Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതുക്കും താഴെ 10 എൻട്രതുക്കുള്ളെ

10-endrathukulla-review

പ്രശ്നമെന്തുണ്ടെങ്കിലും 10 എണ്ണുന്നതിനിടെ അത് തീർത്തിരിക്കും അവൻ...’ ഒരാളെപ്പറ്റി ഇമ്മാതിരിയൊരു വിശേഷണം കേൾക്കുമ്പോൾ തന്നെ അറിയാം ആൾ ചില്ലറക്കാരനായിരിക്കില്ലെന്ന്. അത്തരമൊരു ‘അമാനുഷിക’ മനോഭാവവും മനസ്സിൽ വച്ചുകൊണ്ട് കയറിയാൽ പ്രേക്ഷകന് നല്ല ഭംഗിയായി ആസ്വദിക്കാം വിക്രമിന്റെ ഏറ്റവും പുതിയ ചിത്രം ‘10 എൻട്രതുക്കുള്ളെ...’. മാസ് എന്റർടെയ്ൻമെന്റ് പ്രതീക്ഷിച്ച് ‘ഐ’യ്ക്ക് കയറി തകർന്നു പോയ ഫാൻസിനു മുന്നിലേക്ക് ‘അതുക്കും മേലെ’യായുള്ള ചിയാൻ വിക്രമിന്റെ തിരിച്ചുവരവ് കൂടിയാണിത്. ഇടി, നിലയ്ക്കാത്ത ഇടി...ഒരൊറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം സിനിമയെ. ചെവി മൂളിപ്പോകുന്ന വിധത്തിലുള്ള വ്റൂം വ്റൂം ശബ്ദവുമായി കാർ ചേസിങ്ങുമുണ്ട് തുടക്കം മുതൽ ഒടുക്കം വരെ. റോഡിൽ മാത്രമല്ല റയിൽപാളത്തിലൂടെ വരെ കാർ പായുന്ന കാഴ്ചകൾ കാണാം. എന്നുകരുതി വെറുമൊരു ആഘോഷസിനിമയെന്നു കരുതി മാറ്റി നിർത്താനാകില്ല.

മടുപ്പിക്കുന്ന നിമിഷങ്ങളുണ്ട്–ഇവരെന്താണീ കാണിക്കുന്നതെന്ന് ചിന്തിച്ചു പോകുന്ന രംഗങ്ങൾ. പക്ഷേ 10 എണ്ണുന്നതിനിടയിൽ ആ മടുപ്പ് മാറ്റിക്കളയും സംവിധായകൻ വിജയ് മിൽട്ടൺ. ഒന്നുകിൽ ഒരുഗ്രൻ സ്റ്റണ്ട്, അതുമല്ലെങ്കിൽ ഒരു പഞ്ച് ഡയലോഗ്... മിനിറ്റിനു മിനിറ്റിന് പാട്ടുകൊണ്ടുവന്ന് മടുപ്പിക്കുന്ന സ്ഥിരം തമിഴ് ഫോർമുലയിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാനായില്ലെങ്കിലും നായകനും നായികയും തമ്മിലുള്ള മസാല ഡാൻസില്ലാതെ അൽപം ആശ്വാസം പകർന്നു 10 എൻട്രതുക്കുള്ളെ. ലോജിക്കും സംവിധായകന്റെ മുൻപിറങ്ങിയ ചിത്രമായ ഗോലിസോഡയുടെ മികവും ഈ ചിത്രത്തിൽ പ്രതീക്ഷിക്കരുത്. അതേസമയം തന്നെ ചാർമിയോടൊപ്പമുള്ള ഒരു അനാവശ്യ ഐറ്റം ഡാൻസ് കാണിച്ച് വെറുപ്പിക്കുകയും ചെയ്തു.

samantha-vikram

ഗ്ലാമറിലും നൃത്തത്തിലും വിക്രമിന്റെ ഊർജം മുഴുവൻ ഊറ്റിയെടുക്കും വിധത്തിലുള്ള പ്രകടനം കാണാം. പക്ഷേ അഭിനയത്തിൽ അദ്ദേഹത്തിന് കാര്യമായൊന്നും കാണിക്കാനുള്ള അവസരം ഒരുക്കിയതുമില്ല സംവിധായകൻ. സെന്റിമെന്റ്സ് രംഗങ്ങൾ പോലും വിരലിലെണ്ണിയെടുക്കാവുന്നതേയുള്ളൂ. പക്ഷേ എല്ലാം തമാശയായെടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ മറ്റൊരു തമാശയായിരിക്കാം ‘ആ സെന്റിമെന്റ്സ്’ രംഗമെന്നും കരുതിപ്പോകും നമ്മൾ. നായികയുടെ അവസ്ഥയും അതു തന്നെ. വികാരനിർഭരമായ രംഗങ്ങളിൽപ്പോലും അതിന്റെ കെട്ടുപാടുകളിൽ പ്രേക്ഷകനെ പെടുത്തിയിടുന്നില്ല. മറിച്ച് തൊട്ടുപിറകെ വരാനിരിക്കുന്ന വെടിക്കെട്ട് കാഴ്ചകൾക്കിടെ കണ്ണിന് ഒരു ചെറിയ വിശ്രമം, അത്രയേയുള്ളൂ.

ഇത്രയും നാൾ നായകന്റെ നിഴലായി(ചിലപ്പോഴൊക്കെ അതുപോലുമല്ലാതെ) വെറുതെ കൂടെ നിന്നിരുന്ന സാമന്തയ്ക്ക് ആശ്വസിക്കാനുള്ള വക നൽകുന്നുണ്ട് സിനിമ. സിമ്രൻ ഘോഷ്, അനുഗ്രഹ വിഷ്ണുവർധൻ ഇങ്ങനെ കടിച്ചാൽപൊട്ടാത്ത പേരും താങ്ങി നടന്നിരുന്ന നായികമാരിൽ നിന്നുള്ള വഴിമാറ്റിച്ചവിട്ടലിൽ നിന്നുതന്നെ ഇതു വ്യക്തം. നായികയുടെ പേര് ഷക്കീല (സംശയം വേണ്ട, അതേ ഷക്കീല തന്നെ)യെന്നാണ്. പക്ഷേ ചിലനേരങ്ങളിൽ അത് എന്തിനോ വേണ്ടി ഷക്കി എന്നാകുന്നുണ്ട്. മാത്രവുമല്ല, നായികയുടേത് സ്ഥിരം തേൻമൊഴിയല്ല. തകരപ്പാത്രം തറയിൽ വീഴുന്നതുപോലുള്ള സാമന്തയുടെ ശബ്ദം ട്രെയിലറിൽ മാത്രമേയുള്ളൂ. സിനിമയിൽ അത് അൽപം ഭേദമാണ്. ഇങ്ങനെ പേരിലും സംസാരത്തിലും വന്ന മാറ്റം സാമന്തയുടെ കഥാപാത്രത്തിലും കാണാം. അതെന്താണെന്നത് ക്ലൈമാക്സിൽ കാത്തുവച്ചിരിക്കുന്ന രഹസ്യം. മികച്ചതെന്നല്ല, ഇത്രയും നാൾ ചെയ്തതിൽ നിന്നും വ്യത്യസ്തത പുലർത്തുന്ന കഥാപാത്രവുമായിത്തന്നെയാണ് സാമന്ത എത്തിയിരിക്കുന്നത്. പക്ഷേ മസാല ഗാനങ്ങളിലൊന്നുമില്ലെങ്കിലും ഗ്ലാമർ കാഴ്ചകൾ സമ്മാനിക്കുന്നതിൽ പതിവു പോലെ ഒട്ടും അമാന്തം കാണിച്ചിട്ടുമില്ല ഇവർ. കൺകുളിർപ്പിക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന നായകന്റെയും നായികയുടെയും സ്ക്രീനിലെ നിറവു തന്നെ ചിത്രത്തിന്റെ പ്ലസ് പോയിന്റുകളിലൊന്ന്. അതിന് എല്ലാ പിന്തുണയുമായി കെ.എം.ഭാസ്കരന്റെ ഛായാഗ്രഹണവും.

vikram-samantha

ഉത്തരേന്ത്യൻ ഭംഗി നിറഞ്ഞുകാണാം ചിത്രത്തിൽ. (ചില ഭാഗങ്ങൾ നേപ്പാളിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്).ചെന്നൈയിൽ നിന്ന് മസൂറിയിലേക്കുള്ള നായകന്റെയും നായികയുടെയും യാത്രയാണ് ചിത്രം പറയുന്നത്. ഹോളിവുഡിലെ ട്രാൻസ്പോർട്ടർ, തമിഴിലെ തന്നെ ‘പയ്യാ’ എന്നീ ചിത്രങ്ങളുടെ അതേ ഗണത്തിൽപ്പെടുത്താം 10 എൻട്രതുക്കുള്ളെയെയും. പക്ഷേ ഇവയിൽ നിന്ന് വേറിട്ടു നിൽക്കും വിധം കഥയിലും കാഴ്ചയിലും മാറ്റങ്ങളേറെയുണ്ട്. പൂർണമായും ഉള്ള ഒരു മാറ്റമല്ല ഇത്. കാരണം ചിത്രത്തിലെ പല ഭാഗങ്ങളും, ഒരു പക്ഷേ കഥ കേൾക്കുകയാണെങ്കിൽ പോലും അതും നേരത്തെ പലയിടത്തും കണ്ടതും കേട്ടതുമായിരിക്കാം. എന്നിരുന്നാലും കഥയും തിരക്കഥയുമേക്കാൾ കാഴ്ചയ്ക്കും കാതിരമ്പത്തിനും പ്രാധാന്യം നൽകിയ ഒരു ചിത്രത്തിൽ നിന്ന് മറ്റെന്ത് പ്രതീക്ഷിക്കാനാണ്?

10 Endrathukulla - Official Trailer | Vikram, Samantha

വിജയ് മിൽട്ടൺ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ചിത്രത്തിന്റെ ചടുലത മുഴുവൻ ഫ്രെയിമുകളിൽ നിറച്ച് പ്രേക്ഷകനെ ബോറടിപ്പിക്കാതെ രക്ഷിക്കുന്നുണ്ട് ശ്രീകർ പ്രസാദിന്റെ എഡിറ്റിങ്. ഇതിനോട് ചേർന്ന് ചിത്രം ആവശ്യപ്പെടുന്ന അതേരീതിയിലുള്ള സംഗീതസംവിധാനവും (ഡി ഇമ്മൻ) പശ്ചാത്തലസംഗീതവും(അനൂപ് സേലിൻ). ആക്‌ഷന്റെ കാര്യം എടുത്തുപറയേണ്ടതാണ്. ലോക്കൽ ഗുണ്ടകൾക്കും വമ്പൻ ഭീകരന്മാർക്കും അവരവർ അർഹിക്കുന്ന വിധത്തിലുള്ള തല്ല് തയാറാക്കിയാണ് സ്റ്റണ്ട് മാസ്റ്ററുടെ പ്രയോഗങ്ങൾ. വില്ലന്മാരായി പശുപതിയും പിന്നെ ഹിന്ദി, തെലുങ്ക് സിനിമാലോകത്തെ സ്ഥിരം കക്ഷികളുമാണെത്തുന്നത്. വില്ലത്തരത്തിലും ചിലയിടത്തെല്ലാം തമാശയിലും പശുപതി ഒരുപടി മുന്നിൽത്തന്നെയാണ്.

samantha-movie

40 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പക്ഷേ അതിൽ കുറച്ചെങ്കിലും എടുത്ത് വിഎഫ്എക്സിനു നൽകിയിരുന്നെങ്കിൽ അവിടെ സംഭവിച്ച പിഴവ് ഒഴിവാക്കാമായിരുന്നു. ആ പിഴവിനാകട്ടെ വലിയ വിലയും കൊടുക്കേണ്ടി വരും. കാരണം ചിത്രത്തിലെ വിഷ്വൽ എഫക്ടുകൾ നല്ലപോലെ ചീത്തപ്പേരു കേൾപ്പിക്കും. വിക്രമിന്റെ അവതരണ സീൻ പോലും കുളമാക്കിക്കളയുന്ന വിധമായിപ്പോയി അതെന്നു പറയുമ്പോഴറിയാം എത്രമാത്രം പരിതാപകരമായിരിക്കുമെന്നത്. ഇന്ന് ഉത്തരേന്ത്യ മാത്രമല്ല കേരളത്തിൽ പോലും ചർച്ചയാകുന്ന ജാതിവിഷയത്തിൽ കേന്ദ്രീകരിച്ചാണ് 10 എൻട്രതുക്കുള്ളെ അടിത്തറ കെട്ടിയിരിക്കുന്നത്. പക്ഷേ അതിലേക്ക് ആഴത്തിലിറങ്ങിച്ചെന്ന് ബോധവൽകരണത്തിനുള്ള ശ്രമമൊന്നുമില്ല. മറിച്ച് ഒരു പശ്ചാത്തലമിടുന്നുവെന്നു മാത്രം. ബാക്കിയെല്ലാം സ്ഥിരം അടി, ഇടി, പാട്ട്, പഞ്ച്ഡയലോഗ് മയം. ‘ഇതൊക്കെ എങ്ങനെ നടക്കാനാണ്...’ എന്ന് ചിന്തിച്ചു ചിരിക്കുന്നതിനേക്കാൾ ഇതൊരു സിനിമയല്ലേ, അതും തമിഴിലെ സൂപ്പർതാരത്തിന്റെ എന്ന മനസ്സുമായി കണ്ടാൽ 10 എൻട്രതുക്കുള്ളെ ഉഷാറാണ്. ഒരു പക്ഷേ വിസിലടിച്ച് ആഘോഷമാക്കാവുന്ന ചിത്രം.

Your Rating:

Disclaimer

ഇവിടെ പോസ്റ്റ് ചെയ്യുന്ന അഭിപ്രായങ്ങൾ മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാറിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.