Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൊറന്റിനെ പിന്തുണയ്ക്കുന്നവരേ, നിങ്ങൾ ‘പ്രേമ’ത്തെയും കൊല്ലുകയാണ്

image

50 ലക്ഷം ഡോളർ ചെലവിട്ടാണ് 2013ൽ ‘ഡാലസ് ബയേഴ്സ് ക്ലബ്’ എന്ന ചിത്രം നിർമിക്കപ്പെട്ടത്. നിർമാണത്തിൽ കോടികളുടെ കിലുക്കത്തിന്റെ കണക്കു മാത്രം പറയുന്ന ഹോളിവുഡിൽ നിന്ന് അത്തരമൊരു ചിത്രം അദ്ഭുതമായിരുന്നു. സിനിമയ്ക്ക് ആ വർഷത്തെ മികച്ച നടനുള്ള ഓസ്കറുൾപ്പെടെ ഒട്ടേറെ രാജ്യാന്തര പുരസ്കാരങ്ങളും ലഭിച്ചു. അതിന്റെ കൂടി പിൻബലത്തിൽ ബോക്സ് ഓഫിസിൽ നിന്നു ചിത്രം വാരിയത് അഞ്ചരക്കോടിയിലേറെ ഡോളർ.

നിർമാതാക്കൾക്കു വേണ്ടി തിരക്കഥ മാറ്റിയെഴുതേണ്ടി വരികയും പിന്നീട് വീണ്ടും പഴയ തിരക്കഥയിലേക്ക് മടങ്ങേണ്ടി വരികയും ചെയ്തതുൾപ്പെടെ സിനിമയ്ക്ക് പ്രൊഡ്യൂസറെ കിട്ടാൻ ഒട്ടേറെ ത്യാഗം സഹിച്ച ചിത്രമാണ് ഡാലസ് ബയേഴ്സ് ക്ലബ്. കുറഞ്ഞ ചെലവിൽ നിർമാണവും എയ്ഡ്സിന്റെ പേരിൽ സാധാരണക്കാർ വഞ്ചിക്കപ്പെടുന്ന കഥപറയുകയും കൂടി ചെയ്തതോടെ ‘അടിസ്ഥാന വർഗത്തിന്റെ’ സിനിമയെന്ന ചെറിയൊരു ചായ്‍വ് ഇതിനു നേരെയുണ്ടാവുകയും ചെയ്തു. എന്നാൽ ഡാലസ് ബയേഴ്സ് ക്ലബിന്റെ അണിയറപ്രവർത്തകർ ഇപ്പോഴൊരു പോരാട്ടത്തിലാണ്.

theatre

ഓസ്ട്രേലിയയിലും അമേരിക്കയിലും സിംഗപ്പൂരിലുമെല്ലാം ചിത്രത്തിന്റെ ടൊറന്റ് ഡൗൺലോഡ് ചെയ്തവരെയും വ്യാജകോപ്പികൾ ഇറക്കിയവരെയും കോടതി വഴി നേരിടുകയാണിവർ. ടെക്സസിൽ സിനിമ ഇന്റർനെറ്റിലെത്തി മണിക്കൂറുകൾക്കകം ജിയോലൊക്കേഷൻ ടെക്നോളജി വഴി ഐപി അഡ്രസ് കണ്ടെത്തി 31 പേർക്കെതിരെയാണ് ടൊറന്റ് ഡൗൺലോഡ് ചെയ്തതിന്റെ പേരിൽ ഡാലസ് സംഘം നോട്ടിസ് അയച്ചിരിക്കുന്നത്. ഓസ്ട്രേലിയയിലാകട്ടെ പല ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരെയും കോടതിയിൽ കയറ്റിനിർത്തി പൊരിച്ച് അവരിൽ നിന്ന് ഉപഭോക്താക്കളുടെ വിവരങ്ങൾ വാങ്ങി അയ്യായിരത്തോളം പേർക്കെതിരെയാണ് ഈ സിനിമ ഡൗൺലോഡ് ചെയ്തതിന്റെ പേരിൽ നിയമനടപടി ആരംഭിച്ചത്.

ഡാലസ് സിനിമാസംഘം കേരളത്തിലേക്ക് വരാതിരിക്കുന്നതിനെ ഭാഗ്യമെന്നു തന്നെ വേണം വിളിക്കാൻ. (അല്ലെങ്കിൽത്തന്നെ പ്രേമം പോലൊരു പാവം സിനിമ ചോർന്നത് എവിടെ നിന്നാണെന്നറിയാൻ ദിവസങ്ങളെടുക്കുന്ന നമ്മുടെ അന്വേഷണ സംവിധാനം ഉപയോഗിച്ചാൽ ഡാലസ് സംഘം ഇവിടെ വട്ടംചുറ്റിപ്പോകുകയേയുള്ളൂവെന്നത് മറ്റൊരു സത്യം.) ഡാലസ് ബയേഴ്സ് ക്ലബ് ഡിവിഡി ഇന്ത്യയിലും വിൽപനയ്ക്കെത്തിയിട്ടുണ്ട്-വില 520 രൂപ മുതൽ. എന്നാൽ ക്വാളിറ്റിയിൽ ഒരു കുറവുമില്ലാതെ ഇതേ ചിത്രത്തിന്റെ ഡിവിഡി കേരളത്തിൽ വ്യാജസിഡികൾക്ക് പ്രശസ്തമായ പല സ്ഥലങ്ങളിലും ലഭ്യമാണ്. അവിടെ വില വെറും 20 രൂപ. ഗൂഗിളിലാകട്ടെ ചിത്രത്തിന്റെ ഓൺലൈൻ പ്രൈസ് തിരഞ്ഞാൽ ലഭിക്കുന്ന ആദ്യ റിസൽട്ടുകളിലേറെയും സൗജന്യമായി ഡാലസ് ബയേഴ്സ് ക്ലബ് കാണാം, ടൊറന്റ് ഡൗൺലോഡ് ചെയ്യാം എന്നിങ്ങനെയും.

സിനിമയെ നെഞ്ചോടു ചേർത്തു നടക്കുന്ന ഒരു കൂട്ടം ചെറുപ്പക്കാരുടെയും അതിനും മേലെ സിനിമയെ സ്നേഹിക്കുന്ന ഒരു പ്രൊഡ്യൂസറുടെയും പ്രയത്നം കൊണ്ടു നമുക്കു ലഭിച്ച ‘പ്രേമം’ പോലൊരു സിനിമ ചോർത്തിയവരെ ഒരു കാരണവശാലും ന്യായീകരിക്കാനാകില്ല. പക്ഷേ പ്രേമച്ചോർച്ചയ്ക്കു പിന്തുണ പ്രഖ്യാപിക്കുമ്പോൾ തന്നെ പലരും പരസ്യമായി മറ്റൊരു കാര്യം കൂടി ഏറ്റു പറയുന്നു–‘ഞങ്ങൾ ടൊറന്റുകളുടെയും പൈറേറ്റഡ് സിഡികളുടെയും സോഫ്റ്റ്‌വെയറുകളുടെയും വരെ ഉപഭോക്താക്കളാണ്’ എന്ന്. അക്കാര്യത്തിൽ ഞങ്ങൾ അഭിമാനിക്കുന്നു എന്നു കൂടി പറയുന്നതോടെ സമൂഹമാധ്യമങ്ങളിൽ കയ്യടികളും ഏറെ. അതിൽ എന്ത് ന്യായമാണുള്ളത്?

ചലച്ചിത്രമേളകൾക്ക് ലോകത്തെവിടെയുമില്ലാത്ത വിധം ആരാധകരുള്ളയിടമാണ് നമ്മുടെ സംസ്ഥാനം. ഓരോ വർഷവും ഡിസംബറിന്റെ തണുപ്പിൽ തിരുവനന്തപുരത്ത് പ്രേക്ഷകനെ കൊതിപ്പിച്ച് പലരാജ്യങ്ങളിലെയും വൈവിധ്യമാർന്ന ചിത്രങ്ങളുമെത്തുന്നു. അതിൽത്തന്നെ പലതും ഒരൊറ്റ ഷോയേ ഉണ്ടാവുകയുള്ളൂ. അതിനു തന്നെ ഒടുക്കത്തെ ഇടിയും തള്ളും സീറ്റില്ലായ്മയും. ആ സിനിമ അപ്പോൾ കണ്ടില്ലെങ്കിൽ പിന്നെ ഡിവിഡിയേ രക്ഷയുള്ളൂ. പക്ഷേ ഇന്ത്യയിലെ ഓൺലൈൻ വെബ്സൈറ്റുകളിലൊന്നും പലപ്പോഴും ആ ചിത്രം വാങ്ങാൻ കിട്ടില്ല. പിന്നെയുള്ള അവസരം ടൊറന്റാണ്. പക്ഷേ എത്ര പേർക്ക് അത് ലഭ്യമാകും? ശേഷിക്കുന്ന ഒരേയൊരു ആശ്രയം വ്യാജസിഡിച്ചന്തകളാണ്. തിരുവനന്തപുരത്ത് ഓസ്ട്രേലിയൻ ചിത്രം ‘ദ് റോക്കറ്റ്’ നിറഞ്ഞു കളിച്ചതിന്റെ തൊട്ടുപിറകെ ആ ചിത്രത്തിന്റെ ഡിവിഡി വെറും 30 രൂപയ്ക്ക് ലഭ്യമായിരുന്നു.

pirated-cd

കിം കി ഡുക്ക് എന്ന കൊറിയൻ സംവിധായകന്റെ ഒരു സിനിമ പോലും ഇന്ത്യയിൽ ഡിവിഡിയായി എത്താതിരുന്ന സമയത്ത് ആ സംവിധായകന്റെ സിനിമകൾ തിരഞ്ഞെടുത്ത് വിറ്റ് അദ്ദേഹത്തെ ജനകീയനാക്കിയതും വ്യാജസിഡിച്ചന്തകളാണ്. തിരുവനന്തപുരത്തെത്തുന്ന ലോകോത്തര ചലച്ചിത്ര പ്രവർത്തകർ വരെ അവിടത്തെ പ്രശസ്തമായ വ്യാജസിഡി മാർക്കറ്റിലേക്ക് ഓടിയെത്തുന്നതും പൈറസിയുടെ ‘ജനകീയ’ സ്വീകാര്യതയ്ക്കു തെളിവ്. തങ്ങളെ ഈ വിധം പ്രശസ്തരാക്കിയതിന് പല സംവിധായകരും നന്ദി പറയുന്നുണ്ടാകണം വ്യാജസിഡിക്കാരെ. പക്ഷേ പെട്ടെന്നൊരുനാൾ ആരെങ്കിലുമൊരാൾ വ്യാജ സിഡിയ്ക്കും ടൊറന്റിനുമെതിരെ രംഗത്തു വരുമ്പോൾ നാം ആരുടെ കൂടെയാണ് നിൽക്കുക?

ഇന്ത്യയിൽ കിട്ടാത്ത ചിത്രമാണെങ്കിലും തലയ്ക്കുപിടിച്ച സിനിമാഭ്രാന്താണെങ്കിലും നാം പൈറസിക്കാരുടെ കൂടെ തന്നെ നിൽക്കും. എന്നാൽ ഇന്ന് പല ഓൺലൈൻ സ്റ്റോറുകളിലും വിദേശചിത്രങ്ങൾ വിൽപനയ്ക്കെത്തുന്നുണ്ട്, കൊറിയൻ മുതൽ ഇറാനിയൻ വരെ. പക്ഷേ അറുനൂറിൽ താഴെ രൂപയ്ക്ക് അവയൊന്നും ലഭിക്കില്ല.

2006ലിറങ്ങിയ ഒയാസിസിന് എന്ന കൊറിയൻ ചിത്രത്തിന് 15 ലക്ഷം ഡോളറാണ് നിർമാണച്ചെലവ്. ബോക്സ് ഓഫിസിൽ നിന്ന് തിരികെ ലഭിച്ചതാകട്ടെ 66 ലക്ഷം ഡോളറും. എന്നിട്ടും ആ ചിത്രം ഇന്ത്യയിലെത്തുമ്പോൾ വില ആയിരത്തിനു മേലെയാണ്. അങ്ങനെ വരുമ്പോഴും ഉപഭോക്താവ് ആരുടെ കൂടെ നിൽക്കും? ലാപ്ടോപിലോ ടിവിയിലോ ഒന്നര രണ്ടുമണിക്കൂർ നേരത്തെ കാഴ്ചാസുഖത്തിന് 1000 രൂപ ചെലവാക്കാൻ കേരളത്തില്‍ ആരു തയാറാകും? അതും തിയേറ്ററുകളിൽ 50 രൂപയ്ക്ക് വരെ സിനിമ തിയേറ്ററിൽ കാണാമെന്നിരിക്കെ. ഇതെല്ലാം മുന്നിൽ കണ്ടാണ് കോടികൾ മുടക്കിയെടുക്കുന്ന ബോളിവുഡ് സിനിമകൾ റിലീസ് ചെയ്ത് ഏതാനും മാസങ്ങൾക്കകം വൻതുകയ്ക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റ് ചാനലുകളിലെത്തിക്കുന്നത്.

100 കോടി ക്ലബിൽ കയറിയ ചിത്രത്തിന്റെ ഡിവിഡികൾ വരെ വെറും 60-99 രൂപയ്ക്ക് വിറ്റും ബോളിവുഡ് പൈറസിക്കെതിരെ പോരാട്ടം ശക്തമാക്കിയിരുന്നു. എന്നിട്ടും 99 രൂപയുടെ ഒറിജിനൽ ഡിവി‍ഡി വേണ്ട ഞങ്ങൾക്ക് ഇരുപതിന്റെ വ്യാജൻ മതിയെന്നു പറയുന്നവരും ഏറെ. ടൊറന്റുകളിലൂടെ ഈ ചിത്രങ്ങൾ ഡൗൺലോഡ് ചെയ്ത് കാണുന്ന വീരന്മാരാണ് ഇവരിലേറെയും. കാരണം അവർ ടൊറന്റ് ജനാധിപത്യത്തിന്റെ രസംപിടിച്ചു പോയി.

cd-shop

ഇംഗ്ലണ്ടിലെ ഒരു കണക്കുപ്രകാരം പ്രതിവർഷം 50 കോടി യൂറോയാണ് (ഏകദേശം 4900 കോടി രൂപ) പൈറസി വഴി ചലച്ചിത്ര–സംഗീത രംഗത്ത് നഷ്ടമുണ്ടാകുന്നത്. ഇന്ത്യയിലും ഇത് ശതകോടികളുടെ നഷ്ടമുണ്ടാകുന്നു.

പ്രേമം കണ്ടോ എന്നല്ല എത്ര തവണ കണ്ടു എന്നു ചോദിക്കുന്ന തലത്തിലേക്കെത്തിയിരുന്നു ഇവിടെ ആ ചിത്രത്തിന്റെ വിജയം. അതുകൊണ്ടുതന്നെ ആദ്യ ആഴ്ചകളിൽ ‘പ്രേമത്തിനു കണ്ണും മൂക്കും മാത്രമല്ല ടിക്കറ്റുമില്ല’ എന്നും നമ്മളെല്ലാവരും കേട്ടു. പക്ഷേ പ്രേമം ചോർന്നതോടെ തിയേറ്ററിലെ കാഴ്ചക്കാരും ചോരുകയായിരുന്നു. രണ്ടുതവണ കണ്ടു ഇനി മൂന്നാം തവണ മൊബൈലിൽ കണ്ടേക്കാമെന്ന് എല്ലാവരുമങ്ങ് തീരുമാനിച്ചതോടെ ബോക്സ് ഓഫിസ് വരുമാനവും ഒരൊറ്റയടിക്ക് ഇടിഞ്ഞു. ഇപ്പോക്കുപോയാൽ 100 കോടി ക്ലബിലേക്കു വരെ കയറിയേക്കുമെന്നു സംശയിപ്പിച്ച ചിത്രത്തിനായിരുന്നു ഈ ഗതിയെന്നും ഓർക്കണം. ഇതുതന്നെ പൈറസിയുണ്ടാക്കുന്ന നാശത്തിന്റെ വലിയ ഉദാഹരണം.

കടലിൽ നടക്കുന്ന കൊള്ളയെന്നാണ് പൈറസിയുടെ അർഥങ്ങളിലൊന്ന്. ജൂനിയർ ആർടിസ്റ്റ് ചെറുമീനുകൾ മുതൽ സൂപ്പർതാര തിമിംഗലം വരെ ജീവിക്കുന്ന സിനിമാലോകത്തെയും കടലിനോടു തന്നെ ഉപമിക്കാം. അവിടത്തെ കൊള്ള ഒരാളെ മാത്രമല്ല ബാധിക്കുകയെന്നും ഓർക്കുക. വ്യാജസിഡികളെ എതിർത്തേ മതിയാകൂ. പക്ഷേ അതുചെയ്യുമ്പോൾ തന്നെ ടൊറന്റ് ഡൗൺലോഡിങ്ങിന്റെ ‘ജനാധിപത്യത്തിൽ’ ആത്മാഭിമാനം കൊള്ളുന്നത് അപകടകരമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങളിതു ചെയ്തതെന്ന് നിർമാതാവ് ചോദിച്ചാൽ എന്തുത്തരമായിരിക്കും ടൊറന്റുകാരന് നൽകാനുണ്ടാവുക?

ഡിവിഡി കിട്ടാനില്ലെന്നോ? ഡിവിഡിക്ക് വില കൂടിയെന്നോ? അതോ കുത്തകകളോടുള്ള പ്രതിഷേധമാണെന്നോ? ഉത്തരങ്ങൾ ഓരോന്നായി സ്വരുക്കൂട്ടുമ്പോഴും ഓർക്കുക, സിനിമയിലെ കോടിപതികളുടെ കുത്തകവൽകരണത്തിനിടയിൽപ്പെട്ട് ചതഞ്ഞു പോകുന്ന കുഞ്ഞൻ സിനികളുമുണ്ട്. അവർക്ക് സാറ്റലൈറ്റ് റൈറ്റും ഡിവിഡി റൈറ്റുമൊക്കെയാണ് അൽപമെങ്കിലും കാശുണ്ടാക്കിക്കൊടുക്കുക. ടൊറന്റുകളുടെ മാസ്മരികവലയത്തിൽപ്പെട്ട് സിനിമയിൽ ‘സോഷ്യലിസം’ നടപ്പാക്കാൻ ശ്രമിക്കുന്നവർ ‘ഡാലസ് ബയേഴ്സ് ക്ലബിനെ’പ്പോലുള്ള കുഞ്ഞന്മാരെയും ഒന്നോർത്താൽ നന്ന്...ഒപ്പം നമ്മുടെ പാവം പ്രേമത്തിനെയും പാപനാസത്തെയുമെല്ലാം....

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.