Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബേബി അല്ല, ഇനി ശ്യാമിലി

shamili

കല്യാണപ്രായമെത്തിയിട്ടും ശ്യാമിലിയെ ‘ബേബി ശ്യാമിലി’ എന്നു വിളിക്കാനാണ് മലയാളികൾക്കിഷ്ടം. ആ പേര് കേൾക്കുമ്പോൾ ‘മാളൂട്ടി’യിലെ കുട്ടിയുടുപ്പിട്ട കുസൃതിക്കുരുന്നിന്റെ മുഖമാണ് മനസ്സിലേക്കെത്തുക. അന്നത്തെ ആ രണ്ടു വയസ്സുകാരി മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ എന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി.

നോക്കിലും വാക്കിലും ശാലീനതയുള്ള ശാലിനിയെയും മുഖത്ത് നിഷ്ക്കളങ്കത ആവശ്യത്തിലേറെയുണ്ടായിരുന്ന കുഞ്ചാക്കോ ബോബനെയും ഫാസിൽ അനിയത്തിപ്രാവിലൂടെ മലയാളികൾക്ക് പരിചയപ്പെടുത്തി തന്നിട്ട് ഏതാണ്ട് 20 കൊല്ലമാകുന്നു. ശാലിനിയുടെ അനിയത്തിപ്രാവായ ശ്യാമിലിക്കും സിനിമയിൽ ഇണപ്രാവാകുന്നത് അതേ ചാക്കോച്ചൻ തന്നെ. ‘അനിയത്തിപ്രാവ് ’പൂർണമായും ഒരു പ്രണയചിത്രമായിരുന്നെങ്കിൽ ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ യിൽ പ്രണയം ഒരു അദ്ധ്യായം മാത്രമാണ്. 1990–കളിലെ കഥയാണ് ചിത്രം പറയുന്നത്. കോസ്റ്റ്യൂമും മേക്കപ്പുമൊക്കെ ആ കാലത്തിനനുസരിച്ചുള്ളത്.

chakochan-shamili

ഒരു ദേശീയ അവാർഡും വിവിധ സംസ്ഥാനങ്ങളുടെ 4 അവാർഡുകളും ശ്യാമിലിയുടെ ചെന്നൈയിലെ വീട്ടിൽ ഭദ്രമായി ഇരിപ്പുണ്ട്. അവാർഡെന്തെന്ന് മനസ്സിലാകാത്ത പ്രായത്തിൽ, അതായത് രണ്ടര വയസ്സുള്ളപ്പോഴാണ് ദേശീയ അവാർഡ് കിട്ടുന്നത്. വാങ്ങുമ്പോൾ അതിന്റെ വിലയറിയാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ട് ശ്യാമിലിക്ക്.

വിഷ്വൽ കമ്യൂണിക്കേഷനാണ് ശ്യാമിലി പഠിച്ചത്. ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയും അതിൽ തന്നെ. പഠനത്തിനിടെ അഭിനയിക്കേണ്ട എന്ന് തീരുമാനിച്ചിരുന്നു. സംവിധായകൻ സിദ്ദിഖ് തന്റെ ബോർഡി ഗാർഡ് എന്ന സിനിമയിലേക്ക് വിളിച്ചതാണ്. അന്ന് അതിൽ അഭിനയിക്കാമെന്ന് സമ്മതിച്ചതുമാണ്. പക്ഷേ ചിത്രത്തിന്റെ ഷൂട്ടിങ് മാറ്റി വച്ചതോടെ അതിൽ നിന്ന് പിന്മാറി.

shamili-anoushka

ഛായാഗ്രാഹകനായ ആനന്ദക്കുട്ടനാണ് ഫാസിലിന് ശാലിനിയെ പരിചയപ്പെടുത്തി കൊടുക്കുന്നത്. ആദ്യ കാഴ്ചയിൽ തന്നെ അദ്ദേഹം പറഞ്ഞു. ഇവൾ തന്നെ എന്റെ അനിയത്തിപ്രാവ്. ‘വള്ളീം തെറ്റി പുള്ളീം തെറ്റി’ യിലേക്ക് ചാക്കോച്ചനാണ് ശ്യാമിലിയെ ക്ഷണിക്കുന്നത്. പുതുമുഖത്തെ തേടി നടന്ന ചിത്രത്തിന്റെ അണിയറക്കാരോട് ചാക്കോച്ചൻ തന്നെയാണ് ശ്യാമിലിയെക്കുറിച്ച് പറയുന്നതും. പഠനം കഴിഞ്ഞ് വീട്ടിൽ വെറുതെ നിൽക്കുന്ന സമയമായതിനാൽ കേട്ടപാടെ സമ്മതം മൂളി.

അനിയത്തിയുടെ നായികാ വേഷത്തെ ഏറെ പ്രതീക്ഷയോടെയാണ് ശാലിനി കാണുന്നത്. വിവാഹമൊക്കെ കഴിഞ്ഞാൽ പിന്നെ അഭിനയത്തിനൊന്നും സമയം കിട്ടില്ല. അതുകൊണ്ട് അഭിനയിക്കുന്നെങ്കിൽ ഇൗ സമയത്ത് ആയിക്കോ എന്ന ചേച്ചിയുടെ ഉപദേശമാണ് ശ്യാമിലിക്ക് വഴികാട്ടി. ചാക്കോച്ചന്റെ നായികയാണെന്നു കൂടി അറിഞ്ഞപ്പോൾ ചേച്ചി വളരെ ഹാപ്പി. കാരണം ചാക്കോച്ചൻ ശാലിനിയുടെയും മാതാപിതാക്കളുടെയുമൊക്കെ ഉറ്റ സുഹൃത്താണ്.

shamili

ശ്യാമിലിയുടെ ഇൗ തിരിച്ചു വരവിൽ ഏറെ സന്തോഷിക്കുന്ന മറ്റൊരാളുണ്ട്. അനിയത്തിക്കുട്ടി നായികയാവുന്നതിന്റെ ത്രില്ലിലാണ് ശാലിനിയുടെ ഭർത്താവായ തമിഴ് സൂപ്പർ താരം അജിത്. മലയാളികളുടെ സ്വന്തം തല. ചെന്നൈയിലെ വീട്ടിൽ‌ ചെറിയൊരു ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമിക്കുന്ന അദ്ദേഹത്തിന് ഒറ്റ നിർബന്ധമേയുള്ളു. ഒരിക്കലും വെറുതെ ഇരിക്കരുത്. എപ്പോഴും എന്തെങ്കിലുമൊക്കെ ചെയ്തു കൊണ്ടിരിക്കുക.

Shamili, Babu, Shalini

അഭിനയിക്കാൻ അജിത് നേരത്തെ മുതൽ തന്നെ പറയുന്നുണ്ട്്. വിവാഹം കഴിഞ്ഞാൽ കുടുംബജീവിതം. അതിനു മുമ്പ് അഭിനയം. തമിഴകത്തിന്റെ തലയ്ക്ക് കാറുകളോടെന്ന പോലെ കാമറകളോടും പണ്ടു മുതലെ പ്രണയമാണ്. തന്റെ കാമറയിൽ അജിത് തന്നെയാണ് ശ്യാമിലിയുടെ ആദ്യ ഫോട്ടോഷൂട്ടും നടത്തിയത്. ഏട്ടൻ വീട്ടിലാണെങ്കിലും എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കും. ഒന്നുകിൽ അടുക്കളയിൽ, അല്ലെങ്കിൽ പൂന്തോട്ടത്തിൽ. ഡോക്ടർമാർ വിശ്രമം നിർദേശിച്ചിട്ടും കുട്ടികൾക്കൊപ്പം കളിക്കുകയാണ് ഇപ്പോഴത്തെ വിനോദം. ശ്യാമിലി പറയുന്നു.

shamili-old

അഭിനയം ഒരു പ്രൊഫഷനാക്കണമെന്ന് ആഗ്രഹം തോന്നിയിട്ടില്ല. തമിഴിലും തെലുങ്കിലുമൊക്കെയായി അവസരങ്ങൾ ഒരുപാടു വന്നു. പക്ഷേ ഗ്ലാമറസ് റോളുകൾ സ്വീകരിക്കാൻ താൽപര്യമില്ലാതിരുന്നതു കൊണ്ട് അഭിനയിച്ചില്ല. ഞാൻ വളർന്നത് സിനിമാക്കാർക്കിടയിൽ സിനിമയെ അടുത്ത് കണ്ടാണ്. പഠിച്ചതും സിനിമ തന്നെ. അതു കൊണ്ട് ഇനിയും ഏതെങ്കിലുമൊക്കെ രൂപത്തിൽ സിനിമ എന്നോടൊപ്പം തന്നെ കാണും. വള്ളിയും പുള്ളിയും തെറ്റാതെ ഉറച്ച സ്വരത്തിൽ ശ്യാമിലി പറയുന്നു.

Your Rating: