Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹെലികോപ്റ്ററിൽ പ്രചാരണത്തിനെത്തിയ സുരേഷ് ഗോപിക്ക് കിട്ടിയ പണി

suresh-gopi

ദേ പോയി, ദാ വന്നു എന്നു പറയുംപോലെ രാജ്യസഭാംഗം സുരേഷ് ഗോപിയുടെ മണ്ഡല സന്ദർശനം സിനിമാറ്റിക് ആയി. ഹെലികോപ്റ്ററിൽ എത്തിയെങ്കിലും ഇറങ്ങാൻ പറ്റാതെ തിരിച്ചുപറന്ന സുരേഷ് ഗോപി അഞ്ചു മണിക്കൂറിനു ശേഷം ഇറങ്ങി. ഇന്നലെ രാവിലെ എട്ടിന് ഏന്തയാർ ജെജെ മർഫി സ്കൂൾ ഗ്രൗണ്ടിൽ എൻഡിഎ പ്രവർത്തകർ സുരേഷ് ഗോപിയുടെ വരവും കാത്തുനിന്നു. പൂഞ്ഞാർ മണ്ഡലത്തിലെ പ്രചാരണത്തിനു വേണ്ടിയായിരുന്നു നടന്റെ വരവ്.

സ്വീകരണ സ്ഥലമായ മുണ്ടക്കയത്തും രാവിലെ എട്ടുമുതൽ ആളുകളെത്തിയിരുന്നു. ‘കാസർകോട് നിന്നെത്തുന്ന സുരേഷ് ഗോപി ഒരു മണിക്കൂർ വൈകി ഒൻപതോടെ ഇൗ ഗ്രൗണ്ടിൽ പറന്നിറങ്ങും’ എന്ന് അറിയിപ്പ് ആദ്യം വന്നു.

കൃത്യം 9.10ന് വാഗമൺ കുന്നിനു മുകളിലൂടെ ഹെലികോപ്റ്റർ പറന്നടുത്തു. സുരേഷ് ഗോപി എംപിക്ക് ഏന്തയാറിന്റെ മണ്ണിലേക്കു സ്വാഗതം എന്ന അനൗൺസ്മെന്റ് മുഴങ്ങിയെങ്കിലും ഹെലികോപ്റ്റർ ദിശമാറി പറന്നു മേഘങ്ങളിൽ മറഞ്ഞു. ആർക്കും ഒന്നും പിടികിട്ടിയില്ല. അടുത്ത അറിയിപ്പെത്തി. ഹെലികോപ്റ്ററിൽ ഇന്ധനം നിറയ്ക്കുന്നതിനും സുരേഷ് ഗോപിക്കു ഭക്ഷണംകഴിക്കുന്നതിനുമായി കൊച്ചിയിലേക്കു പോയതാണ്, അരമണിക്കൂറിനുള്ളിൽ എത്തിച്ചേരും. വീണ്ടും നീണ്ട കാത്തിരിപ്പിനൊടുവിൽ ഏന്തയാറിലെ നേതാവിന്റെ ഫോണിലേക്കു കോൾ. ‘ഹെലികോപ്റ്റർ വരുന്നുണ്ട്, കാളകെട്ടി വഴി പോകുന്നതു കണ്ടു.’ 15 മിനിറ്റ് കഴിഞ്ഞിട്ടും മാനത്ത് ഒന്നും കാണാനില്ല. ‌അടുത്ത അറിയിപ്പ് ഇതായിരുന്നു: ഹെലികോപ്റ്റർ വഴി തെറ്റി കറിക്കാട്ടൂർ സ്കൂൾ ഗ്രൗണ്ടിൽ ഇറങ്ങി. കഴി‍‍ഞ്ഞ ആഴ്ച മണിമലയിൽ പ്രചാരണത്തിനെത്തിയ ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഇറങ്ങിയ കറിക്കാട്ടൂരിലെ ഹെലിപാഡിലാണ് സുരേഷ് ഗോപിയും ഇറങ്ങിയത്.

kottayam-suresh-gopi-mundak.jpg.image.784.410 ഏന്തയാർ ജെജെ മർഫി സ്കൂൾ ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ ഇറങ്ങിയ രാജ്യസഭാംഗം സുരേഷ് ഗോപി ജനങ്ങൾക്കിടയിൽ.

അന്നത്തെ പൈലറ്റു തന്നെയാണു ഹെലികോപ്റ്റർ പറത്തിയത്. അദ്ദേഹത്തിന് അറിയാവുന്ന കറിക്കാട്ടൂരിൽ ഇറക്കുകയായിരുന്നു എന്നായി സംസാരം. ഏന്തയാർ ഗ്രാമത്തിന്റെ മുകളിലൂടെ പറന്നിട്ടും ദിശ അറിയാൻ മാർഗമില്ലാതായതാണു പ്രശ്നമായതെന്ന് അറിഞ്ഞതോടെ ദിശ അറിയിക്കുവാൻ പുക ഉയർത്തുക എന്ന ആശയം ആരുടെയോ തലയിൽ ഉയർന്നു. ഉടൻ തന്നെ ഏന്തയാറിലെ മൈതാനത്തിന്റെ ഇടത്തേ അറ്റത്ത് കമ്പുകളും കടലാസുകളും കൂട്ടിയിട്ടു കത്തിച്ച് പുക ഉയർത്താൻ ശ്രമം ആരംഭിച്ചു.

പൊങ്ങാത്ത പുക ഗ്രൗണ്ടിനെ മൂടിയതു മാത്രം ബാക്കി. അടുത്ത മാർഗമായി ഹൈഡ്രജൻ ബലൂണിൽ ബിജെപിയുടെ ഷാൾ കെട്ടി ആകാശത്തേക്ക് ഉയരത്തിൽ കെട്ടി നിർത്തി. കറിക്കാട്ടൂരിൽ നിന്നു പറന്നുയർന്ന ഹെലികോപ്റ്ററിനു പക്ഷേ, ഈ നാടൻ സിഗ്നലുകൾ വഴികാണിച്ചില്ല. വീണ്ടും നേരെ കൊച്ചിയിലേക്കു പോയി. ഹെലികോപ്റ്ററിന് ദിശ അറിയിക്കാൻ ജിപിഎസ് സിഗ്നൽ നൽകാൻ മാർഗമില്ല. ഒരു മണിയായി. ഏന്തയാറിൽ ചാറ്റൽ മഴ വീണു. ഇനി സുരേഷ് ഗോപി എത്തില്ല എന്ന അഭ്യൂഹവും പരന്നു.

കൊച്ചിയിൽ നിന്നു വീണ്ടും പറയന്നുയർന്ന വിവരം അറിഞ്ഞെങ്കിലും ജനങ്ങളെ അറിയിക്കാൻ നേതാക്കൾക്ക് ഒരു മടി. ഒടുവിൽ 1.45ന് ഹെലികോപ്റ്റർ കണ്ണിൽപെട്ടതോടെ ഗ്രൗണ്ടിൽ എല്ലാവരും ആവേശത്തിലായി. വഴി തെറ്റാതെ മൈതാനത്തു പറന്നിറങ്ങി. തുറന്ന വാഹനത്തിൽ സുരേഷ് ഗോപിയെയും സ്വീകരിച്ചു മുണ്ടക്കയത്തേക്കു യാത്രയായി. ‌പൂഞ്ഞാർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി എം.ആർ ഉല്ലാസിനെ വിജയിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യർഥിച്ച ശേഷമാണു സുരേഷ് ഗോപി മടങ്ങിയത്. 

Your Rating: