Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പശ്ചാത്തല സംഗീതത്തിന്റെ രാജാ‘വ്’മണി

rajamani രാജാമണി

ഗോപിസുന്ദറും ബിജിപാലും ദീപക്ക് ദേവുമൊക്കെ വരുന്നതിനും വർഷങ്ങൾക്ക് മുമ്പെ പശ്ചാത്തല സംഗീതത്തെ മലയാളിക്ക് പരിചയപ്പെടുത്തി തന്നയാളാണ് രാജാമണി. പാട്ടുകളെ സ്നേഹിച്ച മലയാളികളുടെ മനസ്സിൽ വരികളില്ലാത്ത ഇൗണത്തെ പ്രതിഷ്ഠിച്ച അതുല്യ പ്രതിഭയായിരുന്നു അദ്ദേഹം. പ്രേക്ഷകരുടെ രോമകൂപങ്ങളെ ഉണർത്തിയിരുന്ന ഒട്ടനവധി മാസ്മരിക സംഗീതങ്ങളുടെ സൃഷ്ടാവ്.

mammootty maas king dialogue

അക്കരെ നിന്നൊരു മാരനിൽ തുടങ്ങി ലോഹം വരെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ. ഒാരോന്നിലും നായകന്റെ ഒപ്പമാണ് അദ്ദേഹത്തിന്റെ സംഗീതത്തിനും സ്ഥാനം. കമ്മിഷ്ണറിലെ ഭരത്ചന്ദ്രനും നരസിംഹത്തിലെ ഇന്ദുചൂഡനും ആറാം തമ്പുരാനിലെ ജഗന്നാഥനും ഒക്കെ നമ്മുടെ മനസ്സിലേക്ക് വരുമ്പോൾ‌ പശ്ചാത്തലത്തിൽ രാജാമണിയുടെ രാജകീയ സംഗീതവും എത്തും. ആ സംഗീതമില്ലെങ്കിൽ ഇൗ കഥാപാത്രങ്ങൾ വെറും ജീവച്ഛവങ്ങളാണെന്നു തോന്നിപ്പോകും.

COMMISSIONER dialog HD

നായകന്മാരുടെ രാജകീയ വരവിന് ആരാധകർ കരഘോഷം മുഴക്കിയപ്പോൾ അകമ്പടിയായത് അദ്ദേഹത്തിന്റെ സംഗീതം. ആ കയ്യടിയുടെ വലിയ പങ്കും അറിഞ്ഞോ അറിയാതെയോ ലഭിച്ചത് ആ സംഗീതത്തിനു തന്നെ. കമ്മിഷ്ണർ, കിങ്, അഗ്നിദേവൻ, രജപുത്രൻ, രക്തസാക്ഷികൾ സിന്ദാബാദ്, ആറാം തമ്പുരാൻ, ദ് ട്രൂത്ത്, ഉസ്താദ്, എഫ് ഐ ആർ, നരസിംഹം, വല്ല്യേട്ടൻ, രാവണപ്രഭു, നന്ദനം, താണ്ഡവം, ബാലേട്ടൻ, ബ്ലാക്ക്, ടൈഗർ, ചിന്താമണി കൊലക്കേസ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ്, 20–ട്വന്റി തുടങ്ങി എണ്ണമറ്റ ചിത്രങ്ങൾ.

Narasimham-Lalettan Dialogue

രഞ്ജിത്തിന്റെയും ഷാജി കൈലാസിന്റെയും ഇഷ്ട സംഗീത സംവിധായകനായിരുന്നു രാജാമണി. ഇവരുടെ ആക്ഷൻ ചിത്രങ്ങളിലെ നായകന്മാരുടെ പഞ്ച് ഡയലോഗുകളും സംഘട്ടന രംഗങ്ങളും ഒപ്പം രാജാമണി സംഗീതവും കൂടി ചേരുമ്പോൾ തൃശൂർ പൂരത്തിന് ഇലഞ്ഞിത്തറ മേളവും മഠത്തിൽ വരവ് പഞ്ചവാദ്യവും ഒരുമിച്ചെത്തുന്ന പ്രതീതിയാണ്. ആരും അറിയാതെ കയ്യടിച്ചു പോകും. അവർ മനസ്സിൽ കാണുന്ന സംഗീതം സിനിമയിൽ കേൾപ്പിച്ചു കൊടുത്തിരുന്നു രാജാമണി.

FIR Malayalam Movie Background Music

പശ്ചാത്തല സംഗീതത്തിനൊപ്പം നിരവധി ഗാനങ്ങൾക്കും അദ്ദേഹം ജീവനേകി. എങ്കിലും പശ്ചാത്തല സംഗീതത്തിലെ ആ ‘രാജാമണി’ ടച്ച് ഒന്നു വേറെ തന്നെ. ഗോപി സുന്ദറിനെയും ബിജിബാലിനെയും പോലുള്ള നവയുഗ പ്രതിഭകൾ എത്തിയിട്ടും രാജാമണിക്കും അദ്ദേഹത്തിന്റെ ഇൗണങ്ങൾക്കുമുള്ള പിന്തുണ കുറഞ്ഞില്ല. പ്രായം സിനിമയിൽ നിന്ന് അകറ്റിയപ്പോഴും ഇടയ്ക്കിടെ ചില സിനിമകളിലൂടെ മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം കണക്കെ ആ പ്രതിഭ തന്റെ സാന്നിധ്യം അറിയിച്ചു കൊണ്ടിരുന്നു.

valyettan scene

ഒടുവിൽ ദേവ സംഗീതത്തിന്റെ ലോകത്തേക്ക് അദ്ദേഹം യാത്രയാകുമ്പോഴും ആ ഇൗണങ്ങൾ ഇവിടെത്തന്നെയുണ്ട്. ഇനിയുള്ള തലമുറകൾക്ക് പാഠമായി. ഇൗണങ്ങളുടെ മണികിലുക്കം അവസാനിക്കുന്നില്ലല്ലോ. പ്രണാമം.