Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർക്കുമറിയാത്ത മണിയുടെ കഥകള്‍ പറഞ്ഞ് വിനയൻ

vinayan-mani

കലാഭവൻ മണിയുടെ അഭിനയജീവിതത്തിൽ സുപ്രധാനമായൊരു സ്ഥാനമുള്ള സംവിധായകനാണ് വിനയൻ. മണിയെ നായകനാക്കി വിനയൻ ഒരുക്കിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടൻ എന്നീ ചിത്രങ്ങൾ ഇതിനുദാഹരണങ്ങൾ മാത്രം. ഓരോ സിനിമയുടെ ചിത്രീകരണത്തിനിടയിലും മണിക്ക് ഓരോ കഥകൾ പറയാനുണ്ടായിരുന്നെന്ന് വിനയൻ പറയുന്നു.

‘ ഇന്ന് മണിയുടെ സഞ്ചയനകര്‍മ്മമായിരുന്നു രാവിലെ 9 മണിക്ക്. ഞാന്‍ ചാലക്കുടിയിലെ വീട്ടില്‍ പോയിരുന്നു. ആ പട്ടടയില്‍ നോക്കി നിന്നപ്പോള്‍ ചാലക്കുടിപ്പുഴയുടെ തോഴന്‍ ഒരു സങ്കടപ്പുഴ മുഴുവന്‍ തന്റെ ചെറുപ്പകാലത്ത് നീന്തിക്കടന്ന കഥ എന്നോട് പറഞ്ഞതോര്‍ത്തു.

അന്ധനായ തെരുവുഗായകന്‍ രാമു തോമസ് മുതലാളി വന്നോ എന്ന് അലക്കുകാരിയോട് ചോദിക്കുന്ന ഒരു സീനുണ്ട് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയില്‍ - തോമസ് മുതലാളി വരുമ്പോള്‍ കൊടുക്കുന്ന പഴയ പൈജാമയും ഉടുപ്പുമായിരുന്നു രാമു സ്ഥിരം ഉപയോഗിച്ചിരുന്നത്. സീന്‍ അതിഗംഭീരമായപ്പോള്‍ എല്ലാവരും കൈയ്യടിച്ചു. പക്ഷെ മണി എന്റെയടുത്ത് വന്ന് വിതുമ്പിക്കരഞ്ഞു. സന്തോഷം കൊണ്ടായിരിക്കുമെന്ന് ഞാന്‍ കരുതി. പക്ഷെ തന്റെ ബാല്യകാലമോര്‍ത്തായിരുന്നു മണി വിതുമ്പിയത്. ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരിക്കല്‍ പോലും ഒരു പുതിയ ഉടുപ്പ് എനിക്കു കിട്ടിയിട്ടില്ല സാര്‍.. എന്റെ അമ്മ വീട്ടുവേലക്കു പോയിരുന്ന കുടുംബത്തിലെ എന്റെ ക്ലാസ്സില്‍ പഠിക്കുന്ന പയ്യന്റെ പഴയ ഉടുപ്പും നിക്കറും എനിക്കു കൊണ്ടുതരുമായിരുന്നു - അത് ഇട്ടുകൊണ്ട് സ്കൂളില്‍ ചെല്ലുമ്പോള്‍ ആ പയ്യന്‍ എന്നെ നോക്കി പരിഹസിച്ചു ചിരിക്കുമായിരുന്നു.. അതു കണ്ട് ഞാന്‍ കരഞ്ഞിട്ടുണ്ട്. ഈ കഥ മണിയുടെ ആത്മകഥയിലും എഴുതിക്കണ്ടു.

അതുപോലെ തന്നെ കരുമാടിക്കുട്ടനില്‍ അഭിനയിക്കുമ്പോള്‍ ആസ്ത്മാ രോഗിയായ ഒരാളെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ വാഹനം കിട്ടാഞ്ഞപ്പോള്‍ സ്വന്തം ചുമലിലേറ്റി അയാളേം കൊണ്ടോടുന്ന ഒരു സീനുണ്ട്. 80 കിലോയോളം ഭാരമുണ്ടായിരുന്ന ആസ്തമാ രോഗീയുടെ കഥാപാത്രം ചെയ്ത സന്തോഷിനെ മണി നിഷ്പ്രയാസം ചുമലിലേറ്റി ഓടുന്നതു കണ്ടപ്പോള്‍ ഞങ്ങളെല്ലാം അത്ഭുതപ്പെട്ടു. അന്നും മണി എന്നോടൊരു കഥ പറഞ്ഞു.

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാനൊരു ചുമട്ടു തൊഴിലാളി കൂടി ആണ് സര്‍. സ്കൂളിലെ ഉച്ചക്കഞ്ഞിക്കു കൊണ്ടുവരുന്ന അരിച്ചാക്ക് ചുമക്കാന്‍ സ്കൂളില്‍ ചുമട്ടുതൊഴിലാളികളെ വിളിച്ചിരുന്നില്ല. ഞാനതു ചെയ്തുകൊടുക്കുമ്പോള്‍ ഹെഡ്മാസ്റ്റര്‍ പൈസ തരുമായിരുന്നു. അതു ഞാനെന്റെ അമ്മയുടെ കൈയ്യില്‍ കൊണ്ടുകൊടുക്കുമായിരുന്നു. അതു പറഞ്ഞുതീര്‍ന്നപ്പോഴും മണിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു. മണി അത്രയ്ക്കു ശുദ്ധനായിരുന്നു. ഗ്രാമീണതയുടെ നിഷ്കളങ്കത നിറഞ്ഞ പച്ചയായ മനുഷ്യന്‍. പ്രശസ്തിയും പണവുമൊക്കെ ആയിക്കഴിയുമ്പോള്‍ വന്ന വഴിയെല്ലാം മറന്ന് ബഡായിയും പുങ്കത്തരവും ജാഡയുമായി വിലസുന്ന സിനിമാതാരങ്ങള്‍ക്കിടയില്‍ വ്യത്യസ്ഥനായിരുന്നു മണി.

മണി വല്യ നടനായപ്പോള്‍ ഫൈവ് സ്റ്റാര്‍ ഹോറ്റലുകളില്‍ മണിക്കു വേണ്ടി ഏറ്റവും നല്ല ഭക്ഷണവും ഏറ്റവും വില കൂടിയ മദ്യവുമായി വല്ല്യ വല്ല്യ സിനിമാക്കാര്‍ കാത്തിരുന്നപ്പോഴും മണി ഓടിച്ചെന്നിരുന്നത് ചാലക്കുടിയിലെ തന്റെ പഴയകാല സുഹൃത്തുക്കളുടെ അടുത്തേക്കായിരുന്നു. തന്റെ കൂടെ മണലുവാരിയവര്‍, കൂലിപ്പണിചെയ്തവര്‍, ഓട്ടോറിക്ഷ ഓടിച്ചവര്‍ - അവരുടെ കൂടെയിരുന്നു അവരുടെ ദു:ഖങ്ങളും സന്തോഷവും പങ്കിടുന്നത് എനിക്ക് മറ്റെന്തിനേക്കാളും മനസംതൃപ്തി തരുമായിരുന്നു എന്നു മണി പറയുമ്പോള്‍ ആ മനസ്സിനെ മാനിക്കാതിരിക്കാന്‍ കഴിയുമോ? സുഹൃത്തുക്കളെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി തന്റെ ആരോഗ്യം പോലും കളഞ്ഞുകുളിച്ച ഒരു കലാകാരന്‍ എന്നു മണിയെ വിശേഷിപ്പിക്കാം..

വൈകുന്നേരം 5 മണിക്ക് തൃപ്പൂണിത്തുറ മഹാത്മാ ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ നടന്ന കലാഭവന്‍ മണി അനുസ്മരണത്തിനു പോയി പ്രസംഗിച്ചിരുന്നു. മീറ്റിംഗിനിടയില്‍ ചാലക്കുടിയില്‍ നിന്നും മണിയുടെ ഒന്നുരണ്ടു സുഹൃത്തുക്കള്‍ വിളിച്ചു ചാലക്കുടിയില്‍ സിനിമാക്കാരും സൂപ്പര്‍താരങ്ങളും ഒക്കെ ചേര്‍ന്ന് വലിയ അനുസ്മരണം നടത്തിയിട്ട് വിനയന്‍ സാര്‍ എന്തേ വരാത്തത് - അവര്‍ ചോദിച്ചു. ഞാന്‍ അറിഞ്ഞില്ലാ, എന്നോട് പറഞ്ഞില്ലാ എന്നു ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കു വിശ്വാസമാകുന്നില്ല.

പിന്നെ ഞാന്‍ വിശദമായി പറയേണ്ടി വന്നു. അതാണ് കാപട്യം നിറഞ്ഞ മലയാള സിനിമയുടെ പിന്നാമ്പുറം. തങ്ങള്‍ക്കൊപ്പമോ, അതല്ല തങ്ങളേക്കാളും മുകളിലോ അഭിനയവും, പാട്ടും, നൃത്തവും ഒക്കെ വഴങ്ങിയിരുന്ന ഒരു കലാകാരനെ ഒരു കാതം അകലെ മാത്രം നിര്‍ത്തിയിരുന്നവര്‍ ഇന്ന് പറയുന്നു - അവനെന്റെ സഹോദരന്‍ ആയിരുന്നെന്ന്. അവനെപ്പറ്റി പറയാന്‍ വാക്കുകളില്ലെന്ന്. ആ മേലാളന്‍മാരുടെ ഗുഡ്ബുക്കില്‍ പെടാത്ത എന്നെ അവരുടെ കൂടെ ഇരിക്കാന്‍ വിളിക്കാത്തതു തന്നെ നല്ലത്. പക്ഷേ ഒരു മിന്നാമിനുങ്ങിനെ പോലെ ഒറ്റയ്ക്കു പറന്ന് അകലേയ്ക്കു പോയ മണിയേ സ്മരിക്കാന്‍ എനിക്ക് ഈ മഹത്തുക്കളുടെ മഹാസമ്മേളനങ്ങളൊന്നും വേണ്ടാ. മണിയിലെ മഹാനടനെ കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്ന ആ കാലത്തെ മണിയുമായുള്ള ബന്ധവും മണി അഭിനയിച്ച എന്റെ 13 സിനിമകളുടെ ഓര്‍മ്മകളും മാത്രം മതി.‘ വിനയൻ പറയുന്നു.

related stories
Your Rating: