Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിലമ്പൂരിലെ ‘മൊയ്ദീനും കാഞ്ചനമാലയും’ ഒടുവിൽ ഒന്നായി

babumon-nazeera ബാബുമോൻ ജോസഫും നസീറയും

ഏറെ വിപ്ലവം സൃഷ്ടിച്ച മൊയ്ദീൻ - കാഞ്ചനമാല പ്രണയം മുക്കത്ത് മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. നിലമ്പൂരിനും ഉണ്ട് ഇതുവരെ അറിയപ്പെടാത്ത ഒരു മൊയ്ദീൻ - കാഞ്ചനമാല പ്രണയത്തെക്കുറിച്ച് പറയാൻ. എന്നാൽ ഇവരുടെ പ്രണയം സിനിമയായില്ല, മുക്കത്തെ കഥപോലെ ട്രാജഡിയും ആയില്ല എന്ന് പറയാം.

രണ്ടര പതിറ്റാണ്ട്‌ നീണ്ട പ്രണയത്തിനൊടുവിൽ നിലമ്പൂരിലെ ഈ പ്രണയജോഡികൾ ഇന്നലെ ഒന്നായി. നിലമ്പൂർ മുക്കട്ടയിലെ ബാബുമോൻ ജോസഫും നസീറയുമാണ്‌ ഈ കഥയിലെ മൊയ്ദീനും കാഞ്ചനമാലയും. യഥാർത്ഥ മൊയ്ദീൻ - കാഞ്ചനമാല പ്രണയ കഥയോട് ഏറെ സാമ്യമുള്ളതാണ് ഇവരുടെയും കഥ. ഇരുവരും വ്യത്യസ്ത മതക്കാർ , പേര് കേട്ട കുടുംബത്തിൽ നിന്നുള്ളവർ വീട്ടുകാർ ഇവരുടെ പ്രണയത്തെ അംഗീകരിച്ചില്ല.

babumon-nazeera-weding

ഇരുവീട്ടുകാരും വിവാഹത്തിന്‌ എതിരായതു കൊണ്ടാണ്‌ പ്രണയാന്ത്യത്തിന്‌ രണ്ടര പതിറ്റാണ്ട്‌ വേണ്ടിവന്നത്‌. ക്രിസ്ത്യൻ മത വിശ്വാസിയായ ബാബുമോൻ മുസ്‌ലിം യുവതിയെ വിവാഹം കഴിക്കുന്നതിന്‌ മതകുടുംബങ്ങൾ അനുവദിച്ചില്ല, തിരിച്ചും അങ്ങനെ തന്നെ . കുടുംബക്കാരുടെ മനസ്സ് മാറും എന്ന് കരുതി കാത്തിരുന്നു. എന്നാൽ അത് വെറുതെയായി. ഒടുവിൽ മതമില്ലാതെ വിവാഹിതരായി ജീവിക്കുവാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

Ennu Ninte Moideen

ഇന്നലെ ഉച്ചക്ക്‌ രണ്ടുമണിക്ക്‌ വിവാഹിതരാകാൻ തീരുമാനം എടുത്ത ഇരുവരും വൈകിട്ട്‌ 4 മണിക്ക്‌ നിലമ്പൂർ ഓഫീസേഴ്സ്‌ ക്ലബ്ബിലേക്ക്‌ വരുവാൻ സുഹൃത്തുക്കളെ അറിയിച്ചു . പെട്ടെന്ന് നൂറോളം പേർ ഒത്തുകൂടി. സി.പി.ഐ.(എം) സംസ്ഥാന കമ്മിറ്റി അംഗം പി.കെ.സൈനബ താലി എടുത്ത്‌ കൊടുത്തു.കേരളാ യുക്തിവാദി സംഘം മലപ്പുറം ജില്ലാ സെക്രെട്ടറി അഡ്വ: കെ കെ.രാധാകൃഷ്ണൻ വധുവിന്‌ മാലയും ബൊക്കെയും നൽകി . അങ്ങനെ ജാതി രഹിതമതരഹിതവിവാഹജീവിതത്തിന്‌ നിലമ്പൂരിലെ മൊയ്ദീൻ- കാഞ്ചനമാല ദമ്പതികൾ തുടക്കം കുറിച്ചു