ്ശേരിയിൽ ചെന്ന് പൂജ ചെയ്യുകയും ചെയ്തു. എന്റെ സിനിമയുടെ ഷൂട്ടിങ് സമയത്തായിരുന്നു ദീപന്റെ സിനിമയുടെ റിലീസും. ചിത്രം വലിയ വിജയമായ ശേഷം ഞാൻ ദീപനോട് പറഞ്ഞു, ‘ഇ‌തുപോലുള്ള സിനിമയാണ് നിങ്ങളുടെ വഴി കണ്ടെത്തുന്ന സിനിമ. പുതിയ വഴിയിലൂടെ സഞ്ചരിക്കുക’.

ഇപ്പോൾ സത്യ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അതും മനോഹരമായിട്ട് വന്നിട്ടുണ്ടെന്നാണ് കൂടെ പ്രവർത്തിച്ചവർ പറഞ്ഞത്. ചുരുക്കം സിനിമകൾ കൊണ്ട് ദീപന് മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിരുന്നു.

അസുഖം ആണെന്ന് അറിഞ്ഞിരുന്നു. ഒരാഴ്ചയായി ഐസിയുവിലാണെന്ന് സാജൻ വിളിച്ചു പറഞ്ഞിരുന്നു. ഇന്ന് രാവിലെ പറഞ്ഞു മെഡിസിൻസ് ശരീരം സ്വീകരിക്കുന്നുണ്ടായിരുന്നില്ല. അവസ്ഥ കുറച്ച് പ്രശ്നമാണെന്നും സംസാരിക്കുന്നില്ലെന്നും പറഞ്ഞു. പെട്ടെന്ന് കോമാ സ്റ്റേജിലേക്ക് പോവുകയും മരണം സംഭവിക്കുകയും ആയിരുന്നു.’–ഷാജി കൈലാസ് പറഞ്ഞു.

Your Rating: