Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലരില്‍ വിടരുന്നതല്ല യഥാര്‍ഥപ്രണയം

prithviraj-parvathi-menon

പ്രിയപ്പെട്ട മൊയ്തീൻ,

എനിക്ക് അറിയാം ഈ കത്ത് ഒരിക്കലും നിങ്ങൾ കാണില്ല എന്ന്. എങ്കിലും... എഴുതാതിരിക്കാൻ ആവില്ല മാനൂ. കാരണം നിങ്ങളുടെ കഥ കണ്ണുനീർ പൊഴിക്കാതെ എനിക്ക് കാണാനായില്ല. എന്നു നിന്റെ മൊയ്തീൻ കണ്ട ഓരോ പ്രേക്ഷനും കരയുന്നുണ്ടാകും. അവരുടെയെല്ലാം കണ്ണുനീർ കൂടിയാണ് ഈ കത്ത്. ഇരവഴിഞ്ഞി പുഴയുടെ ആഴങ്ങളിലേക്ക് പോയ മാനുവിനെക്കാൾ ഞങ്ങളെ കരയിക്കുന്നത് മൊയ്തീന്റെ സ്വന്തം കാഞ്ചനയാണ്.

ഇതൊരു കഥ മാത്രമാണെന്ന് മനസ്സിനെ എത്ര വിശ്വസിപ്പിക്കാൻ ശ്രമിച്ചാലും അത് സാധിക്കില്ലല്ലോ, അനശ്വര പ്രണയത്തിന്റെ സ്മാരകമായി കാഞ്ചന ഇന്നും മുക്കത്ത് ജീവിക്കുകയല്ലേ. സിനിമകൾ കണ്ട് ഇതിനും മുമ്പും കരഞ്ഞിട്ടുണ്ട്. സുഖമോ ദേവിയിലെ താരയുടെയും സണ്ണിയുടെയും കഥ കണ്ടപ്പോൾ, കാലാപാനിയിലെ പാർവതിയുടെ കാത്തിരിപ്പിന്റെ കഥ കണ്ടപ്പോൾ, പക്ഷെയിലെ സേതുവേട്ടന്റെയും നന്ദിനിയുടെയും നഷ്ടപ്രണയം കണ്ടപ്പോഴൊക്കെ കരഞ്ഞിട്ടുണ്ട്. എന്നാൽ അതിനേക്കാളൊക്കെ പതിനായിരം ഇരട്ടി മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയം മനസ്സിൽ നീറി നീറി പുകയുകയാണ്, വലിയൊരു തേങ്ങലായി, വിങ്ങലായി, വേദനയായി.

parvathy-prithvi-vimal

ഇരുപത്തിയഞ്ചു വർഷം തമ്മിൽ കാണാതെ കത്തുകളിലൂടെ മാത്രം സംസാരിക്കുക. കത്തുകൾ നിരന്തരം പിടിക്കപ്പെട്ടപ്പോൾ സ്വന്തമായൊരു ലിപി ഉണ്ടാക്കുക, കാലത്തിനെ വകവെയ്ക്കാതെ പ്രണയിക്കുക ഇതൊക്കെ പുതുതലമുറയ്ക്ക് അത്ഭുതം തന്നെയാണ് മൊയ്തീൻ. ഇവിടെ പ്രണയമില്ലല്ലോ പ്രേമം മാത്രമല്ലേ ഒള്ളൂ. മുഖക്കുരു കണ്ടും തലമുടി കണ്ടും മാത്രം പ്രേമിക്കുന്നതും, ആ പ്രേമം തകരുമ്പോൾ കാമുകിയുടെ അനിയത്തിയെ പ്രേമിക്കുന്നതുമല്ല പ്രണയം എന്ന് പഠിപ്പിച്ചു തരുകയാണ് നിങ്ങൾ. അനശ്വര പ്രണയം എന്താണ്? അത് നഷ്ടപ്പെടുമ്പോഴുള്ള വിങ്ങൽ എന്താണ് എന്നെല്ലാം ഓരോ അണുവിലും പ്രേക്ഷകനും അനുഭവിക്കുകയായിരുന്നു എന്നു നിന്റെ മൊയ്തീനീലൂടെ.

മാനുക്ക ഇങ്ങക്ക് കാഞ്ചനയുടെ മുഖത്തിന്റെ മൊഞ്ചാണോ പിടിച്ചതെന്ന് സഹോദരി ചോദിക്കുമ്പോൾ നിങ്ങൾ പറയില്ലേ അവളുടെ മുഖത്തിനേക്കാൾ മൊഞ്ച് ഖൽബിനാണെന്ന്. അതെ മാനൂ നിങ്ങൾ പറഞ്ഞതാണ് ശരി അല്ല നിങ്ങളാണ് ശരി, ഖൽബിന്റെ മൊഞ്ചിനെ പ്രണയിച്ച് കാലം കഴിക്കാൻ നിങ്ങൾക്കെ സാധിക്കൂ.

kanchanamala-letter

25 വർഷത്തെ വീട്ടു തടങ്കലിനിടയിൽ ആകെ രണ്ടേ രണ്ടു തവണ മാത്രം കണ്ട് ഖൽബിനെ പ്രണയിച്ച് ജീവിച്ച നിങ്ങളുടെ പ്രണയം ഞങ്ങളുടെ ഖൽബിലും പടർന്നു കയറുകയാണ്. മരം ചുറ്റലുകളില്ലാതെ, ഐസ്ക്രീം നുണയാതെ, തീയറ്ററിലെ ഇരുട്ടിന്റെ മറയില്ലാതെ തമ്മിൽ കാണാതെ പ്രണയിക്കാൻ, പ്രണയത്തിനു വേണ്ടി പോരാടാൻ, തളരാതെ പിന്നെയും പ്രണയിക്കാൻ നിങ്ങൾക്കല്ലാതെ വേറെ ആർക്കു പറ്റും. എന്നിട്ടും വിധി എന്തിനായിരുന്നു ഈ ക്രൂരത കാട്ടിയത്. കാഞ്ചന ഒരുപാടു വട്ടം ചോദിച്ച് തളർന്ന ചോദ്യം പ്രേക്ഷകന് തമ്മിൽ തമ്മിൽ ചോദിക്കുകയാണ്. കാഞ്ചന ഈ കാലമത്രയും അനുഭവിക്കുന്ന വേദനയോളം വരില്ലെങ്കിലും ആ നീറ്റലിന്റെ ഒരു അംശം ഇന്നു പ്രേക്ഷകഹൃദയങ്ങളെയും വേദനിപ്പിക്കുന്നുണ്ട് മൊയ്തീൻ.

ഞങ്ങൾക്കറിയാം സ്വർഗ്ഗത്തിന്റെ കാവാടത്തിലൊരു ഫുട്ബോൾ കളി നടക്കുന്നുണ്ടെങ്കിൽ, അതിന്റെയാരവം ഇങ്ങ് ഭൂമിയിൽ കാഞ്ചനമാലയ്ക്ക് കേൾക്കാം. മേഘങ്ങളെ പ്രകമ്പനം കൊളിച്ച് നക്ഷത്രകുഞ്ഞുങ്ങളെ മൊയ്തീൻ ഗോളാക്കി മാറ്റുന്നത് കണ്ണടച്ചാൽ കാഞ്ചനമാലയ്ക്ക് കാണാം. ജാതയുടെയും മതത്തിന്റെയും മതൽക്കെട്ടുകളിലാതെ ഒരു മരണവാതിലിനപ്പുറം കാഞ്ചനയ്ക്കിന്നും മൊയ്തീനെ കാണാം, സംസാരിക്കാം, കത്തുകളിലൂടെ വിശേഷങ്ങൾ പങ്കുവെയ്ക്കാം. മരണത്തെ തോൽപ്പിക്കുന്ന നിങ്ങളുടെ പ്രണയം പ്രേക്ഷകരായ ഞങ്ങളും ഏറ്റെടുത്തിരിക്കുകയാണ്. മാനുവിനെയും കാഞ്ചനകുട്ടിയേയും ഒരുപാട് സ്നേഹിക്കാൻ തുടങ്ങിയെന്ന് അറിയിച്ചുകൊണ്ട്.

എന്ന് സ്വന്തം , സൂര്യ

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.