Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഷമഘട്ടത്തിൽ ഏട്ടനെപ്പോലെ ലാലേട്ടൻ: ശ്രീയ

sreeya-mohanlal സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം(ഇടത്), മോഹൻലാലിനൊപ്പം ശ്രീയ രമേഷ്

സിനിമാ–സീരിയൽ നടിയാ ശ്രീയ രമേഷിന്റെ വ്യാജ ചിത്രം വാട്ട്സാപ്പിലൂടെ പ്രചരിച്ചിരുന്നു. ശ്രീയയുടെയും ഒരു സിനിമാനിർമാതാവിന്റെയും ചിത്രമാണ് തെറ്റായ രീതിയിൽ ചിലർ സോഷ്യൽമീഡിയയിലൂടെ പ്രചരിച്ചത്. കേരളത്തിലെ ഒരു രാഷ്ട്രീയ നേതാവിനെതിരെ വിവാദ ആരോപണങ്ങൾ ഉന്നയിച്ച പെൺകുട്ടിയാണ് ഇതെന്ന രീതിയിലായിരുന്നു ആരോപണങ്ങൾ.

വ്യാജപ്രചരണം നടത്തിയതിന് സൈബർ‌ സെല്ലിൽ നടി പരാതി നൽകിയിട്ടുണ്ട്. ശ്രീയയും ശ്രീയ നായികയായി എത്തുന്ന ചിത്രം അനീസിയ സിനിമയുടെ നിർമാതാവും നിൽക്കുന്ന ചിത്രമാണ് രാഷ്ട്രീയ നേതാവിന്റെ പേരിൽ ആരൊക്കെയോ േചർന്ന് മോശമായി പ്രചരിച്ചത്. ഈ സംഭവത്തിൽ ശ്രീയ ആകെ തളർന്നെങ്കിലും ജ്യേഷ്ഠസഹോദരനെപ്പോലെ ആശ്വാസമായി എത്തിയത് മോഹൻലാലാണെന്ന് ശ്രീയ പറയുന്നു. മോഹൻലാലിന്റെ ഒപ്പം എന്ന ചിത്രത്തിലാണ് ശ്രീയ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

ശ്രീയയുടെ വാക്കുകളിലേക്ക്–

പ്രിയ സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ,

ഞാന്‍ ശ്രീയാ രമേഷ്. സ്ത്രീകള്‍ക്കെതിരെ ഉള്ള സൈബര്‍ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും ധാരാളമായി നടക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. സെലിബ്രിറ്റികള്‍, കൌമാരക്കാരായ പെണ്‍കുട്ടികള്‍ മുതല്‍ വീട്ടമ്മമാരും മധ്യവയസ്സ് കഴിഞ്ഞവരും വരെ ഇത്തരം അപവാദങ്ങള്‍ക്ക് ഇരയാകാറുണ്ട്. മനോവൈകൃതം കൊണ്ടോ വ്യക്തി വൈരാഗ്യം കൊണ്ടോ ചിലര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ മൂലം അവരും കുടുമ്പവും അനുഭവിക്കുന്ന വിഷമങ്ങളെ കുറിച്ച്, ചിലരെങ്കിലും കടുത്ത ഡിപ്രഷനിലേക്കോ ഒരു വേള ആത്മഹത്യയിലേക്കോ ചെന്നെത്തിപ്പെടുന്നതിനെ കുറിച്ച് ഇത് ചെയ്യുന്നവര്‍ ചിന്തിക്കുവാന്‍ ഇടയില്ലെങ്കിലും വിവേകവും മനുഷ്യത്വവും കൈമോശം വരാത്ത നിങ്ങള്‍ എങ്കിലും ചിന്തിക്കുക. നിങ്ങള്‍ക്ക് ഇത്തരം ചിത്രങ്ങള്‍ ആരെങ്കിലും അയച്ചു തന്നാല്‍ അത് ഫോര്‍വേഡ് ചെയ്യാതിരിക്കുക മാത്രമല്ല അവരെ നിരുത്സാഹപ്പെടുത്തുകയും ഒപ്പം ഗൌരവം ബോധ്യപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുക.

ഇത്തരം മനോവൈകല്യം ഉള്ളവരുടെ സ്വന്തം വീട്ടില്‍ ഉള്ള അമ്മമാരെയും സഹോദരിമാരെയും സഹോദര പത്നിമാരെയും കുറിച്ച് ആലോചിക്കുമ്പോള്‍ എനിക്ക് ഭയം തോന്നുന്നു. ഈ വൈകല്യം ഉള്ളവര്‍ക്ക് അവരൊക്കെ കേവലം സ്ത്രീശരീരങ്ങള്‍ മാത്രമാകുമല്ലൊ. രഹസ്യ ക്യാമറകള്‍ വഴിയൊക്കെ അവരുടെ സ്വകാര്യതയിലേക്ക് ഇത്തരക്കാര്‍ കടന്നു കയറാന്‍ മടിക്കില്ല എന്ന് കരുതുന്നതില്‍ എന്താണ് തെറ്റ്? അപ്രകാരം ചിത്രീകരിക്കുന്ന രംഗങ്ങള്‍ അവര്‍തന്നെയോ അല്ലെങ്കില്‍ ഏതെങ്കിലും വിധത്തിലോ മറ്റുള്ളവരില്‍ എത്തിയാല്‍? ഇതൊരു വലിയ സാമൂഹിക പ്രശ്നം തന്നെയാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കുവാനായി ശരിയായ ബോധവല്‍ക്കരണത്തിന്റെ അനിവാര്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഇപ്പോള്‍ ഇതെഴുതുവാന്‍ കാരണം സിനിമ സീരിയല്‍ നടിയായ എനിക്കെതിരെ ഒരു മുന്‍ മന്ത്രിയേയും ചേര്‍ത്ത് തെറ്റിദ്ധാരണ പരത്തുന്ന ഒരു ചിത്രം പ്രചരിക്കുന്നുണ്ട്. ഞാന്‍ അഭിനയിച്ച അനീസിയ എന്ന സിനിമയുടെ പ്രൊഡ്യൂസറാണ് പ്രസ്തുത ചിത്രത്തില്‍ എനിക്കൊപ്പം ഉള്ളത്. ഏതോ വികലമന്‍സ്കരുടെ പണിയാണതെങ്കിലും ഞങ്ങള്‍ക്ക് അത് വലിയ പ്രയാസമാണ് ഉണ്ടാക്കുന്നത്. പ്രിയദര്‍ശന്‍ സാര്‍ സംവിധാനം ചെയ്യുന്ന ഒപ്പം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് ഞാന്‍. വിവരം അറിഞ്ഞ് അദ്യം ഒന്ന് അപ്സെറ്റ് ആയെങ്കിലും സഹപ്രവര്‍ത്തകര്‍ പ്രത്യേകിച്ച് ലാലേട്ടന്‍ ഒരു ജ്യേഷ്ഠസഹോദരനെ പോലെ എന്നെ ആശ്വസിപ്പിച്ചതും എനിക്ക് കരുത്ത് പകരുന്നു.

ഈ വിഷയവുമായി ബന്ധപ്പെട്ട് ഞാന്‍ ഇതിനോടകം സൈബര്‍ സെല്ലില്‍ നേരിട്ട് ചെന്ന് പരാതിപ്പെട്ടിട്ടുണ്ട്. അവര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഒരു സ്ത്രീയോടുള്ള കരുതല്‍ എന്ന നിലയിലും ഒപ്പം നിയമനടപടികള്‍ ഒഴിവാകുവാനും ദയവു ചെയ്ത് നിങ്ങള്‍ അത് പ്രചരിപ്പിക്കാതിരിക്കുക. ഇപ്രകാരം അപവാദ പ്രചരണങ്ങള്‍ നിങ്ങള്‍ക്ക് വേണ്ടപ്പെട്ടവര്‍ക്ക് എതിരെ ആണെങ്കില്‍ നിങ്ങള്‍ അത് ഷെയര്‍ ചെയ്യുമോ? അവരുടെ വേദനയെ പറ്റി ഒരു നിമിഷം ചിന്തിക്കുക. ഒരിക്കല്‍ കൂടെ പറയട്ടെ അപവാദ പ്രചരണക്കാര്‍ ഷെയര്‍ ചെയ്യുന്ന ഇത്തരം കെട്ടുകഥകളും ചിത്രങ്ങളും പലപ്പോഴും ഒരു സ്ത്രീയൂ‍ടെയും അവരുടെ കുടുമ്പത്തിന്റെയും ജീവിതം തന്നെ തകര്‍ത്തു കളയുന്ന തരത്തിലേക്ക് എത്താവുന്നതാണ് . മാത്രമല്ല ശിക്ഷ ലഭിക്കാവുന്നതാണ് ഈ കുറ്റകൃത്യം എന്ന് പലരും അറിയുന്നില്ല. എന്നെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി.

Your Rating: