Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പച്ചയായ മനുഷ്യന്റെ ജീവിതം; റിവ്യു

parole-movie-review

ജീവിതത്തോട് അടുത്തുനിൽക്കുന്ന കഥാപാത്രങ്ങളോട് പ്രത്യേക ഒരടുപ്പം പ്രേക്ഷകർക്കുണ്ടാകാറുണ്ട്. അങ്ങനെ അടുത്തറിയുംതോറും ഇഷ്ടം തോന്നുന്ന ഒരാളാണ് പരോൾ സിനിമയിലെ നായകനായ സഖാവ് പുല്ലാങ്കുന്നേൽ അലക്സ്. എട്ടുവർഷമായി ജയിലിലെ 101 ാം നമ്പർ തടവുകാരൻ. ഉൾക്കാമ്പുളള കഥാപാത്രങ്ങളെ മികവുറ്റ അഭിനയപ്രകടനത്തിലൂടെ മറ്റൊരു തലത്തിലെത്തിക്കുന്ന മമ്മൂട്ടിയുടെ മറ്റൊരു മികച്ച കഥാപാത്രമാണ് അലക്സ്. നവാഗതനായ ശരത് സന്ധിത്താണ് സംവിധായകൻ.

മേസ്തിരിയെന്നാണ് അലക്സിനെ ജയിൽ ഉദ്യോഗസ്ഥരും സഹതടവുകാരും സ്നേഹത്തോടെ വിളിക്കുന്നത്. അവരുടെയെല്ലാം എന്ത് ആവശ്യത്തിനും അലക്സ് ഓടിയെത്തും. മറ്റു തടവുകാരുടെ ജീവിതദുഃഖങ്ങളും അവരുടെ കദനകഥയും അലക്സിന് അറിയാമെങ്കിലും അലക്സിന്റെ ജീവിതത്തിൽ എന്താണ് സംഭവിച്ചതെന്ന് അവിടെ ആർക്കുമറിയില്ല. 

PAROLE - Official Trailer | Mammootty | Sharrath Sandith | Siddique | Miya | Antony D’cruz

പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ജീവിതത്തിലെ നല്ലകാലം ജയിലിലെ ഇരുട്ടറയില്‍ ഒതുങ്ങിക്കഴിയേണ്ടി വന്ന വ്യക്തിയാണ് അദ്ദേഹം. നീണ്ട എട്ടു വർഷത്തിനു ശേഷം അലക്സിന് പതിനഞ്ച് ദിവസത്തെ പരോൾ ലഭിക്കുന്നു. എന്നാൽ അവിടെയും അലക്സിനെ കാത്തിരുന്നത് പൊള്ളുന്ന പരീക്ഷണങ്ങളായിരുന്നു.

മമ്മൂട്ടി എന്ന മഹാപ്രതിഭയുടെ ഗംഭീരപ്രകടനവും ഞെട്ടിക്കുന്ന ഇടവേളയും സിനിമയുടെ ആദ്യ പകുതിയെ മികച്ച അനുഭവമാക്കുന്നുണ്ട്. 149 മിനിറ്റ് ആണ് സിനിമയുടെ ദൈർഘ്യം.

സിനിമയുടെ വലിയ ആകര്‍ഷണം യഥാര്‍ഥ കഥയെ ആസ്പദമാക്കി ഒരുക്കിയതാണെന്നതായിരുന്നു. ജയില്‍ വാര്‍ഡനായിരുന്ന അജിത്ത് പൂജപ്പുരയുടേതാണ് കഥയും തിരക്കഥയും. അജിത് ജയിലിൽ കണ്ടുമുട്ടിയ ഒരു തടവുകാരന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രചോദനം. 

സഖാവ് അബ്ദുവായി സിദ്ദിഖും വർഗീസായി സുരാജ് െവഞ്ഞാറമൂടും മികച്ച പ്രകടനം നടത്തുന്നു. ഏറെ നാളുകൾക്കു ശേഷം സ്ക്രീനിൽ കാണുന്ന ലാലു അലക്സിന്റെ പൊലീസ് വേഷവും ഓർമയിൽനിൽക്കും. ഇനിയ, മിയ ജോര്‍ജ്, സുധീര്‍ കരമന, പ്രഭാകര്‍, അലന്‍സിയര്‍, സോഹൻ സീനുലാൽ, ഇർഷാദ്, സിജോയ് വർഗീസ്, ജിലു ജോസഫ് തുടങ്ങിയവരും നന്നായി. 

സ്റ്റണ്ട് സിൽവയാണ് ആക്‌ഷൻ. ശരത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ മുതൽക്കൂട്ടാണ്. തൊടുപുഴയുടെ ദൃശ്യഭംഗി അതിമനോഹരമായി ലോഗനാഥൻ ശ്രീനിവാസൻ ക്യാമറയിലാക്കിയിട്ടുണ്ട്.

നായകന്റെ ഹീറോയിസമുൾപ്പെടെ കച്ചവടസിനിമയുടെ ചേരുവകൾ സിനിമയിലുണ്ടെങ്കിലും അടിസ്ഥാനപരമായി പരോൾ ചില പച്ചമനുഷ്യരുടെ ജീവിതത്തിന്റെ കഥയാണ്. അനിശ്ചിതത്വവും സ്വപ്നത്തകർച്ചകളുമൊക്കെയുള്ള, എന്നിട്ടും പ്രതീക്ഷകളിലേക്കു പരോൾ തേടുന്ന മനുഷ്യരുടെ ജീവിതകഥ.

related stories