Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടു സൂപ്പർ താരങ്ങൾ പിറന്ന കഥ; ശാലിനിയും ശ്യാമിലിയും

shalini-shamily ശാലിനിയും ശാമിലിയും

ശാലിനിയുടെയും ശ്യാമിലിയുടെയും സൂപ്പർ വിജയത്തിനു പിന്നിൽ ബാബു എന്ന അച്ഛന്റെ പങ്ക് വളരെ വലുതാണ്. ആ പഴയ ഓർമകളിലൂടെ എ.എസ്.ബാബു.

സെയ്താപേട്ടിലെ സമ്പന്നർ താമസിക്കുന്ന ഫ്ളാറ്റിന്റെ മട്ടുപ്പാവിലിരുന്ന് എ.എസ്.ബാബു പാടി. ടി എം സൗന്ദർരാജൻ പാടിയ മനോഹരമായ പാട്ടുകൾ അതേ ഇമ്പത്തോടെ.... സിനിമയേക്കാൾ ബാബു സ്നേഹിച്ചത് പാട്ടിനെയായിരുന്നു. ഗായകനാ വാൻ വീടു വിട്ട് മദിരാശിയിലേക്കു വന്ന ബാബുവിന് സിനിമ യിൽ ഒരു പാട്ടു പോലും പാടാൻ കഴിഞ്ഞില്ല 48 വർഷങ്ങൾക്കു ശേഷവും. രണ്ടു സൂപ്പർതാരങ്ങളുടെ അച്ഛനായി തിളങ്ങാനായിരുന്നു ബാബുവിന്റെ നിയോഗം. ആദ്യം ബേബി ശാലിനി മാമാട്ടിക്കുട്ടിയമ്മയായി വന്ന് നമ്മുടെ ഹൃദയം കവർന്നു. മലയാള സിനിമ ഒരു കുട്ടിയെ കാത്തിരുന്നു ചരിത്രത്തിലാദ്യമായി. അത് എണ്‍പതുകളുടെ ആദ്യ പകുതി. തൊണ്ണൂറുകളുടെ തുടക്കം ശ്യാമിലി എന്ന ചുരുണ്ട മുടിക്കാരിയുടെ ഊഴമായിരുന്നു. അഞ്ജലിയും മാളൂട്ടിയും പൂക്കാലം വരവായി ഉൾപ്പെടെ കുറേ നല്ല സിനിമകൾ. തെലുങ്കിൽ ദൈവിക പരിവേഷമായിരുന്നു ശ്യാമിലിയുടെ സിനിമകള്‍ക്ക്. വരുമാന നികുതി അടയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി റെക്കോർഡ് ബുക്കിൽ വരെ ഇടം പിടിച്ചു ശ്യാമിലി. തൊണ്ണൂറുകളുടെ അവസാനം ബേബി ശാലിനി വെറും ശാലിനിയായി വന്നു മലയാളികളുടെ പ്രിയ നായികയായി. ഇപ്പോഴിതാ ശ്യാമിലിയും നായികയായെത്തുന്നു.

നമ്മൾ ഇഷ്ടപ്പെട്ട ശാലിനി, ശ്യാമിലി സിനിമകളുടെ എല്ലാ ഫ്രെയിമിലും തൊട്ട് ഇപ്പുറത്തുണ്ടായിരുന്നു ബാബു. ബാബു അപൂർവ സുന്ദരമായ ഒരു വിജയ കഥ പറഞ്ഞു. രണ്ടു സൂപ്പർ താരങ്ങൾ പിറന്ന കഥ.

baby-shamili-shalini

ശാലിനിക്കു മുമ്പുളള കാലം

കൊല്ലത്ത് റെയിൽവേ സ്റ്റേഷന് അടുത്തു തന്നെയായിരുന്നു എന്റെ വീട്. എല്ലാ ദിവസവും മദിരാശിയിലേക്കു പോവുന്ന തീവണ്ടിയിലേക്ക് ഞാൻ നോക്കി നിൽക്കും. സിനിമയും സിനിമാപ്പാട്ടുകളും പിറക്കുന്ന നഗരത്തിലേക്കു പോവുന്ന തീവണ്ടി. ഓരോ തീവണ്ടിച്ചൂളമടി കേൾക്കുമ്പോഴും എനിക്കു തോന്നും മദിരാശി എന്ന നഗരം എന്നെ വിളിക്കുന്നതായി. എന്നെപ്പോലെ സിനിമയും സിനിമാപ്പാട്ടുകളെയും സ്നേഹി ക്കുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു. ഷറഫുദ്ദീൻ. ഞങ്ങളൊ രുമിച്ചാണ് സിനിമയ്ക്കു പോക്ക്. 1968 ലെ ഒരു സായാഹ്ന ത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ചെന്നൈ എക്സ്പ്രസിൽ ഞങ്ങള്‍ രണ്ട് അരടിക്കറ്റുകാർ കയറിപ്പറ്റി. വീട്ടിൽ ആരോടും പറഞ്ഞില്ല. കയ്യിലുളളത് നാട്ടിൽ വന്നപ്പോൾ പരിചയപ്പെട്ട രാജൻ എന്നൊരാളുടെ മേൽവിലാസം. സിനിമയുടെ ഫൈറ്റിങ് സെക്ഷനിലാണ് രാജനു ജോലി. ദിവസ ങ്ങൾ കഴിഞ്ഞു. ഒരു സ്റ്റുഡിയോ ഫ്ളോറിന്റെ ഉളളില്‍ കയറാൻ പോലും കഴിഞ്ഞില്ല. പക്ഷേ, ഞാൻ സന്തുഷ്ടനായിരുന്നു. സിനിമയുണ്ടല്ലോ ചുറ്റിലും.

shalini-family അച്ഛനൊപ്പം

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ഷറഫിന് മദിരാശി മടുത്തു. അവൻ നാട്ടിലേക്കു തിരിച്ചു പോയി. ഞാൻ ചെറിയ ചെറിയ സംഘങ്ങൾക്കൊപ്പം ചേർന്ന് പാട്ടു പാടാനും മറ്റും പോയിത്തുടങ്ങി. അതൊ രു തിരഞ്ഞെടുപ്പുകാലമായിരുന്നു. പാരഡിപ്പാട്ടുകൾക്കു പ്രചാരമുളള ഒരു കാലം. തമിഴിലെ ഹിറ്റ് പാട്ടുകൾ രാഷ്ട്രീയ നേതാക്ക‌ളുടെ പേരിൽ റീറിക്കോർഡ് ചെയ്യണം. അങ്ങനെ കുറേ പാട്ടുകൾ പാടാൻ അവസരം ലഭിച്ചു. ചില നാടകങ്ങളിൽ അഭിനയിച്ചു. അതു കൊണ്ടു മാത്രം മുന്നോട്ടു പോവില്ലെന്നു മനസ്സിലായപ്പോൾ കോടമ്പാക്കത്തെ ഒരു ഫാൻസി ഷോപ്പിൽ ഞാൻ ജോലിക്കു പോയിത്തുടങ്ങി. അങ്ങനെയും ചില അനുഭവങ്ങൾ.

രണ്ടു വർഷം കഴിഞ്ഞാണ് ഞാൻ നാട്ടിൽ പോവുന്നത്. അവിടെ എന്നെ കാത്തിരുന്നത് വളരെ വേദനിപ്പിക്കുന്ന ഒരു വാർത്തയായിരിന്നു. അച്ഛന്റെ മരണം. ആ മരണവാർത്ത അറിയിക്കാനാവാ‌തെ എന്റെ ബന്ധുക്കൾ ഒരുപാട് വിഷമിച്ചിരിക്കുന്നു. ഇനി ചെന്നൈയിലേക്കു പോവേണ്ട എന്ന് എല്ലാവരും പറഞ്ഞു. പക്ഷേ, അപ്പോഴേക്കും ഞാൻ ചെന്നൈയെ സ്നേഹിച്ചു തുടങ്ങിയിരുന്നു. എന്തൊക്കെ പ്രയാസങ്ങള്‍ വന്നാലും നമ്മള്‍ ഒരു സ്വപ്നവുമായാണ് വരുന്നതെങ്കിൽ നമ്മളെ ചെന്നൈ നഗരം അവിടെ പിടിച്ചു നിർത്തും. ഒന്നുമില്ലാതെ ഈ നഗരത്തില്‍ വന്ന് വിജയം കൊയ്തവരുടെ കഥകൾ പറഞ്ഞു തരും ചെന്നൈ.

പെരംമ്പൂരിലെ ഒരു വീട്ടിൽ നിന്നും മുഷിഞ്ഞ ഷര്‍ട്ടും ധരിച്ച് 15 കിലോമീറ്റര്‍ നടന്ന് ആൽവാർപേട്ടിൽ വന്ന ഒരു ചെറുപ്പക്കാരനുണ്ടായിരുന്നു. സിനിമാക്കാർ താമസിക്കുന്ന പെരംമ്പൂരിലെത്തുമ്പോൾ അവൻ മുഖം കഴുകി കയ്യിൽ കരുതിയിരുന്ന നല്ല ഷർട്ടിടും. പിന്നീട് തമിഴകത്തിന്റെ മക്കള്‍ തിലകമായി മാറിയ എംജി ആറായിരുന്നു അത്.

ആറു വർഷം അങ്ങനെ കടന്നു പോയി. ആലീസ് എന്ന പെൺകുട്ടി എന്റെ ജീവിതത്തിലേക്ക‌ു കടന്നു വന്നു. ഞങ്ങൾക്ക് റിച്ചാര്‍ഡ് എന്ന മകൻ ജനിച്ചു. റിച്ചാർഡ് നല്ല സുന്ദരനായിരുന്നു. അന്ന് ഒരു പാടു പേർ ചോദിച്ചിട്ടുണ്ട് ഈ കുട്ടിയെ അഭിനയിക്കാൻ വിടാമോ എന്ന്. അന്ന് ഞങ്ങൾ പറഞ്ഞു, ‘ അയ്യോ കുട്ടികളെ എങ്ങനെയാ സിനിമയിൽ വിടുന്നതെന്ന്.’റിച്ചാർഡിന് രണ്ടു വയസ്സുളളപ്പോഴാണ് ശാലിനി ജനിക്കുന്നത്. ഞങ്ങളുടെ ജീവിതം മാറിമറിഞ്ഞത് പെട്ടെന്നാണ്.

ajith-shalini

ശാലിനിക്കാലം വീട്ടിലെ ഒരു വലിയ കോഴിയെ ശാലിനി എടുത്തപ്പോൾ ഞാൻ അതു ക്യാമറയിൽ പകര്‍ത്തി. ആർക്കും ഇഷ്ടം തോന്നുന്ന ഒരു ചിത്രം. ഞങ്ങൾ വാടകയ്ക്കു താമസിച്ചിരുന്ന വീടിന്റെ ഉടമസ്ഥർക്ക് സിനിമയിൽ പരിചയമുണ്ട്. അവരും ആ ഫോട്ടോയുടെ കോപ്പി വാങ്ങി. ആ ഫോട്ടോ നവോദയയുടെ ഓഫീസിലെത്തി. മാമാട്ടിക്കുട്ടിയമ്മയെ തിരയുകയായിരുന്നു നവോദയ അന്ന്. ഒരു ദിവസം ഞാന്‍ ജോലി ചെയ്യുന്ന കടയിലേക്ക് നവോദയയുടെ ഓഫീസില്‍ നിന്നൊരു ഫോൺ. ‘ഹലോ, ബാബുവല്ലേ ? മോളെ ഓഫീസില്‍ കൊണ്ടുവരാമോ?

ആരെയും ഒറ്റ നിമിഷം കൊണ്ട് കയ്യിലെടുക്കുന്ന മിടുക്കിക്കുട്ടിയാണ് ശാലിനി. നവോദയയുടെ ഓഫീസിൽ ജിജോ ഉണ്ടായി രുന്നു. ആ മുറിയിലേക്കു ചെന്നു കയറിയതും ശാലിനി ‘ഇതെന്തിനാ അങ്കിള്‍ ഈ തലയിൽ കെട്ട്’ എന്നു ചോദിച്ച് ജിജോയുടെ തലയിലെ കെട്ടഴിച്ചു മാറ്റി. എത്രയോ കാലമായി അവരെയെല്ലാം പരിചയമുളളതു പോലെയാണ് പെരുമാറിയത്. മോളുടെ സംസാരവും കളിയും ചിരിയും കണ്ട് അപ്പോഴേ അവര്‍ ഉറപ്പിച്ചു, ശാലിനിയെ. ‘‘ 20 ദിവസം ഞങ്ങളുടെ ഒപ്പമുണ്ടാവണം. 4000 രൂപ തരും. ഈ വർഷത്തെ അവാർഡും മോള്‍ക്കായിരിക്കും. അപ്പച്ചൻ പറഞ്ഞു.

ഷൂട്ടിങ്ങിനു തലേന്ന് ആലപ്പുഴയിലെത്തുമ്പോഴാണ് ഫാസിലിനെ ആദ്യമായി കാണുന്നത്. മാമാട്ടിക്കുട്ടിയായി ഒരുപാടു കുട്ടികളെ നോക്കി മടുത്തിരിക്കുമ്പോഴാണ് ഫാസിലിനോട് ശാലിനിയെക്കുറിച്ച് അപ്പച്ചൻ പറയുന്നത്. ഫാസിലും ശാലിനി യുമായി പെട്ടെന്ന് കൂട്ടായി. ഏറ്റവും നന്നായി അഭിനയിച്ചു കാണിച്ചുകൊടുക്കുന്ന സംവിധായകനാണ് ഫാസിൽ.

സിനിമ വൻ വിജയമായപ്പോൾ അപ്പച്ചന്‍ പറഞ്ഞു, ഇനിയും കുറച്ചു ദിവസം നിങ്ങൾ ഞങ്ങൾക്കൊപ്പം വരണം. എല്ലാ തിയറ്ററിലും മാമാട്ടിക്കുട്ടിയമ്മ നേരിട്ടു ചെല്ലുന്നു.’ ആളുകൾ സ്നേഹ ചുംബനങ്ങള്‍ കൊണ്ട് പൊതിയുകയായിരുന്നു ആ യാത്രയിൽ. ശാലിനിയുടെ ചിരി കാണാൻ ആളുകൾ മണിക്കൂറുകളോളം കാത്തു നിൽക്കുന്നു. വല്ലാത്ത അനുഭവമായിരുന്നു ഞങ്ങൾക്കെല്ലാം.

മമ്മൂട്ടിയും ജയപ്രദയും അഭിനയിക്കുന്ന ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം ഞാൻ ഇപ്പോഴും ഓർക്കുന്നു. കൊച്ചിൻ ഷിപ്പയാർഡിന്റെ പരിസരത്താണ് ഷൂട്ടിങ്. വില്ലൻമാരുടെ സംഘം ശാലിനിയെ വെളളത്തിലേക്കു വലിച്ചെറിയുന്ന ഷോട്ട് എടുക്കണം. ഷൂട്ടിങ് കാണാൻ വലിയ ജനക്കൂട്ടം തന്നെയുണ്ട്. അവര്‍ സമ്മതിക്കുന്നില്ല ആ ഷോട്ട് എടുക്കാൻ. ശാലിനിക്ക് എന്തെങ്കിലും അപകടം സംഭവിക്കുമോയെന്ന പേടിയാണ്. എല്ലാ സുരക്ഷിതത്വവും ഉറപ്പു വരുത്തിയിട്ടുണ്ടെന്നു ഞാൻ പറഞ്ഞിട്ടും ജനം സമ്മതിക്കുന്നില്ല. ഒടുവിൽ ആ ഷോട്ട് ഉപേക്ഷിച്ചു. എല്ലാവരുടെയും ജീവന്റെ ജീവനായി ഞങ്ങളുടെ മകൾ മാറുന്നതു കണ്ട് സന്തോഷം തോന്നി. അപ്പോഴേക്കും ശ്യാമിലി ജനിച്ചു.

വീണ്ടും പൂക്കാലം വരവായി

ശാലിനി ഞങ്ങളുടെ ഇല്ലായ്മകൾക്കു നടുവിലേക്കു പിറന്നു വീണ മകളായിരുന്നുവെങ്കിൽ ശ്യാമിലി വരുന്നത് സമ്പദ് സമൃദ്ധിയുടെ നടുവിലേക്കാണ്. കോടമ്പാക്കത്ത് ഞങ്ങൾ സ്‌ഥലം വാങ്ങി വീടു വെച്ചു. സ്വന്തമായി കാർ വാങ്ങി. മക്കളുടെ ഫോട്ടോയെടുത്തു കൂട്ടുക എന്ന എന്റെ ഹോബി അപ്പോഴും തുടർന്നു. ശ്യാമിലിയുടെ ചിത്രങ്ങൾ സുഹാസിനി കണ്ടു മണിരത്നം അപ്പോൾ മാനസികവൈകല്യമുളള ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി അഞ്ജലി എന്ന സിനിമ പ്ലാൻ ചെയ്യുക യാണ്. മണിരത്നത്തോട് ശ്യാമിലിയെക്കുറിച്ചു പറയുന്നത് സുഹാസിനിയാണ്. അടുത്ത ദിവസം സുഹാസിനി വിളിച്ചു, പാപ്പാവെ ഒന്ന് വീട്ടിൽ കൊണ്ടുവരാമോ?

ശ്യാമിലിക്ക് അന്ന് ഒരുപാടു മുടിയുണ്ട്. നല്ല ചുരുണ്ട മുടി. മണിരത്നം ശ്യാമിലിയുടെ മുടി അഴിച്ചിട്ടു. വീട്ടിലൂടെ അവൾ ഓടി നടന്നു. കഷ്ടിച്ച് ഒന്നര വയസ്സേയുള്ളൂ ശ്യാമിലിക്ക്. മാനസിക വൈകല്യമുളള കുട്ടിയായാണ് അഭിനയിക്കേണ്ടത്. മണിരത്നം ഒരു കസെറ്റ് തന്നു. അണ്ണാനഗറിലെ ഒരു അനാഥാലായത്തിൽ കഴിയുന്ന മാനസിക വൈകല്യമുളള കുട്ടിയുടെ ദൃശ്യങ്ങൾ. മണിരത്നം പറഞ്ഞു, ഈ കുട്ടി ചെയ്യുന്നതിന്റെ പകുതിയെങ്കിലും കിട്ടണം. ഞാൻ ഉറപ്പു പറഞ്ഞു, നൂറ് ശതമാനവും ശ്യാമിലി ചെയ്യും.

അഞ്ജലിയുടെ ഷൂട്ടിങ്ങിനിടയിലാണ് മാളൂട്ടിയിലേക്ക് ഭരതൻ വിളിക്കുന്നത്. അഞ്ജലിയിൽ ബുദ്ധിമാന്ദ്യമുളള കുട്ടിയെപ്പോലെ തോന്നിപ്പിക്കാൻ മുഖത്തൊരു ക്ലിപ്പുണ്ട്. അഭിനയസാധ്യതയുളള വേഷമാണ്. മാളൂട്ടിയിലാണെങ്കിൽ ആ കുഴിയിൽ അകപ്പെട്ട ശേഷമുളള സീനുകളിൽ മണ്ണും ചെളിയും പ്രാണികളുമെല്ലാം മുഖത്തേക്കു വന്നു വീഴും. ശ്യാമിലി തെലുങ്കിൽ അഭിനയിച്ച സിനിമകളിൽ കൂടുതലും ദൈവിക സിദ്ധിയുളള കുട്ടിയുടെ വേഷമായിരുന്നു. മിക്ക സിനിമകളിലും പാമ്പുകൾക്കൊപ്പമാവും അഭിനയിക്കേണ്ടി വരിക. ഓസൈ എന്ന സിനിമയില്‍ ഒരു മുറിയിൽ 200 പാമ്പുകള്‍ക്കു നടുവിലാണ് ശ്യാമിലി. പാമ്പിന്റെ വായ കെട്ടിയിട്ടുണ്ട്. നമുക്കു പേടി തോന്നും മോൾക്കെന്തെ ങ്കിലും അപകടം സംഭവിക്കുമോയെന്ന്.

aijay-ajith-shalini

ശാലിനിയിൽ നിന്നു തികച്ചും വ്യത്യസ്തയായിരുന്നു ശ്യാമിലി. ശാലിനി ലൊക്കേഷനില്‍ ആരുമായും പെട്ടെന്നു കൂട്ടാവും. ശ്യാമിലി അധികം ആരോടും സംസാരിക്കില്ല. ശാലിനിയെപ്പോലെ മലയാളത്തില്‍ ഒരുപാടു സിനിമകളിൽ ശ്യാമിലി അഭിനയിച്ചില്ല. തെലുങ്കിലായിരുന്നു ശ്യാമിലി കൂടുതൽ സിനിമകളില്‍ അഭിനയിച്ചത്.

വീണ്ടും ശാലിനി, ഇനി ശ്യാമിലി....

കുട്ടികൾക്ക് കുട്ടിത്തം നഷ്ടമാവും മുമ്പേ അഭിനയം നിർത്തണം എന്ന കാര്യത്തില്‍ എനിക്കു നിർബന്ധമുണ്ടായിരുന്നു. അവർക്കു പഠനം നഷ്ടപ്പെടാൻ പാടില്ല. പഠിത്തം കഴിഞ്ഞു തിരിച്ചുവരു മ്പോൾ വേണമെങ്കിൽ സിനിമ തന്നെ തിരഞ്ഞെടുക്കാമല്ലോ?

Shamily

ശാലിനിക്ക് ആരും കൊതിക്കുന്നൊരു തിരിച്ചുവരവ് കിട്ടി. ബേബി ശാലിനിയെ അഭിനയിക്കാന്‍ പഠിപ്പിച്ച അതേ ഫാസിലിന്റെ സിനിമ. മാമാട്ടിക്കുട്ടിയമ്മയെപ്പോലെ ആർക്കും ആദ്യ കാഴ്ചയിൽ തന്നെ സ്നേഹം തോന്നുന്ന അനിയത്തിപ്രാ വായി. വീണ്ടും ശാലിനിയുടെ ദിനങ്ങൾ.... തമിഴിൽ കതലുക്ക് മര്യാദയും അലയ്പായുതേയും മറ്റുമിറങ്ങി തിളങ്ങി നിൽക്കു മ്പോഴാണ് അജിതിനൊപ്പം അമര്‍ക്കളം എന്ന സിനിമയിൽ അഭിനയിക്കുന്നത്. ആദ്യ ഷോ‌ട്ടിൽ അജിത് കത്തിയെടുത്ത പ്പോള്‍ അബദ്ധത്തിൽ ശാലിനിയുടെ കയ്യിൽ കൊണ്ട് കൈ മുറിഞ്ഞു രക്തം വന്നു. ചോര കണ്ടാൽ ആ സിനിമ സൂപ്പർ ഹിറ്റാവുമെന്നാണ് സിനിമയിലെ വിശ്വാസം. അതിലും വിജയക രമായ ഒരു ദാമ്പത്യ ബന്‌ധത്തിനു പക്ഷേ, ആ സിനിമ കാരണമായി. ഇഷ്ടമാണ് എന്ന് അജിത് പറഞ്ഞപ്പോൾ ശാലിനി പറഞ്ഞത് അച്ഛനോടു സംസാരിക്കൂ എന്നാണ്. നല്ല പയ്യനാ ണെന്ന് എല്ലാവരും പറഞ്ഞു. ഉള്ളിന്റെ ഉ‌ളളിൽ മോൾക്കും അജിതിനെ ഇഷ്ടമാണെന്നു തോന്നി. ഇനി വീണ്ടും ശ്യാമിലി യുടെ ഊ‌ഴമാണ്. ആഴ്ചകൾക്കു മുമ്പ് ശ്യാമിലി സിംഗപ്പൂരിലെ തന്റെ പഠനം പൂര്‍ത്തിയാക്കി തിരിച്ചു വന്നു. കുറേ സിനിമകളുെട കഥകൾ കേട്ടു.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.