Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയെ വെല്ലും ഈ സംഭവകഥ

സത്യം നമുക്ക് മൂടി വയ്ക്കാം. പക്ഷേ ഒരു നാള്‍ അതു മറ നീക്കി പുറത്തു വരും. അന്തിമവിജയം എപ്പോഴും സത്യത്തിനായിരിക്കും. 13 വര്‍ഷങ്ങള്‍ നീണ്ട കേസിനൊടുവില്‍ സല്‍മാന്‍ തല താഴ്ത്തി ജയിലിലേക്ക് നടക്കുമ്പോള്‍ കേവലമൊരു സിനിമാ ഡയലോഗിനപ്പുറത്തേക്ക് ഇൌ വാക്കുകള്‍ ഒരു പ്രപഞ്ച സത്യമായി നമ്മുടെ കാതില്‍ മുഴങ്ങും.

വെള്ളിത്തിരയില്‍ നായകവേഷങ്ങള്‍ മാത്രം ആടിത്തിമിര്‍ത്ത ബോളിവുഡിന്റെ മോസ്റ്റ് എലിജിള്‍ ബാച്ചിലര്‍ ഇനി മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലില്‍. പണവും പദവിയും അധികാര കേന്ദ്രങ്ങളിലെ സ്വാധീനവുമൊന്നുംരക്ഷയ്ക്കെത്തിയില്ലെങ്കില്‍ ഇനി 5 കൊല്ലം ആ തടവറയ്ക്കുള്ളില്‍ കൊടും കുറ്റവാളികള്‍ക്കൊപ്പം. അവിടുത്തെ ഇടനാഴികളും ചുവരുകളും അദ്ദേഹത്തോട് ഒരു കഥ പറയും. ഇരുമ്പഴികള്‍ക്കുള്ളില്‍ നിന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ സാധിക്കും. രവീന്ദ്ര പാട്ടീല്‍ എന്ന യുവാവിന്റെ ഗന്ധവും ആ ആത്മാവിന്റെ സാമീപ്യവും.

2002 ഫെബ്രുവരി- കഥയുടെ തുടക്കം

മുംബൈ അധോലോകത്തില്‍ നിന്ന് തനിക്ക് നിരന്തരം വധഭീഷണി ഉണ്ടാകുന്നെന്ന് കാണിച്ച് സല്‍മാന്‍ ഖാന്‍ പൊലീസിന് പരാതി നല്‍കി. താരത്തിന്റെ പരാതി ഗൌരവമുള്ളതാണെന്ന് മനസ്സിലാക്കിയ പൊലീസ് അദ്ദേഹത്തിന് സേനയില്‍ നിന്ന് തന്നെ ഒരു ബോഡി ഗാര്‍ഡിനെ ഏര്‍പ്പാടാക്കി കൊടുത്തു. ആ നറുക്ക് വീണത് 24-കാരനായ രവീന്ദ്ര പാട്ടീല്‍ എന്ന യുവ കോണ്‍സ്റ്റബിളിന്.

സുമുഖനും ആരോഗ്യവാനുമായ ആ ചെറുപ്പക്കാരന്‍ അങ്ങനെ സല്‍മാന്റെ സന്തത സഹചാരിയായി. പോകുന്നിടത്തൊക്കെ ഒരു നിഴല്‍ പോലെ അയാള്‍ സല്‍മാനെ പിന്തുടര്‍ന്നു. ആരും അടുത്ത് കാണാന്‍ കൊതിക്കുന്ന താരത്തിന്റെ കാവല്‍ക്കാരന്റെ ജോലി പാട്ടീലിനും നന്നേ ബോധിച്ചു.

2002 സെപ്റ്റംബര്‍ 28- കഥയിലെ വഴിത്തിരിവ്

തീര്‍ത്തും നിര്‍ഭാഗ്യകരമായ ആ സംഭവം നടന്ന ദിവസം രാത്രി സല്‍മാന്‍ ജുഹുവിലുള്ള മാരിയറ്റ് ഹോട്ടലിലിരുന്ന് മദ്യപിക്കുകയായിരുന്നു. രവീന്ദ്ര പാട്ടീലാകട്ടെ പുറത്ത് സല്‍മാന്റെ കാറിലും. ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങി തിരികെ വീട്ടിലേക്ക് അതിവേഗതയില്‍ കാറോടിച്ചപ്പോള്‍ തന്നെ രവീന്ദ്ര പാട്ടീല്‍ അദ്ദേഹത്തോട് വേഗത കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം വേഗത കുറയ്ക്കാന്‍ കൂട്ടാക്കിയില്ല. പിന്നീടാണ് അപകടം നടക്കുന്നത്.

അപകടമുണ്ടായ ശേഷവും സല്‍മാന് അപകടത്തില്‍പെട്ടവരെ രക്ഷിക്കുന്നതിനേക്കാള്‍ ധൃതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടാനായിരുന്നുവെന്ന് പാട്ടീല്‍ പിന്നീട് മൊഴി നല്‍കി. 8 മണിക്കൂറുകള്‍ക്ക് ശേഷം സല്‍മാന്‍ അറസ്റ്റിലാകുമ്പോള്‍ നടത്തിയ പരിശോധനിയില്‍ അദ്ദേഹത്തിന്റെ രക്തത്തിലെ മദ്യത്തിന്റെ അംശം 65 മില്ലീ ഗ്രാം ആയിരുന്നു. സല്‍മാനെതിരെ പാട്ടീല്‍ പൊലീസില്‍ മൊഴി കൊടുക്കുകയും ചെയ്തു.

ഇനി സിനിമയെ വെല്ലും സംഭവകഥ

കേസ് വലിച്ചു നീട്ടി. അതിനിടെ പ്രധാന സാക്ഷിയായ പാട്ടീലിനെ സ്വാധീനിക്കാന്‍ 'പല വഴി പലര്‍' ശ്രമിച്ചു. പക്ഷേ അദ്ദേഹം തന്റെ മൊഴിയില്‍ ഉറച്ചു നിന്നു. പൊലീസ് സേനയിലെ ഏറ്റവും താഴേക്കിടയിലുള്ള ഒരാള്‍ക്ക് താങ്ങാവുന്നതിലധികമായി ആ 'സ്വാധീനശ്രമങ്ങള്‍'. സല്‍മാനാവട്ടെ കിട്ടാവുന്നതില്‍ വച്ച് ഏറ്റവും മികച്ച വക്കീലിനെ കേസും ഏല്‍പിച്ചു. ഒടുവില്‍ സമ്മര്‍ദ്ദം താങ്ങാനാവാതെ ഒരു നാള്‍ രവീന്ദ്ര പാട്ടീല്‍ എങ്ങോട്ടോ ഒാടിപ്പോയി. പാട്ടീലിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരന്‍ പൊലീസില്‍ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

úകേസിന്റെ വാദം കേള്‍ക്കാനായി കോടതി കൂടിയപ്പോഴൊന്നും പാട്ടീല്‍ ഹാജരായില്ല. കേസിന്റെ മുന്നോട്ടുള്ള പോക്ക് തന്നെ പാട്ടീലിന്റെ അഭാവത്തില്‍ പൂര്‍ണമായി നിലച്ചു. ഒരു ലീവ് പോലും എഴുതി നല്‍കാതെ പോയ അദ്ദേഹം എവിടെയാണെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ലായിരുന്നു. ഒടുവില്‍ ആ കേസിന്റെ എഫ്ഐആര്‍ തയ്യാറാക്കിയ ഉദ്യോഗസ്ഥന്‍ തന്നെ പാട്ടീലിനെതിരെ ഒരു അറസ്റ്റ വാറണ്ട് പുറപ്പെടുവിച്ചു.

പാട്ടീലിനെ പിടി കൂടാനായി പ്രത്യേക അന്വേഷണ സംഘം തന്നെ രൂപീകരിക്കപ്പെട്ടു. അധികം കഷ്ടപ്പെടാതെ തന്നെ അവര്‍ അദ്ദേഹത്തെ മുംബൈയിലെ ഒരു ചെറുകിട ലോഡ്ജില്‍ നിന്ന് പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പാട്ടീലിനെ പിന്നീട് അര്‍തര്‍ റോഡ് ജയിലിലേക്ക് മാറ്റി. അദ്ദേഹം എന്തിന് ഒാടിപ്പോയെന്നോ എങ്ങോട്ട് പോയെന്നോ ഒരാളും അന്വേഷിച്ചില്ല.

ജയിലില്‍ മറ്റു കൊടും കുറ്റവാളികള്‍ക്കൊപ്പം പാട്ടീലും കിടന്നു. ജയില്‍ മോചിതനാക്കണമെന്ന് പല തവണ കോടതിയോടപേക്ഷിച്ചിട്ടും വിധി അനുകൂലമായില്ല. അവിടെ വച്ച് അദ്ദേഹത്തിന് ട്യൂബര്‍കുലോസിസ് പിടിപെട്ടു. മാസങ്ങള്‍ക്ക് ശേഷം പാട്ടീല്‍ ജയില്‍ മോചിതനായി. തിരിച്ചെത്തിയ അദ്ദേഹത്തെ വീട്ടുകാര്‍ സ്വീകരിച്ചില്ല. അതിനിടെ അദ്ദേഹത്തിന് തന്റെ ജോലിയും നഷ്ടമായിരുന്നു.

ആരോരുമില്ലാതായതോടെ പാട്ടീല്‍ വീണ്ടും എങ്ങോട്ടോ മറഞ്ഞു. 2007-ല്‍ മുംബൈയിലെ ഒരു തെരുവില്‍ ഭിക്ഷ തെണ്ടിയിരുന്ന പാട്ടീലിനെ അദ്ദേഹത്തിന്റെ സുഹൃത്ത് തിരിച്ചറിഞ്ഞു. മൃതപ്രായനായ അദ്ദേഹത്തെ ആ സുഹൃത്ത് അവിടുത്തെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലാക്കി. അരോഗദൃഢഗാത്രനായിരുന്ന ആ ചെറുപ്പക്കാരന്‍ അപ്പോഴേക്ക് എല്ലുകള്‍ മാത്രമുള്ള വെറുമൊരു ശരീരമായി മാറിയിരുന്നു. ആരും തിരിഞ്ഞു നോക്കാനില്ലാതെ രക്തം ഛര്‍ദ്ദിച്ച് നരകിച്ച് ഒടുവില്‍ 2007 ഒക്ടോബര്‍ 4-ന് അദ്ദേഹം ഇൌ ലോകത്തോട് വിട പറഞ്ഞു.

മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പ് അദ്ദേഹം ആ സുഹൃത്തിനോട് പറഞ്ഞത് ഇതാണ്. ''ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നു. പക്ഷേ ഡിപ്പാര്‍ട്ട്മെന്റ് എന്റെ കൂടെ നിന്നില്ല. എനിക്ക് എന്റെ ജോലി തിരികെ വേണം. എനിക്ക് ജീവിക്കണം''. ആരും കേള്‍ക്കാത്ത ഗദ്ഗദമായി ആ വാക്കുകള്‍ ഒടുങ്ങിയപ്പോഴും പുറത്ത് സല്‍മാന്റെ സിനിമകള്‍ക്ക് ഹര്‍ഷാരവം മുഴക്കുകയായിരുന്നു ആരാധകര്‍.

കൊല്ലാം പക്ഷേ തോല്‍പിക്കാനാവില്ല

വിപ്ളവനായകന്റെ ഇൌ വാക്കുകള്‍ വെറും പറച്ചിലല്ല എന്നു രവീന്ദ്ര പാട്ടീല്‍ എന്ന ഇൌ പൊലീസുകാരന്റെ കഥ കേള്‍ക്കുമ്പോള്‍ നമുക്ക് ബോധ്യമാകും. മനസ്സില്‍ നായകന്റെ വേഷം ഉറപ്പിച്ച നടന് വില്ലന്റെ മുഖച്ഛായ കൊടുക്കാന്‍ ആരും ഇഷ്ടപ്പെടില്ല. പക്ഷേ സത്യത്തിന്റെ മുഖം എന്നും വികൃതമാണല്ലോ.

രവീന്ദ്ര പാട്ടീല്‍ ഞങ്ങള്‍ക്കറിയാം താങ്കള്‍ സമാധാനത്തോടെയല്ല ഉറങ്ങുന്നതെന്ന്. പക്ഷേ ഒന്നുറപ്പ് പറയാം ഒരിക്കലും തളരാത്ത പോരാട്ട വീര്യത്തിന്റെ പര്യായമായി താങ്കള്‍ എന്നെങ്കിലും ഒാര്‍മിക്കപ്പെടും. ഒരു പക്ഷേ നായകന്‍ വില്ലനായ ഇൌ സംഭവ കഥയില്‍ നിന്ന് നാളെ ഒരു സിനിമ തന്നെ പിറന്നേക്കാം. പക്ഷേ ഒന്നുറപ്പ് പറയാം. ''ഇന്‍ ഫ്യൂച്ചര്‍ യു വില്‍ റെസ്റ്റ് ഇന്‍ പീസ്''