Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒളി ക്യാമറകൾ നശിപ്പിച്ചത് ഒരുപാട് സ്ത്രീജീവിതങ്ങൾ: ശ്രീയ രമേശ്

sreeya

സൈബര്‍ കുറ്റകൃത്യങ്ങൾക്ക് കനത്ത ശിക്ഷ നൽകണമെന്് നടി ശ്രീയ രമേശ്. ഒളിക്യാമറകളാല്‍ ജീവിതം നശിപ്പിക്കപ്പെട്ട് നിശ്ശബ്ദരായി എല്ലാം സഹിക്കേണ്ടിവരുന്ന ഒരുപാട് സ്ത്രീകളുണ്ടെന്നും ഇവരുടെ മുന്നോട്ടുള്ള ജീവിതത്തിനു കരുത്തു പകരുവാന്‍ സമൂഹവും നിയമ വ്യവസ്ഥിതിയും തയ്യാറാകണമെന്നും ശ്രീയ പറയുന്നു.

ശ്രീയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം–

സംവിധായകന്‍ ജോഷി സാറിന്റെ ചിത്രങ്ങള്‍ എന്നെ സംബന്ധിച്ച് നവീനമായ ആശയങ്ങള്‍ നിറഞ്ഞവയും ത്രില്ലറുകളുമാണ്. എണ്‍പതുകളില്‍ വന്ന ന്യൂഡെല്‍ഹിയായാലും ഏതാണ്ട് എട്ടുവര്‍ഷം മുമ്പ് വന്ന റോബിന്‍ ഹുഡായാലും മലയാള സിനിമയില്‍ ഇത്രമാത്രം നവീനമായ രീതിയില്‍ ചിത്രങ്ങളൊരുക്കിയ മുതിര്‍ന്ന സംവിധായകര്‍ ചുരുക്കം. ചില ചിത്രങ്ങള്‍ കാലത്തിനു മുമ്പേ കഥപറയുമ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല അല്ലെങ്കില്‍ മനസ്സിലാക്കപ്പെടാറില്ല.

ലാലേട്ടന്റെ കരിയറിലേയും മലയാള സിനിമയിലേയും ശ്രദ്ധിക്കപ്പെട്ട ഒരു പ്രമേയമായിരുന്നു ലോഹിതദാസ് സാറ് രചിച്ച ദശരഥം. പക്ഷെ അന്ന് മലയാളികള്‍ക്ക് ആ പ്രമേയം അത്രമാത്രം ഉള്‍ക്കൊള്ളുവാന്‍ ആയോ എന്ന് തോന്നിയിട്ടുണ്ട്. സമാനമായ ഒരു ആശയമായിരുന്നു റോബിന്‍ ഹുഡ് എന്ന മലയാള ചിത്രം കണ്ടപ്പോള്‍ തോന്നിയത്.

പാശ്ചാത്യര്‍ക്ക് ഇത്തരം എ.ടി.എം കൊള്ളകളെ പറ്റി അറിയാം, ഇംഗ്ലീഷ് ചിത്രങ്ങളില്‍ നമുക്കും പരിചിതമാണ് ഇത്തരം കാര്യങ്ങള്‍ എങ്കിലും മലയാളത്തില്‍ പൊതുവെ സാങ്കേതികത വശങ്ങള്‍ പ്രമേയമാകുന്ന ചിത്രങ്ങള്‍ കുറവാണ്. തിരക്കഥാകൃത്തുക്കളായ സച്ചിയും സേതുവും നടത്തിയ നിരീക്ഷണവും മലയാളി പ്രേക്ഷകനു കൃത്യമായി മനസ്സിലാക്കും വിധം അവതരിപ്പിച്ചതും ശ്രദ്ധിച്ചിരുന്നു. പ്രിഥ്വിരാജും ഭാവനയും നരേനുമെല്ലാം നന്നായി അഭിനയിച്ചു.

വര്‍ഷങ്ങള്‍ക്കിപ്പുറം അന്യരാജ്യത്തുനിന്നും ഉള്‍പ്പെടെ ഉള്ള എ.ടി.എം കവര്‍ച്ചക്കാര്‍ സമാനമായ സാങ്കേതിക വിദ്യയും വൈഭവവും ആണ് നമ്മുടെ നാട്ടിലെ എ.ടി.എം വഴി തട്ടിപ്പിനു ഉപയോഗിച്ചിരിക്കുന്നതെന്ന്. റോബിന്‍ ഹുഡ് എന്ന ചിത്രം കണ്ടവരില്‍ ബാങ്ക് ഉദ്യോഗസ്ഥരും ഉണ്ടാകും എന്തു കൊണ്ട് ഈ സാധ്യത അവര്‍ തങ്ങളുടെ സെക്യൂരിറ്റി വിഭാഗവുമായി ആലോചിച്ച് ഒരു പോംവഴി കണ്ടില്ല എന്നും ചിന്തിച്ചു പോകുന്നു.

ഇനി സിനിമ മാറ്റി നിര്‍ത്തി പൊതു സമൂഹത്തിലേക്ക് ഒന്ന് ശ്രദ്ധിക്കാം. പുതു തലമുറ ഐ.ടിയുടെ നല്ലതും ചീത്തയുമായ സാധ്യതകള്‍ ഉപയോഗിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. ഇന്നിപ്പോള്‍ ഓണ്‍ലൈന്‍ വഴിയും അല്ലാതെ വിവിധതരത്തിലുള്ള ഒളിക്യാമറകള്‍ വ്യാപകമായി വില്പന നടക്കുന്നു എന്നാണ് അറിയുന്നത്. ആരെല്ലാം ഇത് വാങ്ങുന്നു എങ്ങിനെ എല്ലാം ഉപയോഗിക്കുന്നു എന്നതിനൊരു വ്യക്തതയും ഉണ്ടെന്ന് തോന്നുന്നില്ല. ഒളി ക്യാമറകളെ ഭയന്നാണ് പലരും ടോയ്‌ലറ്റുകളില്‍/ബാത്ത്റൂമുകളില്‍ പ്രവേശിക്കുന്നത് തന്നെ. പിടിക്കപ്പെടുന്നവര്‍ വൈകാതെ കനത്ത രീതിയില്‍ ശിക്ഷിക്കപ്പെടുന്നുണ്ട് എന്ന് വന്നാലേ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടാകൂ എന്നത് പതിറ്റാണ്ടുകളാല്‍ ഒരാവശ്യം എന്ന നിലയില്‍ ആവര്‍ത്തിക്കപ്പെടുന്നതാണ്.

ദൗര്‍ഭാഗ്യവശാല്‍ അതില്‍ വലിയ കാലതാമസമോ ശിക്ഷയില്ലാതെ പുറത്തിറങ്ങലോ ആണ് സംഭവിക്കുന്നത്. ഇതിനു മാറ്റം ഉണ്ടാകണം. പണം അപഹരിക്കുന്നത്, സ്വകാര്യത ഒളിക്യാമറകള്‍ വച്ച് പകര്‍ത്തുന്നത് ഉള്‍പ്പെടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ തന്നെ നല്‍കുന്ന നിയമങ്ങള്‍ കൊണ്ടുവന്ന് നടപ്പാക്കുക തന്നെ വേണം. ഇരയെ വേട്ടയാടാതെ അവരെ സംരക്ഷിച്ചും ആത്മവിശ്വാസം പകര്‍ന്നും മുന്നോട്ടുള്ള ജീവിതത്തിനു കരുത്തു പകരുവാന്‍ സമൂഹവും നിയമ വ്യവസ്ഥിതിയും തയ്യാറാകണം. എത്രയോ സ്ത്രീകളാണ് ഒളിക്യാമറകളാല്‍ ജീവിതം നശിപ്പിക്കപ്പെട്ട് നിശ്ശബ്ദരായി എല്ലാം സഹിക്കേണ്ടിവരുന്നത്.

സുരക്ഷ മാത്രമല്ല നിത്യജീവിതത്തിലെ സങ്കീര്‍ണ്ണമാക്കുന്ന പലതും അനായാസം ചെയ്യുവാന്‍ സാങ്കേതിക വിദ്യകൊണ്ട് ആകും. സാങ്കേതിക രംഗത്ത് പ്രഗല്‍ഭരായ മലയാളികള്‍ അനവതിയുണ്ട്. അവരുടെ സേവനം ഉപയൊഗപ്പെടുത്തിക്കൊണ്ട് സുരക്ഷ, പഠനം, വ്യക്തിത്വ വികസനം, സ്വയം തൊഴില്‍, വിവിധ വസ്തുക്കളുടെ വിതരണം തുടങ്ങി എത്രയോ മേഘലകളില്‍ സേവന-തൊഴില്‍ അവസരങ്ങള്‍ക്കും നമുക്ക് സാധിക്കും. സമൂഹത്തിനു പ്രയോജനപ്രദമാകുന്ന കാര്യങ്ങളില്‍ യുവാക്കളെ കൊണ്ടുവരുന്നതിനും അതു വഴി അവര്‍ക്ക് സമൂഹത്തോട് കൂടുതല്‍ ഇടപെടുന്നതിനും ഉള്ള അവസരങ്ങളും ഒരുക്കാനാകും. സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ട് സൈബര്‍ ലോകത്ത് മാത്രം വളര്‍ന്ന് ജീവിച്ച് മരിക്കുന്നതാകരുത് വരും തലമുറ. 

Your Rating: