Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഈ സിനിമ കാണാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അനുമതി

school-bus-actors

സ്കൂളിൽ പോകാൻ നേരത്താണു വിദ്യാർഥികൾ സ്കൂൾബസ് കാത്തുനിൽക്കുന്നത്. എന്നാൽ, ‘സ്കൂൾബസ്’ എന്ന മലയാള സിനിമ റിലീസ് ചെയ്യാനായി കാത്തുനിൽക്കുന്നത് വിദ്യാർഥികൾ മാത്രമല്ല, ചെന്നൈയിലെ നാടകപ്രവർത്തകരുമാണ്. കേരളത്തിലെ തിയറ്ററുകൾക്കൊപ്പം ചെന്നൈയിലെ 14 തിയറ്ററുകളിൽ സ്കൂൾബസ് സിനിമ ഇന്നു മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ നിർമാതാവും ചെന്നൈയിലെ നാടകപ്രവർത്തകനുമായ എ.വി. അനൂപിന് ഈ സിനിമ വെറുമൊരു നിർമാണ സംരംഭം മാത്രമല്ല. ചിത്രത്തിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിച്ചിട്ടുള്ളത്. ഇതിനു മുൻപും സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിൽ കഥാഗതിയിൽ നിർണായക വഴിത്തിരിവാകുന്ന കഥാപാത്രമാണ്. നിർമാതാവിന് ഒരു വേഷം നൽകുകയെന്നതിനപ്പുറം അനൂപിലെ അഭിനേതാവിനെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു സംവിധായകനായ റോഷൻ ആൻ‍ഡ്രൂസ് ചിത്രത്തിലേക്കു ക്ഷണിച്ചതും.

അനൂപിന്റെ നേതൃത്വത്തിൽ ചെന്നൈയിൽ അവതരിപ്പിച്ച നാടകം കാണാൻ എത്തിയ റോഷൻ ആൻഡ്രൂസ് അനൂപിന്റെ അഭിനയം കണ്ടാണ് സിനിമയിലെ അമ്മാവൻ എന്ന കഥാപാത്രത്തിനു രൂപം നൽകിയത്. അതേ നാടകത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച നടി സ്റ്റെഫിയും ‘സ്കൂൾ ബസിൽ’ അഭിനയിക്കുന്നുണ്ട്. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിച്ച അപർണ ഗോപിനാഥ് ചെന്നൈയിലെ ഇംഗ്ലിഷ് നാടക വേദിയുടെ സൃഷ്ടിയാണ്. മറ്റു സിനിമകളിൽനിന്നു വ്യത്യസ്തമായി ഏറെ പ്രതീക്ഷയോടെയാണു ‘സ്കൂൾബസി’നെ കാണുന്നതെന്ന് എ.വി. അനൂപ് പറയുന്നു. താൻ അഭിനയിക്കുന്നുവെന്നതിലുമപ്പുറം ചിത്രത്തിന്റെ പ്രമേയത്തിന്റെ പ്രത്യേകതയാണ് സ്കൂൾബസിലേക്ക് ആകർഷിക്കുന്നത്. ഇക്കാലത്തെ കുട്ടികൾക്കു നാം ഒരിക്കലും നൽകാത്ത അവകാശങ്ങളെപ്പറ്റിയാണ് ‘സ്കൂൾബസ്’ ചർച്ച ചെയ്യുന്നത്.

മാതാപിതാക്കളും, കുട്ടികളും, അധ്യാപകരുമെല്ലാം കണ്ടിരിക്കേണ്ട ചിത്രമാണ് സ്കൂൾബസ്, അനൂപ് പറഞ്ഞു. ബോബിയും സഞ്ജയും തിരക്കഥ രചിച്ച്, റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രം കുട്ടികളുമായി ബന്ധപ്പെട്ട ചില പാഠങ്ങളാണു പ്രേക്ഷകരുമായി സംവദിക്കുന്നത്. മഴയിലും വെയിലിലും ഇഷ്ടം പോലെ ഓടിക്കളിക്കുകയും മരത്തിൽ കയറുകയും അതിൽനിന്നു വീണു മുട്ടു പൊട്ടുകയും കരയുകയും ചിരിക്കുകയും ചെയ്ത ബാല്യകാലം നമുക്കൊക്കെ പറയാനുണ്ട്. പക്ഷേ, നമ്മുടെ കുട്ടികൾക്കോ? നമ്മുടെ മക്കളുടെ മനസ്സ് നമ്മൾ അറിയുന്നുണ്ടോ? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമാണു സ്കൂൾബസ് എന്ന സിനിമ. അച്ഛന്റെയും അമ്മയുടെയും മക്കളായ സ്കൂൾ വിദ്യാർഥികളുടെ ജീവിതത്തിലൂടെ ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയാണു ‘സ്കൂൾബസ്’ എന്ന സിനിമ.

ബോളിവുഡിലെ ഹിറ്റ് ക്യാമറമാൻ സി.കെ. മുരളീധരനാണു ക്യാമറ. ജയസൂര്യയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുരളീധരന്റെ മകൻ ആകാശും റോഷൻ ആൻഡ്രൂസിന്റെ മകൾ ആഞ്ജലീനയുമാണു ചിത്രത്തിലെ ബാലതാരങ്ങളെ അവതരിപ്പിക്കുന്നത്. വിദ്യാർഥികളുടെ പഠനസമയം അപഹരിക്കാത്തതരത്തിൽ ‘സ്കൂൾബസ്’ എന്ന സിനിമ കുട്ടികളെ കാണിക്കുന്നതിനുള്ള പ്രത്യേക അനുമതി കേരളത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ നൽകിയിട്ടുണ്ട്. വർത്തമാനകാല ജീവിതത്തിൽ മനുഷ്യബന്ധങ്ങളിലുണ്ടാവുന്ന വിടവുകളെ ഓർമപ്പെടുത്തുന്ന ഈ സിനിമ കൈവിട്ടു പോകുന്ന പ്രകൃതിയെയും മങ്ങിപ്പോകുന്ന ബാല്യകാല സ്പന്ദനങ്ങളെയും തിരിച്ചുപിടിക്കേണ്ട ആവശ്യകത സൂചിപ്പിക്കുന്നതാണെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടർ സാക്ഷ്യപ്പെടുത്തുന്നു. 

Your Rating: