Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഡി രാജപ്പൻ അന്തരിച്ചു

vd-rajappan

കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പൻ (66) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു.

മൂന്നു പതിറ്റാണ്ടു കാലത്തോളം കഥാപ്രസംഗ രംഗത്തെ ജനകീയ സാന്നിധ്യമായിരുന്നു. അൻപതിൽ അധികം ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1 എഴുപതുകളിലാണ് തമാശയിൽ ചാലിച്ചെടുത്ത കഥാപ്രസംഗവുമായി രാജപ്പൻ മലയാളക്കരയെ കീഴടക്കിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയിൽ ഹാസ്യ നടനായും തിളങ്ങി.

1969ലാണ് ഹാസ്യകഥാപ്രസംഗ രംഗത്തെത്തിയത്. ഹാസ്യകഥാപ്രസംഗം, പാരഡി എന്നീ മേഖലകളിൽ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. കേരളത്തിലും ഗൾഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളിൽ അദ്ദേഹം ഹാസ്യകലാപ്രകടനം നടത്തിയിട്ടുണ്ട്. നായ, പോത്ത്, എരുമ, തവള, കോഴി, പാമ്പ് തുടങ്ങിയവരായിരുന്നു കഥകളിലെ കഥാപാത്രങ്ങൾ. ഇവരുടെ പ്രണയവും പ്രതികാരവും മറ്റും ഹാസ്യത്തിന്റെ മേമ്പൊടിയിൽ രാജപ്പന്റെ ശബ്‌ദത്തിൽ ഒട്ടേറെ മലയാളികൾ രണ്ടു കയ്യുംകൊട്ടി സ്വീകരിച്ചു. പ്രിയേ നിന്റെ കൊര, കുമാരി എരുമ, പോത്തുപുത്രി, മാക്‌മാക്, ചികയുന്ന സുന്ദരി തുടങ്ങിയ കഥകൾ ഒട്ടേറെ നിറഞ്ഞ വേദികളിൽ കയ്യടി നേടി.

കാട്ടുപോത്ത് എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി. എങ്ങനെ നീ മറക്കും, പഞ്ചവടിപ്പാലം എന്നിവ പ്രധാനചിത്രങ്ങൾ. കക്ക, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, ആട്ടക്കലാശം, മാൻ ഓഫ് ദ മാച്ച്, കുസൃതിക്കാറ്റ് തുടങ്ങി ഏകദേശം നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചു. ‘ആലിബാബയും ആറരക്കള്ളന്മാരും’ എന്ന ചിത്രത്തിലെ അഭിനയത്തോടെ സിനിമാരംഗത്തുനിന്നു വിടവാങ്ങി.

Your Rating: