Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിനിമയല്ല, ഇതു പച്ചയായ ജീവിതം

tp-madhavn

അല്ലെങ്കിലും സിനിമ അങ്ങനെയാണ്. തിളങ്ങുന്നവരെ വണങ്ങും. അല്ലാത്തവരോട് പിണങ്ങും. പണ്ട് തിളങ്ങി നിന്നിരുന്ന പിന്നീട് എല്ലാവരാലും അവഗണിക്കപ്പെട്ട എത്രയോ താരങ്ങളുണ്ട്, അണിയറ പ്രവർത്തകരുണ്ട് മലയാള സിനിമയിൽ. അക്കൂട്ടത്തിലേക്ക് ഒടുക്കം നടന്നു കയറിയ ആളായിരിക്കും ടി പി മാധവൻ. എന്നേ അവഗണിക്കപ്പെട്ടതാണ്. പക്ഷേ ലോകം അറിഞ്ഞത് ഇൗയിടെയ്ക്കാണെന്നു മാത്രം.

മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ ടി.പി മാധവൻ അശരരണര്‍ക്ക് തണലായ് മാറിയ പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ് ഇപ്പോൾ. കുടുംബാംഗങ്ങളോ സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത് അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്.‌‌

madhavan

കഴിഞ്ഞ ഒക്ടോബര്‍ 23 ന് ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നുവീണ ടി.പി.മാധവനെ തിരക്കി ആരും െചന്നില്ല. കാരണം സ്വന്തമെന്ന് പറയാൻ ഉണ്ടായിരുന്നവർക്കൊന്നും അദ്ദേഹത്തെ വേണ്ടായിരുന്നു. അമേരിക്കയിലുള്ള സഹോദരി അയച്ചുനല്‍കുന്ന തുകയും ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ നല്‍കുന്ന കൈനീട്ടവുമായിരുന്നു ഏക സമ്പാദ്യം. തമ്പാന്നൂര്‍ ‘ഗാമ ലോഡ്ജിലെ’ ചെറിയൊരു മുറിയിലായിരുന്നു താമസം. ഹരിദ്വാറിൽ നിന്ന് തിരികയെത്തിയപ്പോഴും അങ്ങോട്ടേക്ക് തന്നെയാണ് പോയതും.

മോശമായ ആരോഗ്യഅവസ്ഥയിലും ഹരിദ്വാറിലേയ്ക്ക് വീണ്ടും പോകാൻ തയാറെടുക്കുന്ന സമയത്താണ് സീരിയൽ സംവിധായകനും സുഹൃത്തുമായ പ്രസാദ് നൂറനാട് അദ്ദേഹത്തെ കാണുന്നത്. ഇനിയും ഹരിദ്വാറിന് പോയാൽ അദ്ദേഹത്തിന്റെ ജീവന് ഭീഷണിയാകുമെന്ന് തോന്നിയ പ്രസാദ് ഗാന്ധിഭവന്‍ സാരഥി സോമരാജുമായി ബന്ധപ്പെടുകയും അങ്ങനെ മാധവേട്ടനെ അവിടെ പ്രവേശിപ്പിക്കുകയുമായിരുന്നു.

prasad-madhavan പ്രസാദ് നൂറനാടിനൊപ്പം മാധവൻ

മാധവൻ ചേട്ടൻ ഇപ്പോൾ വളരെ സന്തോഷവനാണ്. കുറച്ച് ചുറുചുറുക്കൊക്കെ വന്നിട്ടുണ്ട്. പൊതുവേ ആശ്രമ ജീവിതം ആഗ്രഹിക്കുന്ന ആളാണ് മാധവൻ ചേട്ടൻ. ഇവിടെ ഇപ്പോൾ അദ്ദേഹത്തിന് വായിക്കാൻ പുസ്തകങ്ങളും സംസാരിക്കാൻ സുഹൃത്തുക്കളുമുണ്ട്. സോമരാജൻ പറയുന്നു.

ഏകദേശം മുപ്പത് വർഷത്തോളമായി അദ്ദേഹം ഭാര്യയും മക്കളുമായി അകന്നു കഴിയുകയാണ്. ഇത്രയും സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു മകനും മകളുമാണ് മാധവന്.

മകളുടെ വിവാഹം പോലും അദ്ദേഹത്തെ അറിയിച്ചിരുന്നില്ല. ടി.പി.മാധവന്റെ മകനാകട്ടെ ഇപ്പോള്‍ ബോളിവുഡിലെ ഹിറ്റ് സംവിധായകനാണ്. അക്ഷയ് കുമാര്‍ നായകനായി എത്തിയ എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ രാജ കൃഷ്ണ മേനോന്‍.

സിനിമയിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു. ഇക്കാര്യം ‍ഞാൻ പല സിനിമാപ്രവർത്തകരോടും വിളിച്ചു പറഞ്ഞെങ്കിലും അവരാരും തിരിഞ്ഞു നോക്കിയില്ല. ജീവിതത്തിലെ ഈ ഒറ്റപ്പെട്ട അവസ്ഥയിലും അദ്ദേഹത്തെ ഒന്ന് കാണാനോ സംസാരിക്കാനോ സുഹൃത്തുക്കളെന്ന് പറയുന്ന ആരും വന്നിട്ടില്ല.

madhavan-gandhibhavan

‘ജീവിതം മടുത്ത് എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ ശിഷ്ടകാലം ജീവിച്ചുതീര്‍ക്കാൻ അദ്ദേഹത്തിന് താൽപര്യമുണ്ടെന്ന് എന്നോട് പറയുകയുണ്ടായി. ഇതിന് ട്രെയിൻ ടിക്കറ്റ് എടുത്തു തരണമെന്നും പറഞ്ഞു. എന്നാൽ ആരോഗ്യസ്ഥിതി തീരെ വഷളായിരുന്നു. ഞാൻ ടിക്കറ്റൊക്കെ ബുക്ക് ചെയ്തെങ്കിലും അദ്ദേഹത്തെ അവസ്ഥയിൽ വിടാൻ യാതൊരു താൽപര്യവുമില്ലായിരുന്നു. മാത്രമല്ല എന്നോടൊപ്പം നിന്ന സുഹൃത്തുക്കളും അദ്ദേഹത്തെ ഈ യാത്രയിൽ നിന്ന് പിന്തിരിപ്പിക്കാൻ നോക്കി. പ്രസാദ് നൂറനാട് പറയുന്നു.

അപ്പോൾ അദ്ദേഹം പറഞ്ഞത് ഒരേ ഒരു കാര്യമാണ്. ‘എനിക്ക് ഒരു എസി മുറിയിൽ താമസിക്കണം’. അങ്ങനെ അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം ഞങ്ങൾ‌ എസി മുറി എടുത്തുകൊടുത്തു. അതിന് ശേഷമാണ് പത്തനാപുരം ഗാന്ധിഭവനിലേക്ക് യാത്രയാകാമെന്ന് അദ്ദേഹം സമ്മതിക്കുന്നത്.

ഗാന്ധിഭവന്‍ സാരഥി സോമരാജന്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പത്തനാപുരം ഗാന്ധിഭവനില്‍ ഇന്ന് നടന്ന ചടങ്ങില്‍ നൂറുകണക്കിന് അന്തേവാസികളുടെയും പൌരപ്രമുഖരുടെയും സാന്നിധ്യത്തില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കി.

madhavan-story

ഇത്ര വലിയൊരു കലാകാരന് ഇങ്ങനെയൊരു ഗതിവന്നത് നോക്കിനില്‍ക്കാന്‍ സാധിക്കാത്തതിനാലാണ് താന്‍ ഇങ്ങനെയൊരു തീരുമാനം എടുത്തതെന്ന് പ്രസാദ് പറയുന്നു. സിനിമാ–സീരിയൽ രംഗത്തെ ആരും അദ്ദേഹത്തിന് വേണ്ടി രംഗത്തെത്താതിനെ തുടർന്നാണ് സുഹൃത്ത് ദിലീപ് ശ്രീധറിനെയും തന്റെ സഹസംവിധായകനായ സുധിന്‍ ലാലിനെയും കൂട്ടി പ്രസാദ് പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയത്.

ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി.പി.മാധവന് സ്വന്തമായി ഒരു മുറി തന്നെ സോമരാജൻ ഏർപ്പാടിക്കിയിട്ടുണ്ട്. മാത്രമല്ല ചികിത്സിക്കാന്‍ ഡോക്ടറെയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എം എൽ എ ഗണേശ് കുമാർ അദ്ദേഹത്തെ വന്നു കണ്ടിരുന്നു. അമേരിക്കയിലുള്ള സഹോദരിയും അദ്ദേഹത്തെ സന്ദർശിക്കാൻ എത്തി. മാധവേട്ടന്റെ അവസ്ഥ നാളെ ഏതു സിനിമാക്കാരനും സംഭവിച്ചേക്കാവുന്നതാണ്. വിധിക്കു മുന്നിൽ പകച്ചു നിൽക്കാനല്ലാതെ അദ്ദേഹത്തിനോ അദ്ദേഹത്തെ സ്നേഹിക്കുന്നവർക്കോ മറ്റെന്തു ചെയ്യാനാകും?