Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാൽ കോൺഗ്രസിനു വേണ്ടി പോയിരുന്നെങ്കിൽ സലിം ഒകെ പറ‍ഞ്ഞേനെ: വിനയൻ

vinayan-lal

അമ്മയിലെ അംഗങ്ങൾക്ക് രാഷ്ട്രീയം പാടില്ലെന്ന നിലപാട് ശരിയല്ലെന്ന് സംവിധായകൻ വിനയൻ. നടൻമാർക്കും സ്വന്തമായ രാഷ്ട്രീയം കാണും. പത്തനാപുരത്ത് നടക്കുന്നത് രാഷട്രീയമത്സരമാണ്. സംഘടനയും രാഷ്ട്രീയവും രണ്ടാണ്. മൂന്നു മുന്നണിയുടേയും സ്ഥാനാർഥികളാണ് അവിടുത്തെ താരങ്ങൾ. മൂന്നുപേർക്കും ആശംസയർപ്പിച്ച് നിഷ്പക്ഷ സമീപനം സ്വീകരിക്കുന്നതിനോട് താൽപര്യമില്ല.

അമ്മയിലെ താരങ്ങളോട് പ്രചാരണത്തിന് പോകരുതെന്ന് പറയുന്നതിൽ അർഥമില്ല. കാരണം അമ്മയിലെ താരങ്ങളോട് പരസ്പരം മത്സരിക്കരുതെന്ന് വേണമായിരുന്നു പറയാൻ‌. നിർബന്ധമുള്ളവർ മണ്ഡലം മാറി മത്സരിക്കട്ടെ എന്നു പറയണമായിരുന്നു. അല്ലാത്തവർ അമ്മയിലെ അംഗത്വം രാജി വച്ചതിനു ശേഷം മത്സരിക്കട്ടെ എന്നു പറയാമായിരുന്നു. അല്ലാതെ മോഹൻലാൽ ഗണേഷിനു വേണ്ടി പ്രചാരണത്തിനു പോയതിനെ കുറ്റപ്പെടുത്താനാകില്ല. അദ്ദേഹത്തിനും രാഷ്ട്രീയം കാണും. അതിനെ ബ്ലാക്മെയിലിംങ്ങാണെന്നു ജഗദീഷ് കുറ്റപ്പെടുത്തിയതു ശരിയായില്ല. വർഷങ്ങളോളം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നയാൾക്കെതിരെയാണ് ട്രഷറർ ആയിരുന്ന ഒരാൾ ആരോപണം ഉന്നയിക്കുന്നത്.

ആനക്കൊമ്പുകേസിലും സോളാർ കേസിലുമൊക്കെ പ്രതിയാക്കാൻ വലിയ പ്രയാസമില്ല എന്നൊക്കെ ഭയപ്പെടുത്തി പ്രചാരണത്തിനു കൊണ്ടുപോയതാണെന്നൊന്നും ഞാൻ വിശ്വസിക്കുന്നില്ല. സ്ഥാനാർഥികളുടെ ജീവൻമരണ പോരാട്ടമാണ് പത്തനാപുരത്ത് നടക്കുന്നത്. അവർ എന്തുവില കൊടുത്തും ജയിക്കാൻ നോക്കും. കോൺഗ്രസിനു വേണ്ടി മോഹൻലാൽ പ്രചാരണത്തിനു പോയിരുന്നെങ്കിൽ സലിംകുമാർ ഒകെ പറ‍ഞ്ഞേനെ. 

അമ്മ എന്ന താരസംഘടന ചിലർക്കു വേണ്ടി നിലനിൽക്കുന്നു, ചില മാഫിയാ ഗ്രൂപ്പുകളെപ്പോലെ പ്രവർത്തിക്കുന്നുവെന്ന് തിലകൻ ചേട്ടന്റെ കാലത്തു തന്നെ ആരോപണമുണ്ടായിരുന്നു. അതിൽ തന്നെ ഇപ്പോഴും ഞാൻ ഉറച്ചു നിൽക്കുന്നു.  

Your Rating: