Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിങ്ങളുടെ ഒരു യെസ് ചിലപ്പോൾ ചരിത്രമാകും

jose-prakash-traffic

‘നിങ്ങൾ നോ പറഞ്ഞാൽ ഇവിടെ ഒന്നും സംഭവിക്കില്ല. ഏതൊരു ദിവസത്തെയും പോലെ ഈ ദിവസവും കടന്നുപോകും. മറക്കപ്പെടും. പക്ഷേ നിങ്ങളുടെയൊരു ഒറ്റ യെസ് ചിലപ്പോൾ ചരിത്രമാകും. വരാനിരിക്കുന്ന ഒരുപാടുപേർക്ക് യെസ് പറയാൻ ധൈര്യം പകരുന്ന ചരിത്രം.’

മലയാളികളെ കോരിത്തരിപ്പിച്ച ‘ട്രാഫിക്’ സിനിമ ആരും മറന്നിട്ടുണ്ടാകില്ല. സംസ്ഥാനത്തെ ആഭ്യന്തര, ആതുര സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചപ്പോൾ സിനിമയിൽ ഒരു മനുഷ്യന് ജീവൻ ലഭിച്ചു. ഈ സിനിമയെ വെല്ലുന്ന യാഥാർഥ്യമായിരുന്നു കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നത്.

കഥ റെഡി, ഇനി സിനിമ

സംഭവകഥകൾ സിനിമയാക്കുന്നത് പുതിയ കാര്യമൊന്നുമല്ല. എന്നാൽ സിനിമാ കഥ സംഭവമാകുമ്പോൾ അത് കൂടുതൽ ശ്രദ്ധിക്കപ്പെടുന്നു. ട്രാഫിക് എന്ന ചിത്രത്തിൽ സിനിമാ വ്യവസായത്തിന് ആവശ്യമായ നാടകീയമായ രംഗങ്ങളും ട്വിസ്റ്റുകളും സൃഷ്ടിക്കപ്പെട്ടപ്പോൾ മനുഷ്യമനസ്സിലേക്ക് ആർദ്രമായ ഒരു അനുഭവമായി ഈ സംഭവം പറന്നിറങ്ങി. മാത്രമല്ല, സമാനമായ ഒരു സംഭവം ചെന്നൈയിൽ അരങ്ങേറുകയും ചെയ്തു.

heart

എല്ലാം കൊണ്ടും ഒരു സിനിമാ കഥ കഴിഞ്ഞ ദിവസത്തെ സംഭവത്തിലുണ്ട്. മസ്തിഷ്കമരണം സംഭവിച്ച അഭിഭാഷകൻ തിരുവനന്തപുരത്ത്, മരണത്തോട് മല്ലടിക്കുന്ന ഓട്ടോ ഡ്രൈവർ എറണാകുളത്ത്. അഭിഭാഷകന്റെ സ്പന്ദിക്കുന്ന ഹൃദയം മാത്യുവിന് ചേർന്നതാണെന്ന് കണ്ടെത്തുന്നതിൽ നിന്നുമാണ് സംഭവം ആരംഭിക്കുന്നത്. മാത്യുവിനെ രക്ഷിക്കണമെന്ന ഡോക്ടറിന്റെ ആത്മാർഥമായ പരിശ്രമത്തിന്റെ ഭാഗമായി ആദ്യം സ്ഥലം എംഎൽഎ ഹൈബി ഈഡനോട് വിവരം ധരിപ്പിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിയോട് സംസാരിച്ച ശേഷം ഡോക്ടർക്ക് മുഖ്യമന്ത്രിയുടെ നമ്പർ നൽകുന്നു. വേണ്ടത് ചെയ്യാമെന്ന് മുഖ്യമന്ത്രി പറയുന്നു. തുടർന്നുണ്ടായ ചർച്ചകളുടെ ഭാഗമായി എയർ ആമ്പുലൻസ് അല്ല, എല്ലാവിധ സജ്ജീകരണങ്ങളുമുള്ള തങ്ങളുടെ എയർ ക്രാഫ്റ്റ് തന്നെ തയ്യാറാക്കാമെന്ന് നാവിക സേന ഉദ്യോഗസ്ഥൻ സമ്മതിക്കുന്നിടത്ത് നിന്നും മിഷൻ ആരംഭിക്കുന്നു.

ഉച്ചയോടെ എയർക്രാഫ്റ്റ് തിരുവനന്തപുരത്തെത്തുന്നു. അഭിഭാഷകന്റെ ഹൃദയം ശസ്ത്രക്രിയ ചെയ്തെടുത്ത് വൈകുന്നേരം 6.50ന് കൊച്ചിയിലേക്ക് തിരിക്കുന്നു. 7.35ന് കൊച്ചിയിലെത്തിയ വിമാനത്തിൽ നിന്നും ഹൃദയം മിനിറ്റുകൾക്കകം ആശുപത്രിയിലെത്തിക്കുന്നു. ശസ്ത്രക്രിയയ്ക്ക് എല്ലാ സജ്ജീകരണങ്ങളുമായി തയ്യാറായിരിക്കുന്ന ഡോക്ടർ സംഘം 7.44 ആയപ്പോൾ തന്നെ ശസ്ത്രക്രിയ ആരംഭിക്കുകയും ചെയ്തു. ശസ്ത്രക്രിയ വിജയം. ലഭിച്ചത് നഷ്ടമാകുമെന്ന് കരുതിയ ഒരു ജീവൻ.

തലസ്ഥാനത്തു നിന്നു കൊച്ചിയിലേക്ക് പറന്ന വിമാനം കേരളത്തിലെ ആരോഗ്യ രംഗത്ത് പുതുചരിത്രമെഴുതി. കൂടുതൽ ആശുപത്രികളുമായി സഹകരിച്ച് എയർ ആമ്പുലൻസ് സംവിധാനം നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുകയും ചെയ്തു. ഈ സംഭവം സിനിമ ആയാലും ഇല്ലെങ്കിലും കുറേ പേരുടെ ഒരു യെസ് ആണ് ചരിത്ര സംഭവത്തിന് കാരണമായതെന്ന് നിസംശയം പറയാൻ കഴിയും.