Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണിയുടെ ജീവിതം ആധാരമാക്കി സിനിമ നിർമിക്കും: വിനയൻ

thrissur-vinayan.jpg.image.784.410

കലാഭവൻ മണിയുടെ ജീവിതം ആധാരമാക്കി സിനിമ നിർമിക്കുമെന്നു സംവിധായകൻ വിനയൻ. വേലൂർ പുനർജനി ജീവജ്വാല കലാസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കലാഭവൻ മണി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കലാഭവൻ മണിയോടു മലയാള സിനിമ നീതി പുലർത്തിയിട്ടില്ല.

ജീവിച്ചിരുന്നപ്പോൾ മണിയെ ഒരു കാതം അകലെ നിർത്തിയവരാണ് ഇപ്പോൾ മണിയെ ദൈവമെന്നു വിശേഷിപ്പിക്കുന്നത്. വരേണ്യവർഗ മേധാവിത്വം മലയാള സിനിമയിൽ ഇപ്പോഴും നിലനിൽക്കുന്നു. മതിയായ പരിഗണന കിട്ടിയിരുന്നെങ്കിൽ വടവൃക്ഷമായി മാറേണ്ടിയിരുന്ന കലാകാരനായിരുന്നു മണി. നാടൻപാട്ട് എന്ന കലാശാഖയെ മലയാളത്തിലേക്കു തിരിച്ചുകൊണ്ടുവന്ന മണിക്ക് ഒരു ഫെലോഷിപ് നൽകി ആദരിക്കാൻ പോലും സംഗീത നാടക അക്കാദമിക്കു കഴിഞ്ഞിട്ടില്ലെന്നും വിനയൻ പറഞ്ഞു.

മണിയുടെ മരണത്തെക്കുറിച്ചുള്ള കുപ്രചാരണങ്ങളിൽ വിശ്വസിക്കരുതെന്നു സഹോദരൻ ആർഎൽവി രാമകൃഷ്ണൻ പറഞ്ഞു. മണി എന്ത‍ാണെന്നും ഏതാണെന്നും ഞങ്ങൾക്കറിയാം. മണിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചാൽ ജീവനുള്ള കാലത്തോളം സമ്മതിക്കില്ല. പട്ടിണി കിടന്നു മരിക്കേണ്ടി വന്നാലും സത്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കും. ജീവിച്ചിരുന്നപ്പോൾ മണിക്ക് അർഹിച്ച അംഗീകാരങ്ങൾ ലഭിച്ചില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. പ്രിയനന്ദനൻ, ഗായകരായ പീറ്റർ കലാഭവൻ, സന്നിധാനന്ദൻ, ഭാരവാഹികളായ ബിഞ്ജു സി. ജേക്കബ്, ജയരാജ് എന്നിവർ പ്രസംഗിച്ചു.

Your Rating: