Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ വിജയത്തിന് പ്രത്യേക മധുരം: ശ്യാമപ്രസാദ്

rajagopal-shyamaprasad

"പാർട്ടിയെക്കുറിച്ച് സംസാരിക്കുമ്പോൾ പാർട്ടിക്കുവേണ്ടി ചെയ്ത കാര്യങ്ങൾ ആലോചിക്കുമ്പോൾ തീർച്ചയായും ഞാൻ തൃപ്തനാണ്. ഒരായുസിന്റെ വലിയൊരു ഭാഗം ഞാൻ പാർട്ടിക്കുവേണ്ടി, പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി വിനിയോഗിച്ചു. അതിനു പാർട്ടി എനിക്കും വലിയ വലിയ സൗഭാഗ്യങ്ങൾ തന്നു. ഞാൻ അതിൽ കൃതാർത്ഥനാണ്."-(ജീവിതാമൃതം എന്ന ആത്മകഥയിൽ നിന്ന്)

ഒരു ജീവിതകാലം മുഴുവൻ രാഷ്ട്രത്തിനായി ആത്മസമർപ്പണം ചെയ്യുമ്പോൾ കുടുംബത്തിനുവേണ്ടിയും അതേപോലെ കർമനിരതരാകുവാൻ ഒരു രാഷ്ട്രീയക്കാരനു സാധിക്കണമെന്നില്ല. അങ്ങനെ ഒരു ജീവിതകാലം മുഴുവൻ രാഷ്ട്രീയക്കാരനായിരുന്ന ഒരച്ഛനെ മകൻ ഓർത്തെടുക്കുകയാണ് ഇവിടെ. കേരള നിയമസഭയിൽ ബി ജെ പി ക്ക് ആദ്യമായി ഒരു സീറ്റ് വിജയം നേടിക്കൊടുത്ത എം എൽ എ ഒ.രാജഗോപാലിനെക്കുറിച്ച് മകനും പ്രശസ്ത ചലച്ചിത്ര സംവിധായകനുമായ ശ്യാമപ്രസാദ്:

കുട്ടിക്കാലത്ത് അച്ഛൻ‍ ഞങ്ങളെ ഒന്നിനും നിർബന്ധിക്കില്ലായിരുന്നു. ഒരു മുഴുനീള രാഷ്ട്രീയ പ്രവർത്തകനായിരുന്നതുകൊണ്ട് അമ്മയാണ് ഞങ്ങളുടെ എല്ലാ കാര്യങ്ങളും വീട്ടുകാര്യങ്ങളും നോക്കിയിരുന്നത്.

വായന നന്നായുള്ള ഒരാളായിരുന്നു അച്ഛൻ. ഞങ്ങളുടെ ബാല്യത്തിൽ വീട്ടിൽ ധാരാളം പുസ്തകങ്ങളുണ്ടായിരുന്നു. സാഹിത്യാസ്വാദനത്തിനുള്ള പ്രചോദനമെല്ലാം അക്കാലത്തെ ഭവനാന്തരീക്ഷത്തിൽ നിന്നും എനിക്ക് കിട്ടിയിരുന്നു. അച്ഛന്റെ വായനാശീലം തെളിച്ചു നൽകിയ തിരിനാളം അണയാതെ ഇന്നും എന്നിലുണ്ട്. പ്രശസ്തരായ സാഹിത്യകാരന്മാരായ ഒ വി വിജയൻ, എം ടി വാസുദേവൻ നായർ എന്നിവരിലേക്കൊക്കെ അച്ഛനിലൂടെ എത്തിച്ചേരാൻ എനിക്ക് സാധിച്ചിരുന്നു. എം ടിയും ഒ.വി വിജയനുമൊക്കെ പാലക്കാട് വിക്ടോറിയ കോളജിൽ അച്ഛന്റെ സമകാലികരായിരുന്നു. ഊഷ്മളമായ വ്യക്തിബന്ധം പ്രത്യേകിച്ച് വിജയനുമായി അച്ഛൻ പുലർത്തിയിരുന്നു.

പ്രത്യേകിച്ചു ഒന്നിനും നിർബന്ധിക്കാതിരുന്ന അച്ഛൻ ഞങ്ങൾ (ഞാനും വിവേകാനന്ദൻ എന്ന എന്റെ ഏട്ടനും) സംസ്കൃതം പഠിക്കണം എന്നൊരാഗ്രഹം കുട്ടിക്കാലത്ത് ഉന്നയിച്ചിരുന്നു. അന്ന് ഞങ്ങളത് അത്ര ഗൗരവത്തോടെ ഉൾക്കൊണ്ടില്ല. പിന്നീടു വർഷങ്ങൾക്കു ശേഷമാണ് അന്ന് അച്ഛൻ ആവശ്യപ്പെട്ട സംഗതിയുടെ പ്രാധാന്യം മനസിലാകുന്നത്. ഭാരതീയമായ സാഹിത്യാദി ലളിത കലകളെ ആഴത്തിൽ മനസിലാക്കാൻ അതെത്ര സഹായിച്ചേനെ. ചെറുപ്പത്തിൽ ഏകദേശം ഒരു വർഷത്തോളം ഞാൻ കർണാടക സംഗീതം അഭ്യസിച്ചിരുന്നു. അക്കാലത്തു പാലക്കാട്ട് അനേകം നിപുണരായ ഭാഗവതന്മാർ ഉണ്ടായിരുന്നു. സംഗീത വാസന നന്നായുള്ള അമ്മയുടെ ആഗ്രഹം കൊണ്ടാണ് പാതി മനസോടെ ഈ ഒരു അഭ്യസനത്തിന് തയാറായതെന്നതാണ് സത്യം. കാരണം അന്നൊക്കെ ക്രിക്കറ്റ് കളിയിലും മറ്റുമായിരുന്നു കമ്പം. പല കുസൃതികൾ കാണിച്ച് ഒടുവിൽ ആ ഭാഗവതരെ വീട്ടിലേക്ക് വരാതെയാക്കി. ഇന്നെനിക്കു ജീവിതത്തിൽ ഏറ്റവും പശ്ചാത്താപം തോന്നുന്നത് സംസ്കൃതവും സംഗീതവും പഠിക്കാനാവാത്തതിലാണ്.

ജീവിതത്തിൽ എന്റെ ഒരു ഇഷ്ടത്തിനും ഇന്നുവരെ അച്ഛൻ എതിര് നിന്നിട്ടില്ല. 1978/79 കാലഘട്ടത്തിൽ പാലക്കാട്ടെ ഒരു നായർ കുടുംബത്തിലെ ഒരു ഡോക്ടറുടെയും വക്കീലിന്റെയും മകൻ നാടകം പഠിക്കണം, ജീവിത മാർഗമാക്കണം എന്നൊരാഗ്രഹം പ്രകടിപ്പിച്ചാൽ സ്വാഭാവികമായും എതിർപ്പുകളായിരുന്നു സമൂഹത്തിലും കുടുംബത്തിലും ഉണ്ടാവുക. സയൻസ് ഐശ്ചിക വിഷയമായി പഠിച്ചതുകൊണ്ട് എനിക്ക്, അച്ഛന്റെ അക്കാലത്തെ നിലയും ബന്ധങ്ങളുമൊക്കെ വച്ച് പാലക്കാട് എഞ്ചിനീയറിങ് കോളജിൽ ഒരു സീറ്റ് ലഭിക്കുന്നതിൽ ബുദ്ധിമുട്ടും ഇല്ലായിരുന്നു. എങ്കിലും എനിക്ക് രംഗകല പഠിക്കണമെന്ന് പറഞ്ഞപ്പോൾ ഒരെതിർപ്പും കൂടാതെ അച്ഛൻ തൃശൂർ ‘ സ്കൂൾ ഓഫ് ഡ്രാമ’യിലെത്തി ശങ്കരപിള്ള സാറിനെ കണ്ടു. അതുപോലെ പിന്നീടുള്ള എന്റെ ജീവിതത്തിൽ അത് കർമരംഗത്തായാലും എന്റെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലായാലും അച്ഛൻ എന്റെ ഇഷ്ടങ്ങൾക്ക് പൂർണ മനസോടെ കൂട്ടു നിന്നു. കുട്ടിയായിരുന്നപ്പോൾ പോലും എന്റെ വ്യക്തിത്വത്തിൽ വിശ്വസിക്കാനും എന്റെ കാര്യങ്ങളിൽ എനിക്കിഷ്ടമുള്ള തീരുമാനമെടുക്കുവാനുള്ള സ്വാതന്ത്ര്യം അച്ഛൻ നൽകിയിരുന്നു.

സ്വന്തം കർമരംഗത്ത് ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുക എന്നതു അച്ഛന്റെ പ്രധാനമായ ഒരു സ്വാഭാവഗുണമാണ് എന്ന് ഞാൻ മനസിലാക്കിയിട്ടുണ്ട്. വ്യക്തിപരമായി തനിക്കിതിൽ എന്ത് ലാഭമുണ്ട് എന്ന് അച്ഛൻ ഒരിക്കലും ചിന്തിച്ചിട്ടില്ല എന്ന് അച്ഛന്റെ പൊതു ജീവിതം മനസിലാക്കിയിട്ടുള്ള എല്ലാവർക്കുമറിയാം. ഈ ഒരു ഗുണം ഞാനറിയാതെ തന്നെ എന്നിലേക്കും പകർന്നു കിട്ടിയതായി അടുത്തവർ പറയാറുണ്ട്. എനിക്ക് വ്യക്തിപരമായ എന്തു സാമ്പത്തിക ലാഭം ഉണ്ടാവും എന്ന് മുന്നിൽ കണ്ട് ഒരു ചിത്രവും ഏറ്റെടുക്കാൻ എനിക്കായിട്ടില്ല. ഏതു സിനിമ ചെയ്യണമെന്ന് തീരുമാനിക്കുന്നതിന് ആന്തരികമായ കാരണങ്ങൾ കണ്ടെത്തിയേ എനിക്ക് മുന്നോട്ടു പോകാനാവൂ. അത് ഒരു പക്ഷേ കലാപരമായ കാരണങ്ങളാവും. ചിലപ്പോൾ പ്രമേയപരവും. ആ തീരുമാനങ്ങളിൽ ധാർമികതയ്ക്ക് അതിൽ നിർണായകമായ പങ്കുണ്ട്. അത് അച്ഛനിൽ നിന്നും ഞാൻ പഠിച്ച പാഠമാണ്.

പൊതുപ്രവർത്തന രംഗത്ത് അച്ഛന്റെ പ്രവർത്തനങ്ങളിൽ സ്വതേ എനിക്ക് വലിയ പങ്കാളിത്തമൊന്നുമില്ല. പക്ഷേ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അച്ഛന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഡോക്യുമെന്ററിയും മ്യൂസിക് വിഡിയോയും ചെയ്തു കൊടുത്തിരുന്നു. അതികഠിനമായ പ്രചരണ ശ്രമങ്ങൾക്ക് എന്നാലാവുന്ന ഒരു കൈത്താങ്ങ്. തിരഞ്ഞെടുപ്പിനു തൊട്ട് മുൻപുള്ള പ്രചരണ പര്യടനങ്ങളിൽ ഞാനും അച്ഛനൊപ്പമുണ്ടായിരുന്നു. വിജയപ്രതീക്ഷ ഇത്തവണ കൂടുതലുണ്ടായിരുന്നു. സമൂഹത്തിന്റെ ഏതു തുറയിൽപ്പെട്ടവരായാലും. വ്യത്യസ്ത ജാതി മത വിശ്വാസികൾ, ഏതു രാഷ്ട്രീയ സംഹിതയിൽ വിശ്വസിക്കുന്നവരായാലും അച്ഛൻ വിജയിക്കുവാൻ ആഗ്രഹിക്കുന്നത് അടുത്ത് നിന്ന് കണ്ടറിഞ്ഞു. കടുത്ത വൈരാഗ്യങ്ങൾ നിറഞ്ഞ, തികച്ചും ആക്രമണോത്സുകമായ ഒരു രാഷ്ട്രീയാന്തരീക്ഷത്തിൽ കൃത്രിമമായി ഉണ്ടാക്കപ്പെട്ട വിഭജനങ്ങൾക്ക് ഉപരിയായി ഒരു വ്യക്തി ജയിക്കുവാൻ ആഗ്രഹിച്ച ജനങ്ങൾക്കിടയിൽ ആ വ്യക്തിയുടെ മകനായി ഒപ്പം നിൽക്കാൻ സാധിച്ചത് അഭിമാനം തരുന്നു.

മുൻപ് അച്ഛൻ എം പിയും മന്ത്രിയുമൊക്കെ ആയിട്ടുണ്ടെങ്കിലും എം എൽ എ ആയുള്ള ഇത്തവണത്തെ വിജയം പ്രത്യേക മധുരമുള്ളതാണ്. കാരണം, ഇത് ജനവിധിയാണ്. ജനാധിപത്യത്തിൽ ഇതിന് മൂല്യമേറും.

വിദ്യാർത്ഥിയായിരിക്കുമ്പോൾ കണക്കിൽ മിടുക്കനായിരുന്നുവത്രേ അച്ഛൻ. കർഷക കുടുംബത്തിൽ വളർന്ന ഒരു ഗ്രാമീണ ബാലന് കോളജ് പഠനം ചെയ്യാൻ സാധിച്ചത് അതുകൊണ്ടാണ്. കണക്കു രക്ഷപ്പെടുത്തിയ അച്ഛന്റെ ജീവിതത്തിലേക്ക് ആകെയൊന്നു നോക്കിയാൽ ചില കണക്കു കൂട്ടലുകൾ പിഴച്ചില്ലേ എന്നു ചിലർ ശങ്കിച്ചേക്കാമെങ്കിലും , കൂട്ടിക്കിഴിച്ചു കിട്ടുന്ന ആ ജീവിതത്തിന്റെ ആകെത്തുക സംതൃപ്തിയുടേത് തന്നെ ആണെന്ന് എനിക്ക് സംശയമില്ല. ആ സാഫല്യത്തിന്റെ നിറവിൽ, പുതിയ വിജയത്തിളക്കത്തിൽ നിന്നുകൊണ്ട് അദ്ദേഹം പ്രത്യാശയോടെ പുതിയ ഒരു ധർമ രാജ്യത്തിനായി ഉറ്റു നോക്കുന്നു. കർമനിരതനാവുന്നു. 

Your Rating: