Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

താരങ്ങൾ കെട്ടിയിറക്കിയ സ്ഥാനാർഥികളല്ല: ഷീല

sheela

സിനിമാ താരങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കട്ടെ എന്ന് നടി ഷീല. താരങ്ങൾക്ക് പണം ആവശ്യമില്ല, പ്രശസ്തിയും വേണ്ട. പിന്നെ അവർ മത്സരിക്കാൻ തയ്യാറാകുന്നുണ്ടെങ്കിൽ അത് ജന സേവനത്തിന് വേണ്ടിയാണ്. അത് ജനങ്ങൾ മനസിലാക്കണം. അല്ലാതെ അവരെ കെട്ടിയിറക്കിയ സ്ഥാനാർഥികളെന്നു പറയുന്നതിൽ അർഥമില്ല. കലാകാരന്മാർ മനസിൽ നന്മയുള്ളവരാണ്. ഷീല മനോരമ ഒാൺലൈനോട് പറഞ്ഞു.

കെപിഎസി ലളിത മത്സരത്തിൽ നിന്ന് പിന്മാറരുതെന്ന അഭിപ്രായമാണ് എനിക്കുള്ളത്. അവരുടേത് നല്ല മനസാണ്. അവർ മത്സരിക്കേണ്ടെന്ന് പറയുന്നവർ അവരുടെ സിനിമയും കാണരുത്. നല്ല ആളുകളെ മത്സരിപ്പിക്കാൻ അനുവദിക്കില്ല. പിന്നെ എങ്ങനെ നാടു നന്നാവും?

എന്നെ മത്സരിക്കാൻ പല പാർട്ടികളും പ്രമുഖരും സമീപിച്ചു, നിർബന്ധിച്ചു. വലിയ പദവികളും വാഗ്ദാനം ചെയ്തു. പക്ഷേ ഞാൻ തയ്യാറല്ല. ഒരു പാർട്ടിക്കുവേണ്ടിയും മത്സരിക്കില്ല. പാർട്ടിയുടെ പിൻബലമില്ലാതെ ജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടാനാണ് എനിക്കിഷ്ടം.

താരങ്ങൾ മത്സരിക്കുന്നത് എനിക്കിഷ്ടമാണ്. ജനങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി അവരെ സമീപിക്കാമല്ലോ? അവരെല്ലാം മനുഷ്യത്വമുള്ളവരാണ്. സിനിമയിൽ നിന്ന് കൂടുതൽ സ്ത്രീകൾ മത്സര രംഗത്തേക്ക് വരണം. വോട്ടു ചോദിക്കാൻ വരുന്ന സ്ഥാനാർഥികളുടെ അടുത്ത് നിന്ന് ജനങ്ങൾ ഇന്ന കാര്യങ്ങൾ സാധിച്ചു തരണമെന്ന് പറഞ്ഞ് ഒപ്പിട്ടു വാങ്ങണമെന്നാണ് എന്റെ അഭിപ്രായം. ഉദാഹരണത്തിന് മാലിന്യം സംസ്ക്കരിക്കാൻ വഴിയുണ്ടാക്കാമെന്നു പറ‍ഞ്ഞ മന്ത്രി അതു ചെയ്തു തന്നില്ലെങ്കിൽ അവരുടെ വീടിനു മുന്നിൽ ‍കൊണ്ട് മാലിന്യം നിക്ഷേപിക്കണം.

ജനപ്രതിനിധികൾ കാര്യം നടത്തിത്തരുന്നില്ലെങ്കിൽ അതിന് കുറ്റം പറയേണ്ടത് ജനങ്ങളെയാണ്. ജനങ്ങൾ തങ്ങളുടെ പ്രശ്നങ്ങൾ എല്ലാം മറക്കും. പിന്നെയും പോയി അവർക്ക് തന്നെ വോട്ടു ചെയ്യും. കാര്യങ്ങൾ നടത്തിയെടുക്കാനുള്ള ആർജവം ജനങ്ങൾക്ക് വേണം. സിനിമാക്കാർ വരുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് യഥാർഥത്തിൽ ഇഷ്ടമുള്ള കാര്യമായിരുന്നില്ല. എന്നാൽ ഇപ്പോൾ ഇൗ പ്രവണത മാറി വരുന്നതിൽ സന്തോഷമുണ്ടെന്നും ഷീല മനോരമ ഒാൺലൈനോട് പറഞ്ഞു.

Your Rating: