Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഭിനയത്തിൽ തിളങ്ങാൻ അസിസ്റ്റന്റ് കലക്ടർ

divya-ias.jpg.image.784.410 ദിവ്യ എസ് അയ്യർ

നാടകങ്ങളും ഏകാംഗഭിനയവുമൊക്കെയായി പഠിക്കുന്ന കാലം കലയ്ക്കൊപ്പം ആഘോഷമാക്കിയാണ് ദിവ്യ എസ് അയ്യർ ഇതുവരെയെത്തിയത്. സിവിൽ സർവീസിൽ കയറിയാലും തനിക്കുള്ളിലെ കലാകാരിയെ മാറ്റിനിർത്താൻ ദിവ്യ തയ്യാറല്ല. ഇതാ ഇനി വെള്ളിത്തിരയിലേക്കും തന്റെ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ് സിവിൽ സർവീസിലെ പുത്തൻ തലമുറക്കാരി. വാർധക്യം വൃദ്ധസദനത്തിലുള്ളിലെ ചുവരുകൾക്കുള്ളിലേക്ക് തളച്ചിടപ്പെടുന്നവരെ ഓർമിച്ചെടുക്കുന്ന ചെറുചിത്രത്തിൽ കെപിഎസി ലളിതയ്ക്കൊപ്പം മുഖ്യവേഷം ചെയ്ത് ദിവ്യയുമുണ്ടാകും.

സാമൂഹിക പ്രതിബന്ധതയുള്ള വിഷയമെന്നതിലുപരി ഇതു വഴി സമൂഹത്തിന് നല്ലൊരു സന്ദേശം പകരാനാകുമെന്നതും കൂടിയാണ് ഷോർട്ട് ഫിലിമിൽ അഭിനയിക്കാമെന്ന തീരുമാനത്തിലെത്തിച്ചത്. സബ്കലക്ടർ ആയിരിക്കുന്ന സമയത്ത് നമ്മളേറ്റവുമധികം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലൊന്നാണ് വയോജന സംരക്ഷണം. അച്ഛനേയും അമ്മയേയും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഒരുപാട് കുടുംബങ്ങളോട് സംസാരിക്കേണ്ടി വരാറുണ്ട്. ഒരു സിനിമയിലൂടെ അത് പറയുമ്പോൾ നമ്മള്‍ സംസാരിക്കുന്നതിന്റെ നൂറിരട്ടി ഫലമായിരിക്കുമുണ്ടാകുക. ഐഎഎസുകാരിയെന്ന പദവിക്കൊപ്പം അഭിനേത്രി കൂടിയാകുന്നതിനു പിന്നിലെ കാരണം ദിവ്യ വ്യക്തമാക്കി.

അഭിനയിക്കാൻ ഇഷ്ടമാണ്. പഠിക്കുന്ന സമയത്ത് ഡ്രാമയും മോണോ ആക്ടുമൊക്കെ ഒരുപാട് ചെയ്തിട്ടുണ്ട്. സിവിൽ സർവീസിൽ വന്ന ശേഷം കുറേ ഓഫറുകൾ വന്നിരുന്നു. വെറുതെ അഭിനയിക്കാനായി അഭിനയിച്ചിട്ട് കാര്യമില്ലോ. അത് എന്റെ പ്രൊഫഷനുമായി ബന്ധപ്പെട്ട് നിൽക്കണമെന്നുണ്ടായിരുന്നു. സമൂഹത്തിന് നല്ലൊരു സന്ദേശം അതുവഴി കൊടുക്കണമെന്നുണ്ടായിരുന്നു. നല്ല ഓഫറുകൾ വന്നാൽ സിനിമ ചെയ്യാനിഷ്ടമാണ്. ദിവ്യ പറഞ്ഞു. ബെന്നി ആശംസയാണ് ഏലിയാമ്മ ചേട്ടത്തിയുടെ ആദ്യ ക്രിസ്മസ് എന്ന ചെറുചിത്രം എഴുതി സംവിധാനം ചെയ്യുന്നത്. ജൂണിൽ ചിത്രീകരണം ആരംഭിക്കും.

വെല്ലൂർ ക്രിസ്റ്റ്യൻ മെഡിക്കൽ കോളെജിൽ നിന്ന് എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ദിവ്യ 48ാം റാങ്കോടെയാണ് 2013ൽ സിവിൽ സർവീസ് നേടുന്നത്. കോട്ടയം അസിസ്റ്റന്റ് കളക്ടറായിരിക്കേ സംഗീത കച്ചേരികളും നൃത്തപരിപാടികളുമായി കലാരംഗത്ത് നിറഞ്ഞു നിന്നിരുന്നു.