Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഗ്നതാ പ്രദർശം നടത്തിയത് താനല്ലെന്ന് ശ്രീജിത് രവി

sreejith-ravi

സ്കൂൾ കുട്ടികൾക്കു മുമ്പിൽ നഗ്നതാ പ്രദർശനം നടത്തിയതിനു നടന്‍ ശ്രീജിത് രവിക്കെതിരെ പൊലീസ് അന്വേഷണം നടത്തുന്നുവെന്ന വാർത്തയാണു രാവിലെ മുതൽ ഓൺലൈനുകളിൽ പ്രചരിക്കുന്നത്. പെണ്‍കുട്ടികള്‍ കാറിന്റെ നമ്പര്‍ പോലീസിന് കൈമാറി നടത്തിയ അന്വേഷണത്തിൽ വാഹനം നടന്‍ ശ്രീജിത്ത് രവിയുടെതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് നടന്റെ പേരിൽ വാർത്ത പ്രചരിച്ചത്.


എന്നാല്‍ വാഹനത്തിലെത്തിയത് ശ്രീജിത്ത് തന്നെയാണോയെന്ന കാര്യം ഇതുവരെ തീര്‍ച്ചയാക്കിയില്ല. അങ്ങനെയൊരു നടനെതിരെ വന്ന വാര്‍ത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കി. ഇതിന്റെ സത്യാവസ്ഥ എന്താണ്. ശ്രീജിത് രവി പ്രതികരിക്കുന്നു മനോരമ ഓൺലൈനിലൂടെ.

‘പൊലീസ് പറയുന്ന സംഭവത്തിൽ ഉൾപ്പെട്ട കാറിന്റെ നമ്പർ എന്റേതു തന്നെയെന്നു ഞാൻ ഉറപ്പിച്ചു പറയുന്നു. പക്ഷേ അങ്ങനെയൊരു കാര്യം ഉണ്ടായിട്ടില്ല. വിദ്യാർഥിനികൾക്കു സംഭവിച്ച തെറ്റാകുവാനേ സാധ്യതയുള്ളൂ. ഒരുപക്ഷേ കാറിന്റെ നമ്പര്‍ എഴുതിയെടുത്തപ്പോള്‍ തെറ്റിപ്പോയതാകാം. അല്ലാതെ മറ്റൊന്നിനും സാധ്യതയില്ല. പൊലീസിനു മുൻപിൽ എന്റെ ഭാഗം വിശദീകരിച്ചിട്ടുണ്ട്. ഉടൻ തന്നെ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്നു പ്രതീക്ഷിക്കുന്നു.’

‘ഞാനാണ് അങ്ങനെ ചെയ്തതെങ്കിൽ കുട്ടികൾ എന്റെ പേരു പറയേണ്ടതല്ലേ. കുട്ടികൾ‌ക്ക് എന്നെ അറിയാതിരിക്കില്ല എന്നാണു ഞാൻ കരുതുന്നത്. പൊലീസ് വിഷയത്തിൽ അന്വേഷണം തുടരുന്നുണ്ട്. അവർ എല്ലാകാര്യത്തിലും വ്യക്തത തരും എന്നാണെന്റെ പ്രതീക്ഷ. ’ശ്രീജിത്ത് രവി പറഞ്ഞു.

സ്‌കൂള്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്നത പ്രദര്‍ശിപ്പിക്കുകയും അവരെ ഉള്‍പ്പെടുത്തി സെല്‍ഫി എടുക്കുകയും ചെയ്ത സംഭവത്തില്‍ ശ്രീജീത് രവിക്കെതിരെ അന്വേഷണം എന്ന രീതിയിലാണു വാർത്ത പ്രചരിക്കുന്നത്. ഒറ്റപ്പാലം പത്തിരിപ്പാലയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ഥിനികളുടെ പരാതിയിലാണ് പൊലീസിന്റെ അന്വേഷണം. സംഘമായി സ്‌കൂളിലേക്ക് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിലെ ഡ്രൈവര്‍ നഗ്‌നത പ്രദര്‍ശിപ്പിക്കുകയും സെല്‍ഫി എടുക്കുകയും ചെയ്‌തെന്നാണ് പരാതി.