Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോര കൊണ്ട് അബ്രഹാമിന്റെ പ്രതികാരം; റിവ്യു

Abrahaminte Santhathikal First Show And Theatre Response

‘നിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങൾ‍ പോലെയും കടൽക്കരയിലെ മണൽ പോലെയും അത്യന്തം വർധിപ്പിക്കും; നിന്റെ സന്തതി ശത്രുക്കളുടെ പട്ടണങ്ങളെ കൈവശമാക്കും’  - ഉല്പത്തി 22:17

മമ്മൂട്ടി നായകനായ അബ്രഹാമിന്റെ സന്തതികൾ പ്രേക്ഷകനെ ആദ്യാവസാനം പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രമാണ്. ഒരിടവേളയ്ക്കു ശേഷം മമ്മൂട്ടിയുടെ മികച്ച മാസ് ആക്‌ഷൻ കഥാപാത്രത്തെ മലയാളിക്കു സമ്മാനിക്കുന്നതാണ് ഇൗ സിനിമ. 

ക്രൂരമായ മൂന്നു കൊലപാതകങ്ങളിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കൊലപാതകത്തിന് ഉത്തരം തേടാൻ കൊലയാളി ഒരു തെളിവും അവശേഷിപ്പിക്കുന്നു. അവിടെ നിന്നാണ് അബ്രഹാമിന്റെ സന്തതികളുടെ തുടക്കം. ധൈര്യശാലിയും സത്യസന്ധനുമായ പൊലീസ് ഉദ്യോഗസ്ഥനാണ് െഡറിക് അബ്രഹാം. ഏറ്റെടുത്ത കേസുകളൊക്കെ പഴുതുകളില്ലാതെ ഞൊടിയിടയിൽ അന്വേഷിച്ച് തീർപ്പാക്കുന്ന മിടുക്കൻ. എന്നാൽ ഒരു കേസിൽ മാത്രം അദ്ദേഹത്തിനു തെറ്റുപറ്റുന്നു. അതിന് അയാൾ കൊടുക്കേണ്ടി വന്ന വില സ്വന്തം രക്തത്തിന്റേതും.

abrahaminte-santhathikal

മമ്മൂട്ടിച്ചിത്രമെന്നതിലുപരി സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും സിനിമയാണ് അബ്രഹാമിന്റെ സന്തതികൾ. പ്രേക്ഷകർ ചിന്തിക്കുന്നിടത്തു നിന്ന് തെന്നിമാറുന്ന കഥാശൈലി. സസ്പെൻസ് ത്രില്ലറിൽനിന്ന് ഇമോഷനൽ ത്രില്ലറിലേക്കുള്ള ചുവടുമാറ്റമൊക്കെ മികച്ചത്. അന്വേഷണവും സസ്പെൻസും നിറഞ്ഞു നിൽക്കുന്ന ആദ്യ പകുതി, വൈകാരിക രംഗങ്ങൾ നിറഞ്ഞ രണ്ടാം പകുതി എന്നിവ സിനിമയുടെ മാറ്റു കൂട്ടുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ കൊണ്ടുവരുന്ന ഡബിൾ ട്വിസ്റ്റ് പ്രേക്ഷകരെ അമ്പരപ്പിക്കും. 

ഷാജി പാടൂരിന്റെ ആദ്യ സംവിധാനസംരംഭം മികച്ചതായെന്നു പറയാം. അനാവശ്യമായ കോമഡി രംഗങ്ങൾ ഒഴിവാക്കി സീരിയസ് ഫാമിലി ത്രില്ലറായി ചിത്രമൊരുക്കാൻ സംവിധായകനു സാധിച്ചു. മേക്കിങ്ങിലും വ്യത്യസ്ത കൊണ്ടുവരാനായി. ഹനീഫ് അദേനിയുടെ തിരക്കഥയും സംഭാഷണവും സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. 

Abrahaminte Santhathikal Official Teaser | Mammootty | Anson Paul | Shaji Padoor | Haneef Adeni

പൊലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടിയുടെ മികച്ച പ്രകടനമാണ് സിനിമയിലുടനീളം. വൈകാരിക രംഗങ്ങളും ആക്‌ഷൻ രംഗങ്ങളും  എടുത്തുപറയേണ്ടതാണ്. ഫിലിപ്പ് അബ്രഹമായി എത്തിയ ആൻസൺ പോൾ തന്റെ വേഷം ഗംഭീരമാക്കി. സിദ്ദിഖ്, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, കലാഭവൻ ഷാജോൺ, കനിഹ, ജനാർദനൻ, സുദേവ് നായർ, താരുഷി, യോഗ് ജപി, സിജോയ് വർഗീസ് എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി. സാങ്കേതികമായും ഏറെ മുന്നിട്ടുനിൽക്കുന്നു ഈ ചിത്രം. പശ്ചാത്തലസംഗീതം ഒരുക്കിയ ഗോപിസുന്ദർ ആരാധകരെ ആവേശത്തിന്റെ പാരമ്യത്തിലെത്തിച്ചു. ആൽബിയുടെ ഛായാഗ്രഹണവും മഹേഷ്‌ നാരായണന്റെ എഡിറ്റിങ്ങും മികച്ചു നിന്നു. 

abrahaminte-santhathikal-review

അബ്രഹാമിന്റെ സന്തതികൾ അടുത്ത കാലത്ത് മലയാളത്തിലിറങ്ങിയ മികച്ച ക്രൈം ത്രില്ലറുകളിലൊന്നാണ്. മമ്മൂട്ടിയുടെ ആരാധകർക്കും നല്ല സിനിമയെ സ്നേഹിക്കുന്ന പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രം.