Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയിൽ‌ മരണം രംഗബോധമില്ലാത്ത കോമാളി

demise-malayalam

‘നിൻ പാദമുദ്ര പതിഞ്ഞു കിടക്കും

നിശാന്തവീഥികളിൽ

സ്മരണകൾകൊണ്ട് കൊളുത്താം ഞാനീ

കനകകൈത്തിരിനാളം’

ഈ വരികൾ ഒരു സ്മരണാഞ്ജലിയായി അർപ്പിച്ചുകൊണ്ടിരിക്കുകയാണ് കലാകേരളം കഴിഞ്ഞ ഒരു മാസത്തിലധികമായി. ഓരോ മരണവാർത്തയ്ക്കുമൊപ്പം ടിവിയിലെ സ്ക്രീനിൽ തെളിഞ്ഞത് വർഷങ്ങളായി മലയാളികൾ സ്വരുക്കൂട്ടിവച്ച സ്നേഹമെല്ലാം ഏറ്റുവാങ്ങിയത് ഓരോ മുഖങ്ങളായിരുന്നു.

മഞ്ഞുവീഴാൻ കാത്തു നിന്ന ഒരു ജനുവരി ദിവസത്തിന്റെ പുലർവേളകളിൽ ഒന്നിൽ സിനിമ ലോകം ഞെട്ടലോടെ കേട്ടതു നടി കൽപനയുടെ മരണമായിരുന്നു. ഒരു ഘോഷയാത്രയായി മരണവാർത്തകൾ എത്താൻ പോകുന്നതിന്റെ തുടക്കം മാത്രമായിരുന്നു അതെന്നു അപ്പോൾ ആരും അറിഞ്ഞിരുന്നില്ല. ‘അടിക്കുത്തരം മുറിപ്പത്തൽ’ എന്ന മട്ടിൽ ജീവിച്ച കൽപനയോട് എല്ലാവർക്കും സ്നേഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അപാരമായ അഭിനയ പാടവം ഉണ്ടായിരുന്ന ഈ അഭിനേത്രി, അഭ്രപാളികളിൽ അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ ഒരുപിടി കഥാപാത്രങ്ങൾ മോഹമായി ബാക്കി വച്ചാണ് ‘ഹൃദയസ്തംഭനം’ എന്ന വില്ലനു മുന്നിൽ കീഴടങ്ങിയത്.

പാതിക്ക് നിലച്ചുപോയ ഒരു പാട്ടായി ഷാൻ ജോൺസൺ എന്ന സംഗീത പ്രതിഭയുടെ മരണമായിരുന്നു പിന്നീട് സിനിമ ലോകത്തെ ഞെട്ടിച്ചത്. ജോൺസൺമാസ്റ്റർ എന്ന പ്രതിഭയുടെ സംഗീത നാദങ്ങളുടെ തുടർച്ച വീണ്ടും ഒരു നിമിഷത്തേക്കെങ്കിലും ഷാനിലൂടെ കേൾക്കാമെന്നു കാത്തിരിപ്പു തുടർന്ന മലയാളിക്കേറ്റ അടുത്ത അടി. പൊന്നുരുക്കുന്ന പാട്ട് പൂക്കാലങ്ങൾ തന്നെ തേടി വരുന്നത് ആഗ്രഹം മാത്രമാക്കി ഷാൻ ജോൺസൺ യാത്രയായതും ‘ഹൃദയ സ്തംഭനം’ എന്ന രോഗത്തിന്റെ വിളിയൊച്ചയിലായിരുന്നു.

ഒരു കുടന്ന നിലാവുകൊണ്ട് നിറുകയിൽ കുളിർ തീർഥമാടിയ നിശകൾക്കും നിഴലുമായി ചേർന്നു നൃത്തം ചെയ്ത പകലുകൾക്കുമൊക്കെ യാത്ര തുടരാൻ ശുഭയാത്ര നേർന്നുകൊണ്ട് ഒഎൻവി മാഷും ഒരു ഫെബ്രുവരിയുടെ നഷ്ടമായി കത്തുന്ന ഓർമ്മയായി. ഇക്കുറിയും വില്ലനായത് ഹൃദയ സ്തംഭനമായിരുന്നു. അരനൂറ്റാണ്ടിലേറെക്കാലമായി ഒരു സ്നേഹമായി നമുക്കരികിൽ നിന്നുകൊണ്ട് വാക്കുകളുടെ അമൃതവർഷം പെയ്യിച്ച കവിവര്യൻ യാത്രയായപ്പോൾ സഹൃദയരുടെ കലാലോകം ആ കാവ്യ ഗുരുവിനുവേണ്ടി ‘തരൂ ഒരു ജന്മം കൂടി’ എന്നു ദൈവത്തോടു പ്രാർഥിച്ചു. വിഷുപ്പക്ഷി പാടുന്നത് വിഷാദാർദ്രമായാണെന്നു നമുക്കു മനസിലാക്കുന്നത് ഈ വിഷുക്കാലത്താണ്.

ഫ്രെയ്മുകൾക്കു വർണങ്ങൾ ചാലിച്ചു നൽകിയ ആനന്ദക്കുട്ടൻ എന്ന ക്യാമറമാനായിരുന്നു മരണത്തിന്റെ അടുത്ത ഊഴത്തിൽ. മുന്നൂറിലധികം സിനിമകൾക്കു ക്യാമറ ചലിപ്പിച്ച ആനന്ദക്കുട്ടൻ മലയാളികൾക്ക് എക്കാലവും ഹൃദയത്തിൽ സൂക്ഷിക്കാൻ ‘ഹിസ് ഹൈനസ് അബ്ദുള്ള’, ‘ ഭരതം’ എന്നിങ്ങനെ തുടരുന്ന നിരവധി സിനിമകൾ സമ്മാനിച്ചു. ഏറെക്കാലമായി രോഗബാധിതനായിരുന്ന അദ്ദേഹവും ഈ ഫെബ്രുവരിയിൽ നമ്മെ വിട്ടകന്നു. ഒട്ടേറെ ചിത്രങ്ങളെ സംഗീത സാന്ദ്രമാക്കിയ രാജാമണിയും പിന്നാലെ നമ്മെ വിട്ടു പോയി. അതും ആരും പ്രതീക്ഷിക്കാത്ത നേരത്ത്.

മലയാള സിനിമയിൽ ‘ന്യൂ ജനറേഷൻ’ എന്ന വാക്കു ഉപയോഗിച്ചു തുടങ്ങിയതിനു കാരണമായ സിനിമകളിൽ പ്രമുഖ സ്ഥാനമാണ് ‘ ‘ട്രാഫിക്കി’ന്. പുതിയ ഒരു ശ്രേണിയിലുള്ള സിനിമകൾക്കു കാരണമായതോടൊപ്പം മികവുറ്റ ഒരു സംവിധായകനേയും ആ സിനിമ കലാലോകത്തിന് നൽകി. രാജേഷ് പിള്ള എന്ന യുവ സംവിധായകന് തന്റെ സ്വപ്നങ്ങൾക്കൊരു ഇടമാണ് ആ സിനിമ ഉണ്ടാക്കിക്കൊടുത്തത്. ആ സ്വപ്നങ്ങളെ ഇന്ത്യ മുഴുവൻ എത്തിക്കാനുള്ള തത്രപ്പാടിൽ അദ്ദേഹം. സിനിമ എന്ന അടക്കാനാവാത്ത ആഗ്രഹം മനസ്സിൽ പേറിയ രാജേഷ് അകാലത്തിൽ നമ്മളെ വിട്ടുപിരിയുകയായിരുന്നു. പിന്നാലെ ആദ്യ ‘വേട്ട’ ഒരുക്കിയ മുതിർന്ന സംവിധായകനായ മോഹൻരൂപും നമ്മെ വിട്ടു പോയി.

മരണം രാജേഷിനേയും കൊണ്ടുപോയി ഒരാഴ്ച കഴിയുമ്പോഴാണ് സിനിമ ലോകത്തിനു വിശ്വസിക്കാനാവാത്ത മറ്റൊരു മരണ വാർത്തകൂടി എത്തുന്നത്. ഇത്തവണ അത് നാടൻ പാട്ടിലൂടെ നമ്മെ ചിന്തിപ്പിക്കുകയും കോമഡിയിലൂടെ ചിരിപ്പിക്കുകയും അഭിനയത്തിലൂടെ കരയിപ്പിക്കുകയും ചെയ്ത സാക്ഷാൽ കലാഭവൻ മണിയായിരുന്നു. ജീവിതം അതിന്റെ ഉച്ചസ്ഥായിയിലായിരുന്നു മണിക്കെപ്പോഴും. ലോലമായ മനസും അതിൽ ഒരു ഗ്രാമീണന്റെ സ്നേഹം മുഴുവനും കരുതിവച്ചൊരാൾ. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിഇല്ലായ്മയും.

സാമൂഹ്യപാഠം, സദയം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച നടൻ സുധാകരൻ (സുധീഷിന്റെ അച്ഛൻ), പ്രശസ്ത നിർമാതാവ് എം ഒ ജോസഫ്, പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ വി ആർ ഗോപാലകൃഷ്ണൻ, തിരക്കഥാകൃത്ത് മണി ഷൊർണൂർ എന്നിവരും ഈ വർഷം ആദ്യം നമ്മെ വിട്ടു പിരിഞ്ഞിരുന്നു.

‘ജനകൻ’ എന്ന സുരേഷ്ഗോപി ചിത്രത്തിന്റെ സംവിധായകനായ സജി പേരാവൂർ മസ്തിഷ്ക രക്ത സ്രാവത്തെത്തുടർന്ന് കഴിഞ്ഞ ദിവസം അന്തരിച്ചതോടെ ‘ഇനിയാര് എന്ന’ ഭയത്തിലാണ് സിനിമാ ലോകം? ഈ മരണശ്രേണി ഇവിടെ അവസാനിക്കട്ടെയെന്നാണ് എല്ലാവരുടെയും പ്രാർഥന.

ഒരുപാട് സ്നേഹം കൊടുത്ത ഒരുപിടി കലാകാരന്മാർ ഒരു മുന്നറിയിപ്പുമില്ലാതെ കടന്നു പോയതിന്റെ ഞെട്ടലിലും രോഗത്തിന്റെ മൂർധന്യതയിൽ നിൽക്കുന്ന ചില കലാകാരന്മാരുടെ ആരോഗ്യത്തെ കുറിച്ചുള്ള ആശങ്കയിലുമാണ് ഇപ്പോൾ സിനിമാലോകം. സിനിമാലോകത്തെ ഓരോ മരണവും ഒരു ബ്രേക്കിങ് ന്യൂസ് ആയി നമുക്കു മുന്നിൽ ചാനലുകൾ എത്തിക്കുമ്പോൾ നമ്മളും ചോദിക്കുന്നുണ്ടല്ലോ ‘ ഈ മരണമെന്താ ഇങ്ങനെ?’. അതെ , മരണം രംഗബോധമില്ലാത്ത ഒരു കോമാളിയാണെന്നു എഴുതപ്പെട്ടിട്ട‌ുള്ളത് കൂടിയാണല്ലോ?

Your Rating: