Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എത്രയാ അവാർഡ് ! ആരാ ഈ മേലില?

white-boys

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചപ്പോൾ പലരും അത്ഭുതപ്പെട്ടു. തലസ്ഥാനവാസിയായ മേലില രാജശേഖറിന്റെ വൈറ്റ് ബോയ്സ് എന്ന ചിത്രത്തിനു മൂന്ന് അവാർഡ്.1983, ഓം ശാന്തി ഓശാന എന്നിവയ്ക്ക് ഒപ്പം വൈറ്റ് ബോയ്സ് എന്ന ചിത്രം മൂന്ന് അവാർഡ് നേടിയെന്ന വാർത്ത കേട്ടപ്പോൾ പലരും ചോദിച്ചു ഏതാണ് ഈ വൈറ്റ് ബോയ്സ് എന്ന പടം?

സംസ്ഥാനത്തെ പ്രധാന തിയറ്ററുകളിലെല്ലാം റിലീസ് ചെയ്ത ഈ സിനിമ സാമ്പത്തിക വിജയം നേടിയില്ലെങ്കിലും അതിന്റെ നിലവാരത്തെക്കുറിച്ചു ജൂറിക്കു മതിപ്പായിരുന്നു.രണ്ടു പതിറ്റാണ്ടു നീണ്ട ചലച്ചിത്ര ജീവിതത്തിനു ശേഷം മേലില എടുത്ത ആദ്യ സിനിമയാണ് വൈറ്റ് ബോയ്സ്.കെ.ജി.ജോ‍ർജ്,സിബി മലയിൽ,രാജസേനൻ,ജി.എസ്.വിജയൻ,ടി.കെ.രാജീവ്കുമാർ എന്നിവർക്കൊപ്പം അസോഷ്യേറ്റ് ഡയറക്ടറായി ജോലി നോക്കിയിട്ടുള്ള മേലില വളരെ നേരത്തെ സ്വതന്ത്ര സംവിധായകനാകേണ്ടതായിരുന്നു.പല സന്ദർഭങ്ങളും ഒത്തു വന്നുവെങ്കിലും എല്ലാം വഴി മാറിപ്പോയി.

ഒടുവിൽ അദ്ദേഹത്തെ സംവിധായകനാക്കാൻ സുഹൃത്തുക്കളായ കലഞ്ഞൂർ ശശികുമാറും ശ്രീലകം സുരേഷും ചേർന്ന് നിർമിച്ച സിനിമയാണ് വൈറ്റ് ബോയ്സ്.ചെലവു ചുരുക്കി എടുക്കാൻ പറ്റിയ ചെറിയൊരു കഥ കണ്ടെത്തി.70 ലക്ഷം രൂപ കൊണ്ടു വളരെ ബുദ്ധിമുട്ടിയാണ് ചിത്രീകരണം പൂർത്തിയാക്കിയത്..ശ്രീ അയ്യപ്പൻ പരമ്പരയിൽ അയ്യപ്പനായിരുന്ന കൗശിക് ബാബു,വിജയരാഘവൻ,അഞ്ജലി അനീഷ്,ഗൗരവ് മേനോൻ എന്നിവരായിരുന്നു മുഖ്യ വേഷങ്ങളിൽ.വൻകിട താരങ്ങൾക്കു നൽകാൻ പണമില്ലാത്തതിനാൽ ചെറുകിട നടീനടന്മാരെ വച്ചാണ് സാങ്കേതികത്തികവോടെ ചിത്രം പൂർത്തിയാക്കിയത്.സാങ്കേതിക വിദഗ്ധരുടെയും യൂണിറ്റ് അംഗങ്ങളുടെയും എണ്ണം വെട്ടിക്കുറച്ചും ചിത്രീകരണ ദിവസങ്ങൾ കുറച്ചും സിനിമ പൂർത്തിയാക്കി.

കഥ പറഞ്ഞു വരുമ്പോൾ ഒരു പാട്ട് ഉണ്ടെങ്കിൽ നന്നാകുമെന്നു അണിയറ പ്രവർത്തകർക്കു തോന്നിയെങ്കിലും അതു പാടേണ്ട യേശുദാസിനു നൽകാൻ പണമില്ലായിരുന്നു.അവസാനം നിർമാതാക്കൾ ഒരു വിധത്തിൽ രമേഷ് നാരായണന്റെ സഹായത്തോടെ പണം സംഘടിപ്പിച്ച് പാട്ട് എടുക്കുകയായിരുന്നു.ആ ഗാനത്തിനാണ് രമേഷ് നാരായണനു മികച്ച സംഗീത സംവിധാനത്തിനും യേശുദാസിന് മികച്ച ഗായകനുമുള്ള സംസ്ഥാന അവാർഡ് ലഭിച്ചത്.കൗശിക് ബാബുവിനു ശബ്ദം നൽകിയ ഹരി ശാന്തിനും അവാർഡ് ലഭിച്ചു.

വൈറ്റ് ബോയ്സിനു വേണമെങ്കിൽ രണ്ടു സംസ്ഥാന അവാർഡുകൾ കൂടി അവകാശപ്പെടാം.ഈ സിനിമയ്ക്ക് പശ്ചാത്തല സംഗീതം നൽകിയതു ബിജി ബാലായിരുന്നു.ശബ്ദ മിശ്രണം നിർവഹിച്ചത് ഹരികുമാറും.ഒരാൾക്കു പശ്ചാത്തല സംഗീതത്തിനും രണ്ടാമനു ശബ്ദ മിശ്രണത്തിനുമുള്ള സംസ്ഥാന അവാർഡ് ഉണ്ട്.അവാർഡിനു മത്സരിച്ച വിവിധ സിനിമകളുടെ പേരിലാണ് ബിജി ബാലിനെയും ഹരികുമാറിനെയും തിരഞ്ഞെടുത്തതെന്നു ജൂറി പ്രഖ്യാപിച്ചെങ്കിലും സിനിമകളുടെ പേരുകൾ വെളിപ്പെടുത്തിയിട്ടില്ല.അക്കൂട്ടത്തിൽ വൈറ്റ് ബോയ്സും ഉണ്ടെന്നു വ്യക്തം.അങ്ങനെ വരുമ്പോൾ വൈറ്റ് ബോയ്സ് നേടിയ അവാർഡുകളുടെ എണ്ണം അഞ്ചാകും.

കൊട്ടാരക്കരയ്ക്ക് അടുത്തു മേലില സ്വദേശിയായ രാജശേഖർ ഇപ്പോൾ വട്ടിയൂർക്കാവിലാണ് സ്ഥിരതാമസം.ശ്വാസമടക്കിപ്പിടിച്ചു കാണേണ്ട ത്രില്ലർ ആയിരുന്നു വൈറ്റ് ബോയ്സ്.ത്രില്ലറുകളോട് മേലില രാജശേഖറിനു പ്രത്യേക താല്പര്യമുണ്ട്.വൈറ്റ് ബോയ്സിൽ നിന്നു വ്യത്യസ്തമായ പശ്ചാത്തലവും വിഷയവും കൈകാര്യം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ അണിയറ ജോലികളിലാണ് അദ്ദേഹം.