Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മോഹൻലാലിന് മുരളീധരന്റെ സല്യൂട്ട്

Mohanalal

ബ്ലോഗ് വിവാദത്തിൽ നടൻ മോഹനലാലിനെ പിന്തുണച്ച് ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ വി മുരളീധരൻ. മോഹൻലാലിന്റെ ബ്ലോഗ് ഹൃദയസ്പർശിയാണെന്നു പറഞ്ഞ മുരളി പിണറായി വിജയൻ അണികളെ സത്യം ബോധ്യപ്പെടുത്തണമെന്നും ഫെയ്സ്ബുക്കിലൂടെ ആവശ്യപ്പെടുന്നു.

അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

മോഹൻലാലിന് ഒരു സല്യൂട്ട്.......

മലയാളികളുടെ പ്രിയപ്പെട്ട നടൻ ലഫ്റ്റനൻറ് കേണൽ മോഹൻലാൽ ഇന്നലെ എഴുതിയ ബ്ലോഗ് ഹൃദയസ്പർശിയായി. മോഹൻലാൽ സമകാലിക വിഷയങ്ങളോട് ബ്ലോഗ് മുഖേന പ്രതികരിക്കുന്ന വ്യക്തിയാണ്. സ്വതന്ത്ര ജീവിത വീക്ഷണം പുലർത്തുന്ന അദ്ദേഹം അഭിപ്രായ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്ന വ്യക്തി കൂടിയാണ്. രാജ്യദ്രോഹികളെ ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ വക്താക്കളായി ചിത്രീകരിക്കുന്നവർക്കെതിരെ നിശിത വിമർശനമാണ് ലാൽ ഉയർത്തുന്നത്. പട്ടാളത്തെ തെറി പറഞ്ഞ് വാചക കസർത്തു നടത്തുന്നവർക്ക് ചെറിയ തണുപ്പിൽ പോലും കിടന്നുറങ്ങാൻ കമ്പിളി പുതപ്പ് വേണം. അമ്മയും മക്കളും തമ്മിലുള്ള ബന്ധമാവണം രാജ്യവും പൗരനും തമ്മിലെന്നും മോഹൻലാൽ നമ്മെ ഓർമ്മിപ്പിക്കുന്നു.

കേരളത്തിലെ പല സാംസ്കാരിക പ്രവർത്തകരും നിലപാട് ഉറക്കെ പറയാൻ ഭയക്കുമ്പോൾ , തന്റെ വ്യക്തമായ നിലപാട് ആർജവത്തോടെ തുറന്നു പറഞ്ഞ ലഫ്.കേണൽ മോഹൻലാലിന് നിറഞ്ഞ ആദരവോടെ ഒരു സല്യൂട്ട്. മോഹൻലാലിനെ അഭിപ്രായം തുറന്നു പറഞ്ഞതിന് ആക്ഷേപിക്കുന്നവർ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ജെ.എൻ.യു സംഭവത്തിലെ പ്രതികളെ ന്യായീകരിക്കുന്നവരാണ് എന്നതാണ് വിരോധാഭാസം. മോഹൻലാലും ഇന്ത്യൻ പൗരനാണ്. സൈനികനാണ്. രാജ്യദ്രോഹികളെ എതിർത്തതിന്റെ പേരിൽ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല. ശ്രീ പിണറായി വിജയൻ ഇക്കാര്യം സ്വന്തം അണികളെ ബോദ്ധ്യപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.