Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഭയാനകം; ഒരു ക്ലാസിക് ‘കഥ’

bhayanakam-review

ഏതു കാലത്തോടും സംവദിക്കാനുള്ള ശേഷിയാണ് ഒരു കൃതിയെ ക്ലാസിക്കാക്കുന്നത്. മറ്റൊരു കാലത്ത് മറ്റൊരു രൂപത്തിലവതരിപ്പിക്കുമ്പോഴും മഹത്തായ കൃതികളുടെ കാലാതീതമാനം തെല്ലും  ചോരുന്നില്ല. ആ അർത്ഥത്തിൽ തകഴി ശിവശങ്കരപ്പിള്ളയുടെ 'കയറി'ന്റെ മഹത്വം ഒരിക്കൽക്കൂടി വെളിപ്പെടുത്തുന്നു ജയരാജ് ചിത്രമായ 'ഭയാനകം'.

സാഹിത്യകൃതികളെ അഭ്രപാളിയിൽ പകർത്തുന്ന കാര്യത്തിൽ ജയപരാജയങ്ങളുടെ സമ്മിശ്ര ചരിത്രമുള്ള ജയരാജ് ഇത്തവണയും ജയത്തിന്റെ പാതയിൽ തന്നെ. തന്റെ നവരസപരമ്പരയിലെ ആറാമത്തെ ചിത്രത്തിനായി അദ്ദേഹം ശരിയായ കൃതിയും ശൈലിയും തന്നെ തിരഞ്ഞെടുത്തിരിക്കുന്നു.  

Bhayanakam Movie Official Trailer | Renji Panicker | Asha Sarath | Jayaraj

1930–40 കളിലെ കുട്ടനാടിന്റെ കഥ പറയുന്ന ചിത്രമാണ് ഭയാനകം. ഒരു ദേശത്തിന്റെ, ഒരു പ്രത്യേക ചരിത്രസന്ധിയിലെ മനുഷ്യരും മൃഗങ്ങളും പ്രകൃതിയും സാമൂഹ്യശ്രേണിയുമൊക്കെ ചിത്രം കൃത്യമായി പ്രതിഫലിപ്പിക്കുന്നു. എന്നാൽ അതുയർത്തുന്ന ചോദ്യങ്ങളും ആശങ്കകളും അതിർവരമ്പുകളില്ലാത്തവയാണ്. 

പേരറിയാത്ത ഒരു പോസ്റ്റ്മാന്റെ കണ്ണിലൂടെ യുദ്ധം, സമാധാനം, ദാരിദ്ര്യം എന്നിങ്ങനെ ഏതുകാലത്തും പ്രസക്തമായ ചില ചോദ്യങ്ങൾ ‘ഭയാനകം’ മുന്നോട്ട് വെയ്ക്കുന്നു. 

ഒരു ഫെസ്റ്റിവൽ ചിത്രത്തിന്റെ ശൈലിയും വേഗതയുമാണെങ്കിലും ‘ഭയാനകം’ മടുപ്പിക്കുന്നില്ല. ആവർത്തനസ്വഭാവമുള്ള ചില രംഗങ്ങളും ഷോട്ടുകളും മുറിച്ചു മാറ്റിയിരുന്നെങ്കിൽ ചിത്രം കൂടുതൽ ആസ്വാദ്യമാകുമായിരുന്നു. 

bhayanakam

കഥയുടെയും കഥാപാത്രങ്ങളുടെയും ബലമാണ് ചിത്രത്തിന്റെ കരുത്ത്. കേന്ദ്രകഥാപാത്രമായ ‘പോസ്റ്റ്മാൻ’ രൺജി പണിക്കറുടെ സിനിമാജീവിതത്തിലെ വലിയ മുതൽക്കൂട്ടുകളിലൊന്നാണ്. അയാൾ ഒരു യുദ്ധത്തിന്റെ ഇരയാണ്.  അതുകൊണ്ട് തന്നെ ആസന്നമായ ഒരു യുദ്ധത്തിന്റെ കെടുതികൾ അയാളിൽ എപ്പോഴും നീറുന്നു. പട്ടാളത്തിൽ ചേർന്ന ചെറുപ്പക്കാരുടെ കത്തുകളും പണവും കൊണ്ടു വരുന്ന ഗ്രാമത്തിന്റെ സന്തോഷവാഹകനിൽ നിന്നും മരണദൂതനായി പോസ്റ്റ്മാനെ മാറ്റിക്കൊണ്ടാണ് രണ്ടാം ലോകമഹായുദ്ധം വരുന്നത്. അയാൾ ഒരു ദുശ്ശകുനവും അപലക്ഷണവുമായി ത്തീരുന്നു. ആ ഭാവമാറ്റങ്ങളെല്ലാം രൺജി പണിക്കർ ഭദ്രമായി അവതരിപ്പിക്കുന്നു. 

അയാൾക്കു വീടും തണലുമൊരുക്കുന്ന ഗ്രാമീണ സ്ത്രീയായി ആശാ ശരത് കയ്യൊതുക്കമുള്ള പ്രകടനം നടത്തുന്നു. തന്റെ പല ചിത്രത്തിലെയും പോലെ ഭയാനകത്തിലും ജയരാജ്  ഒരു പിടി അമച്വർ അഭിനേതാക്കളെ അവതരിപ്പിക്കുന്നു. അവരിൽ  ചിലരുടെ പ്രകടനത്തിൽ പരിചയമില്ലായ്മ നിഴലിക്കുന്നുണ്ടെങ്കിലും.

മോണോക്രോമിലുള്ള കുട്ടനാടൻ കാഴ്ചകളാണ് ചിത്രത്തിന്റെ മാറ്റു കൂട്ടുന്ന മറ്റൊരു ഘടകം. നിഖിൽ. എസ്‍. പ്രവീണിന് ദേശീയ അവാർഡ് നേടിക്കൊടുത്ത ഛായാഗ്രഹണ മികവ് ചിത്രത്തിന്റെ വിഷയത്തിനും അവതരണശൈലിക്കും യോജിച്ചതു തന്നെ. 

നല്ല സിനിമയുടെയും സാഹിത്യത്തിന്റെയും മിശ്രിതം ഭയാനകത്തിൽ ദൃശ്യം തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.