Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്വിസ്റ്റുകളുടെ ബാഗമതി; റിവ്യു

baagamathie

പ്രേതബംഗ്ലാവ്, അവിടേക്ക് എത്തിപ്പെടുന്ന നായിക, ഭൂതകാലം, പ്രേതാവേശം, വിചിത്ര സംഭവങ്ങൾ, മന്ത്രവാദി, മനഃശാസ്ത്രജ്ഞൻ...ഒരു ഘട്ടത്തിൽ മറ്റൊരു മണിച്ചിത്രത്താഴിലേക്കാണോ കഥ പോകുന്നത് എന്ന കാഴ്ചക്കാരന്റെ മുൻവിധിയെ തകിടം മറിക്കുന്നിടത്ത് ബാഗമതി എന്ന ചിത്രം ആരംഭിക്കുന്നു! അതുകൊണ്ടുതന്നെ 'രണ്ടാം പകുതിയിൽ ആരംഭിക്കുന്ന സിനിമ' എന്ന് ബാഗമതിയെ വിശേഷിപ്പിക്കുന്നതിൽ അതിശയോക്തിയുണ്ടാകില്ല. ഹൊറർ ഷേഡിൽ കഥ പറയുന്ന ത്രില്ലറാണ് ചിത്രം. 

അനുഷ്ക ഷെട്ടിയുടെ മാസ് പ്രകടനമാണ് ചിത്രത്തെ ആദ്യാവസാനം മുന്നോട്ടു നയിക്കുന്നത്. അതോടൊപ്പം ജയറാം, ഉണ്ണി മുകുന്ദൻ, ആശ ശരത് എന്നീ മലയാളി താരങ്ങളുടെ മത്സരിച്ചുള്ള അഭിനയവും ചിത്രത്തിന്റെ സവിശേഷതയാണ്.

അഴിമതി ആരോപണം ആരോപിക്കപ്പെടുന്ന മന്ത്രിക്ക് നേരെയുള്ള സിബിഐ അന്വേഷണത്തിന്റെ ഭാഗമായി മന്ത്രിയുടെ പഴ്സനേൽ സെക്രട്ടറിയെ ചോദ്യം ചെയ്യാനായി കാട്ടിലെ ഒരു ഒറ്റപ്പെട്ട കൊട്ടാരത്തിലേക്ക് എത്തിക്കുന്നു. രാജഭരണകാലത്ത് നൈസാമിനെതിരെ പോരാടി വിജയിച്ച ബാഗമതി റാണിയുടെ കൊട്ടാരമാണ് അത്. തന്റെ സൈന്യാധിപന്റെ ചതി മൂലം തുറങ്കിലടയ്ക്കപ്പെട്ട റാണി ആത്മഹത്യ ചെയ്‌തെന്നും അതിനുശേഷം റാണിയുടെ ആത്മാവ് പ്രതികാരവിവശയായി ആ കൊട്ടാരത്തിൽ അലഞ്ഞു തിരിയുന്നു എന്നുമാണ് കഥ. അതിനെ ശരിവയ്ക്കുംവിധം തുടർന്ന് കൊട്ടാരത്തിൽ വിചിത്ര സംഭവങ്ങൾ അരങ്ങേറുന്നു.

anushka-unni-mukundan

ഒരേസമയം സജീവമായും ഫ്ലാഷ്ബാക്കിലേക്കും ഇടകലരുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്. ചഞ്ചല എന്ന ഐഎഎസ് ഉദ്യോഗസ്ഥയെയാണ് അനുഷ്ക ഷെട്ടി അവതരിപ്പിക്കുന്നത്. ബാഗമതിയിലേക്ക് പരകായപ്രവേശം ചെയ്യുന്നതിനായി അനുഷ്ക ശാരീരികമായും മാനസികമായും നടത്തിയ പരിശ്രമത്തിനു കൈയടിക്കാതിരിക്കാനാകില്ല. ജി അശോകാണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. 

ആദ്യ പകുതി മുഴുവൻ ഒരു ഹൊറർ ചിത്രമെന്ന പോലെയാണ് ബാഗമതി പുരോഗമിക്കുന്നത്. തെലുങ്ക് ചിത്രങ്ങളുടെ മുഖമുദ്രയായ അതിഭാവുകത്വം ആദ്യ പകുതിയിൽ ആസ്വാദനത്തിൽ കല്ലുകടിയാകും. എന്നാൽ ട്വിസ്റ്റുകളുടെ ഘോഷയാത്രയാണ് രണ്ടാം പകുതി മുഴുവൻ. പതിയെ ചിത്രം  സസ്പെൻസ് മൂഡിലേക്ക് ട്രാക്ക് മാറ്റുന്നു. ചിത്രം അവസാനിക്കുന്നതും മറ്റൊരു ട്വിസ്റ്റിലേക്ക് വഴിമരുന്നിട്ടുകൊണ്ടാണ്.

അതിഭാവുകത്വമില്ലാതെ കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ നേതാവിന്റെ വേഷം ജയറാം ഗംഭീരമാക്കി. പതിവ് നന്മവേഷങ്ങളിൽ നിന്നൊരു ബ്രേക്ക് കൂടിയാകും ജയറാമിന് ഈ ചിത്രം എന്നുറപ്പ്. കരിയറിലെ ആദ്യ തെലുഗു ചിത്രം ഉണ്ണി മുകുന്ദനും മോശമാക്കിയില്ല. മാസ്റ്റർപീസിലെ നെഗറ്റീവ് ഷേഡ് ഉള്ള പോലീസ് വേഷത്തിനുശേഷം പ്രണയം മനസ്സിൽ സൂക്ഷിക്കുന്ന ക്ഷോഭിക്കുന്ന യുവത്വത്തിന്റെ പ്രതിനിധിയായി ഉണ്ണിയുടെ കഥാപാത്രവും പ്രതീക്ഷ കാക്കുന്നു. സിബിഐ ഓഫിസറായി ആശ ശരത് എത്തുന്നു.

ഭീതി ജനിപ്പിക്കുന്ന ഡാർക്ക് ഷേഡിലുള്ള ഫ്രയിമുകൾ കയ്യടി അർഹിക്കുന്നു. ഭീതി സംവദിപ്പിക്കുന്ന രംഗസജ്ജീകരണങ്ങളും അഭിനന്ദനാർഹമാണ്. എന്നാൽ ഹൊറർ രംഗങ്ങൾക്ക് അകമ്പടിയേകുന്ന ശബ്ദവിന്യാസം അൽപം കടന്നുപോയി എന്നു പറയാതെ വയ്യ. ചെവിയിലേക്ക് തുളച്ചു കയറുന്ന ശബ്ദങ്ങൾ പലപ്പോഴും അരോചകമാകുന്നുണ്ട്. ഒരുപാട് ട്വിസ്റ്റുകൾ കൊണ്ടുവരാൻ ശ്രമിച്ചപ്പോൾ ഉത്തരം കിട്ടാത്ത സമസ്യകൾ ചിത്രത്തിൽ ബാക്കിയാകുന്നുമുണ്ട്. ആദ്യപകുതിയിലെ കാട്ടിക്കൂട്ടലുകൾക്ക് ഒരൽപം മിതത്വം നൽകിയിരുന്നെങ്കിൽ ചിത്രം കുറച്ചുകൂടി കാഴ്ചാക്ഷമമായേനെ...അതുപോലെ ഒരു തെലുഗു ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റുമ്പോൾ സംഭാഷണങ്ങളിൽ ഉണ്ടാകുന്ന കല്ലുകടി ചിത്രത്തിന്റെ ആസ്വാദനത്തെ ബാധിക്കുന്നുമുണ്ട്. എങ്കിലും മൊത്തത്തിൽ കൂട്ടിക്കിഴിച്ചു നോക്കിയാൽ ചിത്രത്തിന് പാസ് മാർക്ക് ഉറപ്പായും നൽകാം.

ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രം തെലുഗു സിനിമാവ്യവസായത്തിൽ ഒരു തിരിച്ചറിവായിരുന്നു. നായകനൊപ്പം ശക്തമായ സ്ത്രീകഥാപാത്രങ്ങൾക്കും പ്രേക്ഷന്റെ കയ്യടി ലഭിക്കുമെന്ന തിരിച്ചറിവ്. ബാഗമതി ആ തിരിച്ചറിവിന്റെ തുടർച്ചയാണ്. നായികമാർക്കും മാസ് രംഗങ്ങൾ ഒറ്റയ്ക്ക് അഭിനയിപ്പിച്ച് ഫലിപ്പിക്കാൻ കഴിയുമെന്നും അതിനു പ്രേക്ഷകസ്വീകാര്യത ലഭിക്കുമെന്നും ചിത്രം കാട്ടിത്തരുന്നു. ചുരുക്കത്തിൽ ഒരു ഹൊറർ ചിത്രം എന്ന മുൻവിധിയോടെ തന്നെ ചിത്രം പോയിക്കാണുന്നവർക്ക് ബാഗമതി തൃപ്തികരമായ കാഴ്ചാനുഭവമായിരിക്കും.    

നിങ്ങൾക്കും റിവ്യൂ എഴുതാം