Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുരുക്കുകളുടെ കിനാവുകൾ; റിവ്യു

orayiram-kinakkalal-review

പണം എന്തിന്റെയും മാനദണ്ഡമാകുന്ന ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. പണമില്ലാത്തവൻ എങ്ങും പിണമാണ്. ഏതുവിധേനയും പണം സമ്പാദിക്കാൻ പുതുതലമുറ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ഭവിഷ്യത്തുകളും കുടുംബബന്ധങ്ങളിൽ അതുണ്ടാക്കുന്ന താളപ്പിഴകളും നാം പത്രമാധ്യമങ്ങളിലൂടെ നിരന്തരം കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. ഈയൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഒരായിരം കിനാക്കളാൽ എന്ന ചിത്രം കഥപറയുന്നത്.

കുറച്ചു കാലത്തെ വിദേശവാസത്തിനു ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ നായകന് കുറെ മണ്ടത്തരങ്ങൾ പറ്റുന്നു. സാമ്പത്തിക കാര്യങ്ങളിൽ ഞെരുക്കമുണ്ടാകുന്നു. വീട്ടുകാരെ അറിയിക്കാതെ കുറച്ചു കാശുണ്ടാക്കി പ്രശ്നങ്ങൾ പരിഹരിക്കാനുള്ള അയാളുടെ ശ്രമങ്ങൾ അയാളെ ചില കുരുക്കുകളിൽ കൊണ്ട് ചാടിക്കുന്നു. അത് പിന്നീട് അഴിയാക്കുരുക്കായി അയാളെ പിന്തുടരുന്നു. ഇതാണ് ഒരായിരം കിനാക്കളാൽ എന്ന ചിത്രത്തിന്റെ പ്രമേയം. 

Orayiram Kinakkalal | Official Trailer | Biju Menon | Pramod Mohan | HD

പ്രമോദ് മോഹനാണ് തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്. രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ നിർമാതാവ്. ബിജു മേനോൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. റോഷൻ മാത്യു, സായികുമാർ, കലാഭവൻ ഷാജോൺ, കൃഷ്ണകുമാർ, സാക്ഷി അഗർവാൾ, നിർമൽ പാലാഴി, ഷാരു വർഗീസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

ത്രില്ലർ ശൈലിയിൽ കഥപറയാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്. എന്നാൽ കാമ്പില്ലാത്ത തിരക്കഥ പോരായ്മയാകുന്നു. ട്വിസ്റ്റുകൾ കൊണ്ടുവരാനുള്ള ശ്രമത്തിൽ തിരക്കഥയിൽ പലയിടത്തും ലോജിക്കുകളും നഷ്ടമാകുന്നുണ്ട്. 

പൊതുവെ കുശാഗ്രബുദ്ധിക്കാരനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു ഫലിപ്പിക്കുന്ന ബിജു മേനോന് ചിത്രത്തിൽ നിഷ്കളങ്കനായ നായകവേഷം നൽകിയത് വ്യത്യസ്തമായി. റോഷൻ മാത്യുവും ചിത്രത്തിൽ തരക്കേടില്ലാത്ത അഭിനയം കാഴ്ച വയ്ക്കുന്നു.

ഛായാഗ്രഹണം നിലവാരം പുലർത്തുന്നുണ്ട്. രാത്രിയിലാണ് കഥയുടെ ഭൂരിഭാഗവും പുരോഗമിക്കുന്നത്. ഡാർക്ക് ഷേഡിലുള്ള ഫ്രയിമുകൾ നന്നായി വിന്യസിച്ചിട്ടുണ്ട്. സച്ചിൻ വാര്യരാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതവും ഗാനങ്ങളും മികവാർന്നതാണ്.

പണത്തിനു പിന്നാലെയുള്ള ആർത്തി പിടിച്ചുള്ള ഓട്ടം കൊണ്ട് സംഭവിക്കാവുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ശ്രമിച്ച ഉദ്ദേശ്യശുദ്ധി ശ്ലാഘനീയമാണ്. വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ പോയിക്കണ്ടാൽ ചിത്രം തൃപ്തിപരമായ കാഴ്ചയാകും നൽകുക.

നിങ്ങൾക്കും റിവ്യൂ എഴുതാം