Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിനോടുള്ള സ്നേഹത്താൽ വന്നതാണ് കണ്ണുണ്ണി: തിരുവഞ്ചൂർ

thiruvanchur-mohanlal തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോഹൻലാൽ

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂളിലെ കേടായ മൈക്ക് ശരിയാക്കിയശേഷം ശബ്ദപരിശോധനയ്ക്ക് എന്നെയാണു നിയോഗിച്ചത്. അന്നു ചെറിയപ്രസംഗം നടത്തി. കോട്ടയം എംടി സെമിനാരി സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ സ്കൂൾ ലീഡറായി. അന്ന് ഔദ്യോഗികമായി പ്രസംഗിക്കാൻ മൈക്കിനു മുന്നിലെത്തിയവനാണ് ഞാൻ. ശേഷം ഇങ്ങോട്ട് എത്രയോ വേദികൾ...സത്യത്തിൽ ഒരാളുടെ ഭാഷവരുന്നത് പശ്ചാത്തലത്തിൽ നിന്നാണ്. 16 കിലോമീറ്റർ ദൂരം നടന്ന് സ്കൂളിൽ പഠിച്ചവനാണു ഞാൻ. ഉച്ചഭക്ഷണം പലപ്പോഴും കഴിച്ചിട്ടില്ല. സാധാരണക്കാരനായ ഞാൻ പിന്നീട് പൊതുപ്രവർത്തനത്തിൽ എത്തുമ്പോഴും യാത്ര കഠിന യാഥാർഥ്യങ്ങളിലൂടെയായിരുന്നു. എനിക്കെതിരെ ഒളിഞ്ഞിരുന്നുള്ള ഇൗ അപമാനിക്കലിനും ആക്രമണത്തിനുമൊക്കെ ഒരു ചിരി മാത്രമാണ് എന്റെ മറുപടി.’’

നസ്രിയ, നുസ്രിയ

സിനിമാ അവാർഡ് പ്രഖ്യാപനത്തിനു മൂന്നു മണിക്കാണു തിരുവനന്തപുരത്ത് പത്രസമ്മേളനം തീരുമാനിച്ചത്. യോഗങ്ങൾ കഴിഞ്ഞ് 2.45നാണ് എത്തിയത്. അപ്പോഴും പ്രഖ്യാപിക്കേണ്ട പേരുകളുടെ ഒറിജിനൽ പട്ടിക വന്നിരുന്നില്ല. പത്രസമ്മേളനത്തിനു രണ്ടു മിനിറ്റു മുൻപാണു കിട്ടിയത്. ഏതോ പുതിയ ഫോണ്ടിലായിരുന്നു അക്ഷരങ്ങൾ. നുസ്റിയ എന്നാണ് എനിക്കു കിട്ടിയ പേപ്പറിൽ എഴുതിയിരുന്നത്. സംശയം തോന്നി അതിന്റെ അടിയിൽ വരയ്ക്കുകയും ചെയ്തു. സമയം അതിക്രമിച്ചിരുന്നു. പക്ഷേ, അക്കാര്യത്തിൽ ആരെയും കുറ്റപ്പെടുത്തുന്നില്ല.

കണ്ണുണ്ണി എന്ന കണ്ണിലുണ്ണി

കോട്ടയത്തു സിനിമാ അവാർഡ് വേദിയിൽ മോഹൻലാലിനെക്കുറിച്ചു പറയുമ്പോൾ കണ്ണിലുണ്ണി എന്നു പറഞ്ഞതു കണ്ണുണ്ണി എന്നു പിശകി. അപ്പോൾ തന്നെ തിരുത്തുകയും ചെയ്തു. മോഹൻലാലിനോടുള്ള അടുപ്പവും സ്നേഹവും കൊണ്ടു മനസ്സിൽനിന്നു പറഞ്ഞതാണത്. ഞാനൊരു സാധാരണമനുഷ്യനല്ലേ. ചിലപ്പോൾ വികാരപരമായി പ്രസംഗിക്കേണ്ടി വരും. ചിലപ്പോൾ ഫലിതമായിരിക്കും ചിലപ്പോൾ രൂക്ഷപ്രതികരണമാവാം. ഇതൊക്കെ പറയുമ്പോൾ ആരോഹണ അവരോഹണത്തിൽ വരുന്ന കുറവല്ലേ ഇൗ കുറ്റമായി പറയുന്നത്. അതു സത്യസന്ധമായി ചൂണ്ടിക്കാട്ടിയാൽ തിരുത്താം.

കോട്ടയം നസീറിന്റെ പരിപാടി

തിരുവനന്തപുരത്ത് 250 പേർക്കു മാത്രം ഇരിക്കാവുന്ന ഹാളിൽനിന്നു കോട്ടയത്ത് പതിനായിരങ്ങൾക്ക് ആസ്വദിക്കാവുന്ന പൊതുവേദിയിലേക്കു ഞാൻ സിനിമാ അവാർഡ്നിശ കൊണ്ടുവന്നു. ഞാൻകൂടി ഇരുന്ന സമ്മേളനത്തിൽ, എന്നെ അവഹേളിച്ചും അപമാനിച്ചും തമാശയെന്ന മട്ടിൽ കാണിച്ച അധിക്ഷേപത്തിന് ഒരു കയ്യടിപോലുമുണ്ടായില്ലല്ലോ? എന്നെ അറിയാവുന്ന പാവങ്ങൾ എനിക്കുതന്ന സർട്ടിഫിക്കറ്റാണു നിശ്ശബ്ദമായി പ്രതിഷേധിച്ച ആ സദസ്സ്. പലരും പറഞ്ഞു പ്രതികരിക്കണമെന്നൊക്കെ. പൊതുപ്രവർത്തനത്തിൽ അങ്ങനെ പ്രതികരിക്കാൻ പാടില്ലെന്നാണ് എന്റെ ചിന്ത.

സാമൂഹ മാധ്യമങ്ങളിൽ വരുന്നതു കാണാറുണ്ടോ ?

ഞാനിടപെടുന്നത് സാധാരണക്കാരുടെ കാര്യങ്ങളിലാണ്. പാലവും റോഡും വെള്ളവുമൊക്കെ തേടിയാണ് എന്നെക്കാണാൻ പാവങ്ങൾ വരുന്നത്. സോഷ്യൽ മീഡിയ നോക്കിയിരുന്നാൽ അവരുടെ പ്രശ്നങ്ങളിലേക്കിറങ്ങാൻ പറ്റില്ല. സഹപ്രവർത്തകർ ചിലതു കൊണ്ടുവന്നു കാണിക്കും. യാഥാർഥ്യത്തിൽനിന്നു വളരെ അകന്ന് മനഃപൂർവം അധിഷേപിക്കുന്നവയാണെന്നു തോന്നുമ്പോൾ സഹതാപം തോന്നും.

മന്ത്രിക്ക് എത്ര ലൈക്ക്?

ഞാൻ റവന്യു മന്ത്രിയായിരുന്നപ്പോഴാണ് ഭൂരഹിതകേരളം എന്ന ആശയം കൊണ്ടുവന്നത്. ഏറ്റവും പ്രശ്നങ്ങൾ ഉള്ള സമയത്ത് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തു. ടിപി വധക്കേസിൽ സിപിഎമ്മുമായി ആഭ്യന്തരവകുപ്പ് നേർക്കുനേർനിന്നു. ഒരു ലക്ഷത്തിൽപ്പരം ആളുകൾ സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഒരുപ്രശ്നവുമില്ലാതെ അവസാനിച്ചില്ലേ... ഗതാഗതവകുപ്പിന്റെ ചുമതല വഹിക്കുന്നു. കെഎസ്ആർടിസിക്ക് പ്രതിവർഷം 360 കോടി പലിശയിനത്തിൽ ലാഭമുണ്ടാക്കുന്ന തീരുമാനമെടുത്തു. രാജ്യാന്തര ചലച്ചിത്രമേള ഏറ്റവും ഭംഗിയായി നടത്തിയതിനു പ്രതിപക്ഷനേതാവ് വിഎസ് പോലും അഭിനന്ദിച്ചു. ഒരു സോഷ്യൽമീഡിയക്കാരും ലൈക്ക് തന്നില്ല.

വിമർശകരോട് പറയാനുള്ളത്?

രാവിലെമുതൽ കിടന്നുറങ്ങുന്നയാളിനെ ആരെങ്കിലും വിമർശിക്കുമോ? സാധാരണമനുഷ്യനുണ്ടാകുന്ന കുറ്റവും കുറവും ഒക്കെയേ എനിക്കുമുള്ളു. പിന്നെ ജനാധിപത്യമല്ലേ. നമ്മളുടെപരിധി നിശ്ചയിക്കേണ്ടതു നമ്മുടെ സംസ്കാരമാണ്. വിമർശിക്കുന്നവരുടെ സംസ്കാരം അവരുടെ പരിധി നിശ്ചയിക്കട്ടെ...ഒരുകാര്യമേ പറയാനുള്ളൂ; നിങ്ങൾ കണ്ണാടി സ്വന്തം മുഖത്തേക്ക് തിരിച്ചുപിടിക്കുക.