Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവസാനിപ്പിക്കണം ഈ മരണക്കച്ചവടം:ശ്രീനിവാസൻ

sreenivasan-8

രക്തസാക്ഷി എന്നു കേട്ടാൽ നമ്മുടെയെല്ലാം മനസ്സിലൊരു ചിത്രം തെളിയും. അത് ആദരത്തിന്റേതാണ്. ഉദാഹരണമായി, ഭഗത്‌സിങ് എന്നു പറയുമ്പോൾത്തന്നെ ആദരത്തിന്റെ മുഖമാണു തെളിയുക. രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജീവാർപ്പണം ചെയ്തവരാണു രക്തസാക്ഷികൾ. എന്നാൽ, പാർട്ടിക്കുവേണ്ടി മാത്രം മരിക്കുന്നവരെ രക്തസാക്ഷി എന്നു പറയുന്നതു തെമ്മാടിത്തരമാണ്. ഇതു പറയുമ്പോൾ ചിലരുടെ രക്തം തിളയ്ക്കുമെന്നു പഴയകാല അനുഭവങ്ങ‌ളുടെ വെളിച്ചത്തിൽ എനിക്കറിയാം. എന്നാൽ, ഞാനിതു പറയുന്നത് എല്ലാ പ്രമുഖ രാഷ്ട്രീയപാർട്ടികളെയും മനസ്സിൽവച്ചുകൊണ്ടാണ്; ചിലരെ മാത്രം മുന്നിൽക്കണ്ടല്ല. 

ഇപ്പോഴത്തെ രക്തസാക്ഷികളാരും ഈ സമൂഹത്തിനുവേണ്ടി ജീവാർപ്പണം ചെയ്തവരല്ല. പാർട്ടിയിലെ നേതാക്കളുടെ അധീശത്വവും പാർട്ടിയുടെ ആ പ്രദേശത്തെ അധീശത്വവും ഉറപ്പിക്കാനായി വെട്ടിമരിച്ചവരാണ്. ഇങ്ങനെ മരിക്കുന്നവരെ ഉണ്ടാക്കുക എന്നതു നേതാക്കളുടെ ലക്ഷ്യവും നേട്ടവുമാണ്. കാരണം, ഇവരുടെ മരണമാണു വോട്ടായി മാറുന്നത്. പഴയകാല രക്തസാക്ഷികളെപ്പോലെ എന്തെങ്കിലും ലക്ഷ്യത്തിനുവേണ്ടിയാണോ ഇവർ മരിക്കുന്നത്? ഒരിക്കലുമല്ല. പരസ്പരം കൊന്നൊടുക്കുമ്പോൾ ഉണ്ടാകുന്ന ഇരകൾ മാത്രമാണവർ.  

അവസാനിപ്പിക്കേണ്ടതാണ് ഈ മരണക്കച്ചവടം. മരിച്ചവരുടെ വീടുകളിൽ ഭാര്യയും മക്കളും അച്ഛനും അമ്മയുമുണ്ട്. ഒരു ചെറുപ്പക്കാരൻ മരിക്കുന്നതോടെ അനാഥമാകുന്നത് അവരുടെയെല്ലാം ജീവിതമാണ്. അതിനു പകരമായി പാർട്ടിക്കാർ പിരിച്ചുകൊടുക്കുന്ന തുച്ഛമായ തുകയെക്കാൾ വിലയുണ്ട് ജീവനെന്നു നേതാക്കൾ തിരിച്ചറിയണം. 

കുറെക്കാലത്തെ കൊല്ലും കൊലയും നടത്തിയതിന്റെ കണക്കെടുത്തു നോക്കിയാൽ എത്ര നേതാക്കളുടെ മക്കളും പേരക്കുട്ടികളും കൊല്ലപ്പെട്ടിട്ടുണ്ട്? ഏതെങ്കിലും നേതാവിന്റെ കുടുംബം അനാഥമായിട്ടുണ്ടോ? കേരളത്തിലെ എല്ലാ രാഷ്ട്രീയപാർട്ടി നേതാക്കളും അവരുടെ മക്കളുടെ ധവളപത്രമാണു നട്ടെല്ലുണ്ടെങ്കിൽ ഇറക്കേണ്ടത്. അവരിൽ മിക്കവരും വിദേശത്തും സ്വദേശത്തുമായി സുഖജീവിതം നയിക്കുന്നു. അവരുടെ മക്കൾക്കു മാത്രം ചെറിയ ജോലികൊണ്ടു കോടികൾ സമ്പാദിക്കാനാകുന്നു. ഇതിന്റെ രഹസ്യം പുറത്തു പറയണം. സാധാരണക്കാരുടെ മക്കൾക്കും ഈ വഴിയിലൂടെ മെച്ചപ്പെട്ട ജീവിതം ഉണ്ടാകുമല്ലോ. 

കേരളത്തിൽ മുൻപൊരിക്കലുമില്ലാത്തവിധം രാഷ്ട്രീയപാർട്ടികൾ അക്രമസേന ഉണ്ടാക്കുമെന്നു പരസ്യമായി പ​റഞ്ഞ​ുതുടങ്ങിയിരിക്കുന്നു. എന്നാൽ, ഏതെങ്കിലും രാഷ്ട്രീയപാർട്ടിയുടെ നേതാക്കൾ അവരുടെ മക്കളെ ഈ സേനയിൽ ചേർക്കുമോ? കൊല്ലാൻ പോകുമ്പോൾ അവരുടെ മക്കളെക്കൂടെ ആയുധവും കൊടുത്തുവിടട്ടെ എന്നു സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റ് കണ്ടു. 

അക്രമികളെ സംരക്ഷിക്കുമെന്നു പരസ്യമായി പറയുന്നതിനു പിന്നിലൊരു മനശ്ശാസ്ത്രമുണ്ട്. ആരെങ്കിലും സ്വന്തം കുടുംബത്തിന്റെ ഭാവിയെക്കുറിച്ചാലോചിച്ച് അക്രമത്തിൽനിന്നു പുറകോട്ടുപോയാലോ എന്നു പേടിച്ചു നടത്തുന്ന ആഹ്വാനമാണിത്. ചാവേറുകളെ ഉറപ്പിച്ചുനിർത്തേണ്ടതു നേതാക്കളുടെ ആവശ്യമാണ്. 

കൊലയുടെ നികൃഷ്ടമായ വശം ഇവിടെയും തീരുന്നില്ല. പ്രതികളെ പാർട്ടികളാണു നൽകുന്നത്. പൊലീസിനും സുഖമാണ്; കൂടുതൽ അന്വേഷിക്കേണ്ടല്ലോ. ഈ പ്രതി കൊല നടക്കുമ്പോൾ സ്ഥലത്തില്ലായിരുന്നു എന്നു തെളിയിച്ചാൽ കോടതി പ്രതിയെ തെളിവില്ലാതെ വിട്ടയയ്ക്കും. കൊലപാതകക്കേസിൽ ചെറിയ ശിക്ഷയുമായി പലരും പുറ​ത്തിറങ്ങുന്നത് അതുകൊണ്ടാണ്. ഇതു കൊന്നവരുടെയും കൊല്ലപ്പെട്ടവരുടെയും നേതൃത്വം ചേർന്നു നടത്തുന്നൊരു കള്ളക്കളിയാണ്. 

രാഷ്ട്രീയ കൊല ഈ നാടിന്റെ ആവശ്യമല്ല, സമൂഹത്തിന്റെ ആവശ്യവുമല്ല. അതു നടക്കേണ്ടത് ഇവിടത്തെ നേതാക്കളുടെ ആവശ്യം മാത്രമാണ്. സ്വന്തം ജീവൻ സുരക്ഷിതമാക്കാൻ സുരക്ഷാസേനയുടെ സഹായം തേടുകയും തോക്കേന്തിയവരെ കൂടെ കൊണ്ടുനടക്കുകയും ചെയ്യുന്നവർ മരണത്തെ പേടിയാണെന്നു പരസ്യമായി പറയുകയാണു ചെയ്യുന്നത്. ഈ ഭീരുക്കളാണു പാവപ്പെട്ട ചെറുപ്പക്കാരോടു പോയി വെട്ടിമരിക്കാൻ പറയുന്നത്. മരണത്തിനുവേണ്ടിയുള്ള ഈ വിളി എല്ലാ മാനുഷിക മൂല്യങ്ങൾക്കും എതിരെയുള്ള കൊലവിളിയാണ്. നഷ​്ടപ്പെടുന്നത് ഒരു കൊടിയുടെയും നിറമല്ലാത്തൊരു ജീവനാണ്.