Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇവനാണ് ഒരു രസത്തിന് എന്റെ ഫോട്ടോ പ്രചരിപ്പിച്ചവൻ : ശ്രീയ രമേശ്

sreeya സോഷ്യൽമീഡിയയിൽ പ്രചരിക്കുന്ന ചിത്രം(ഇടത്), ശ്രീയ രമേഷ്

നടി ശ്രീയ രമേശിന്റെ ചിത്രം ഉപയോഗിച്ച് വാട്ട്സാപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ മോശമായ രീതിയിൽ അപവാദപ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. ശ്രീയ സൈബർ സെല്ലിൽ നൽകിയ പരാതിയെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശ്രീയ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

ശ്രീയയുടെ കുറിപ്പ് വായിക്കാം– പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ സുഹൃത്തുക്കളെ, അപവാദ പ്രചാരണങ്ങള്‍ക്കിടയില്‍ ഒരു നിമിഷം പകച്ചു പോയ എനിക്ക്, ജീവിതത്തിലെ ആ പ്രതിസന്ധി ഘട്ടത്തില്‍ പിന്തുണ നല്‍കിയ എല്ലാവരോടും നന്ദി പറയുന്നു. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ ഈ കുറിപ്പിടുമ്പോള്‍ വലിയ ആശ്വാസം തോന്നുന്നു. എന്റെ ചിത്രത്തോടൊപ്പം സത്യവിരുദ്ധമായ കാര്യങ്ങള്‍ ചേര്‍ത്ത് വ്യാപകമായ പ്രചാരണം നടത്തിയതിനു തുടക്കമിട്ട വ്യക്തിയെ സൈബര്‍ പോലീസ് പിടികൂടിയ വിവരം അറിയിരിക്കുന്നു. ഇയാളാണ് ആ ചിത്രം എടുത്ത് ആദ്യമായി പോസ്റ്റ് ചെയ്തത്. തുടര്‍ന്ന് വലിയ തോതില്‍ അപവാദ പ്രചരണം നടക്കുകയായിരുന്നു. അതിനെ തുടര്‍ന്ന് സൈബര്‍ സെല്ലില്‍ പരാതി നല്‍കിയത് എനിക്ക് വേണ്ടിമാത്രമല്ല സമാനമായ അവസ്ഥ നേരിടുന്ന സ്ത്രീകള്‍ക്ക് പിന്തുണ നല്‍കുവാനും ഇത്തരക്കാര്‍ക്കെതിരെ പ്രതികരിക്കുവാന്‍ അവര്‍ക്ക് ആത്മവിശ്വാസം നല്‍കുവാന്‍ കൂടെയായിരുന്നു. എന്റെ പരാതി സ്വീകരിക്കുകയും തുടര്‍ നടപടികള്‍ എടുക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കും സൈബര്‍ വിദഗ്ദര്‍ക്കും നന്ദി പറയുന്നു.

പ്രതിയായ സുബിന്‍ സുരേഷ് എന്ന വ്യക്തിയെ പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് എന്നെ തിരുവനന്തപുരത്തെ സൈബര്‍ സെല്‍ ഓഫീസിലെക്ക് വിളിച്ചു. ഞാന്‍ ചെന്നു, കമ്മീഷണറും മറ്റു ഉദ്യോഗസ്ഥരും എന്നോട് വിവരങ്ങള്‍ പറഞ്ഞു. എനിക്കു പ്രതിയോട് സംസാരിക്കാമോ എന്ന് ചോദിച്ചു, അവര്‍ അനുവദിച്ചപ്പോള്‍ എന്തിനായിരുന്നു എന്നെ അപമാനിക്കുവാന്‍ ശ്രമിച്ചതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. ഒരു രസത്തിനെന്നായിരുന്നു അയാളുടെ മറുപടി. തുടര്‍ന്ന് അയാള്‍ തനിക്കൊരു കുടുംബമുണ്ടെന്നും, ചേച്ചി മാപ്പു തരണമെന്നും കരഞ്ഞു പറഞ്ഞു.

ഞാന്‍ അനുഭവിച്ച വേദനയും അപമാനവും ഓര്‍ത്തപ്പോള്‍ ആദ്യം അയാളോട് എനിക്ക് കടുത്ത വെറുപ്പ് തോന്നി. ഒരു ഒത്തു തീര്‍പ്പിനും ഞാന്‍ തയ്യാറാകില്ലെന്ന് പറഞ്ഞു. എന്നാല്‍ ഭാര്യയും കുട്ടികളും ഉണ്ടെന്നും പോലീസ് കേസെടുത്ത് കോടതിയിലേക്ക് കൈമാറിയാല്‍ അയാള്‍ക്ക് ഉറപ്പായും ശിക്ഷയും ലഭിക്കും എന്നെല്ലാം അയാള്‍ പറഞ്ഞു. അയാള്‍ ചെയ്ത തെറ്റിന്റെ ഗൗരവം പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു മനസ്സിലാക്കി.

ഇയാള്‍ മാത്രമല്ല ചിത്രവും ഒപ്പം അപമാനകരമായ കമന്റുകളും ഓണ്‍ലൈന്‍ വഴി പ്രചരിപ്പിച്ച ബാക്കി ഉള്ളവരെ കുറിച്ച് അന്വേഷണം നടന്നു വരികയാണ് ഇപ്പോള്‍. അതിനാല്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം ഇപ്പോള്‍ എടുക്കുന്നില്ല. എന്തായാലും പ്രതിയെ പിടികൂടിയതില്‍ ഞാന്‍ വളരെ സംതൃപ്തയാണ്. എന്നെ പിന്തുണച്ച നല്ലവരായ സിനിമാ സഹപ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ആരാധകര്‍, പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെന്നിവര്‍ക്കും നന്ദി പറയുന്നു. സൈബര്‍ ഇടങ്ങളില്‍ തമാശയ്ക്ക് പോലും പോസ്റ്റു ചെയ്യുന്നത് പിന്നീട് എത്ര ഗൌരവമുള്ള കാര്യമായി മാറുന്നു എന്ന് ചിന്തിക്കുക. സ്ത്രീകളെ അപമാനിക്കുവാന്‍ ചിത്രങ്ങളും കമന്റുകളും പോസ്റ്റു ചെയ്യുന്നവര്‍ ഓര്‍ക്കുക സൈബര്‍ സെല്ലിനു അനായാസമായി കുറ്റവാളികളെ പിടികൂടുവാന്‍ സാധിക്കും. ശ്രീയ പറഞ്ഞു.