Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രുചിയേറും മെഴുതിരി അത്താഴങ്ങൾ; റിവ്യു

ente-mezhuthiri-athazhangal-review

പ്രണയസിനിമകൾക്കെല്ലാം ഒരേ നിറമാണ്, ഭാഷയാണ്. അവയെല്ലാം പകരുന്ന വികാരവും ഒന്നു തന്നെയാണ്. പക്ഷേ ആ വികാരം എങ്ങനെ പ്രേക്ഷകരിലേക്കെത്തിക്കുവെന്നതിലാണ് ഒാരോ പ്രണയസിനിമയുടെയും വിജയം. എന്റെ മെഴുതിരി അത്താഴങ്ങൾ എന്ന ചിത്രം പ്രണയത്തെ പുതിയ രുചിക്കൂട്ടിലാക്കി പുതുരൂപത്തിലും ഭാവത്തിലും മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. 

IMM Anoop Menon

കൊച്ചിയിൽ സ്വന്തമായി ഹോട്ടൽ നടത്തുന്ന സഞ്ജയ് ലോകമറിയുന്ന ഷെഫ് കൂടിയാണ്. സഞ്ജയ്ക്ക് തന്റേതായ മാജിക്കൽ റസിപ്പിയുണ്ട്. താൻ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയും ആ റസിപ്പിയുടെ രഹസ്യവും സഞ്ജയ് മറ്റാരോടും വെളിപ്പെടുത്തിയിട്ടില്ല. ആ മാന്ത്രിക റസിപ്പി കിട്ടിയതിനു പിന്നിൽ ഒരു നഷ്ടപ്രണയത്തിന്റെ കഥയുണ്ട്. ആ കഥയാണ് മെഴുതിരി അത്താഴങ്ങൾ പറയുന്നത്. 

ente-mezhuthiri-athazhangal-review-4

ആ കഥ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് സഞ്ജയ്‌യുടെയും അഞ്ജലിയുടെയും ലോകത്തേക്കാണ്. ഭക്ഷണത്തിന്റെ പുത്തന്‍ രുചിക്കൂട്ടുകള്‍ തേടി അലയുന്നതിനിടെയാണ് സഞ്ജയ് അഞ്ജലിയെ പരിചയപ്പെടുന്നത്‍. മെഴുകുതിരികള്‍ക്ക് വര്‍ണവും സുഗന്ധവും നല്‍കി അലങ്കാര മെഴുകുതിരികള്‍ ഒരുക്കുന്ന ഡിസൈനറാണ് അവൾ. ഇരുവരും തമ്മിലുള്ള സൗഹൃദവും പ്രണയവും പ്രേക്ഷകനെയും ഒരു മായാലോകത്തെത്തിക്കുന്നു.

ഊട്ടിയുടെ പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രം പൂർണമായും ഒരു പ്രണയകഥയല്ല. മനുഷ്യബന്ധങ്ങളുടെയും തലമുറകളുടെയും ഇഴയടുപ്പം വളരെ ലളിതമായി മനസ്സിലാക്കിത്തരുന്നു. സിനിമയിൽ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംഗതിയാണ് പ്രണയം. എന്നാൽ അതിനെ എങ്ങനെ കൂടുതൽ വ്യത്യസ്തമായി അവതരിപ്പിക്കാമെന്ന് അനൂപ് േമനോൻ ഈ ചിത്രത്തിലൂടെ തെളിയിക്കുന്നു. ആ ചേരുവകൾ കൃത്യമായി ഉപയോഗിക്കാനും അദ്ദേഹത്തിനായി. സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും അനൂപ് മേനോൻ തന്നെയാണ്.

Miya Interview

സിനിമകളിൽ സ്‌ത്രീകളെയും ഭിന്ന ലൈംഗികതാൽപര്യമുള്ളവരെയും മോശമായി ചിത്രീകരിക്കുന്നുവെന്ന അപവാദങ്ങൾ ഉയരുന്നതിനിടെ, അതിനെ എങ്ങനെ മറ്റുള്ളവർക്ക് മോശമാകാത്ത രീതിയിൽ ചെയ്യാം എന്നും ഈ ചിത്രത്തിൽ കാണാം. സംഭാഷണങ്ങളിൽ കൃത്യമായ മിതത്വം പാലിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ട്. നിർമൽ പാലാഴി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് അനൂപ് മേനോൻ പറയുന്ന ഡയലോഗിൽ തന്നെ ആ ഉദ്ദേശ്യശുദ്ധി വ്യക്തം.

സംഗീതസാന്ദ്രമായി ഒഴുക്കോടെ കഥ പറഞ്ഞുപോകുന്ന അവതരണശൈലി സിനിമയിൽ ഉടനീളം കാണാം. ഹൃദയത്തിൽ തട്ടുന്ന സംഭാഷണങ്ങളും മനസ്സ് കീഴടക്കുന്ന രംഗങ്ങളും സിനിമയുടെ പ്രധാന ആകർഷണങ്ങളാണ്. പാവ എന്ന ചിത്രത്തിനു ശേഷം സൂരജ് തോമസ് സംവിധാനം ചെയ്ത ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ മികച്ച വർക്ക് തന്നെയാണ്. 

ente-mezhuthiri-athazhangal-review-1

അനൂപ് മേനോന്‍–മിയ ജോഡികളുടെ കെമിസ്ട്രി തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. അഞ്ജലി മിയയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായി വിലയിരുത്തപ്പെടാം. അലന്‍സിയര്‍, ബൈജു, മഞ്ജു, ഹന്ന റെജി കോശി, നിര്‍മല്‍ പാലാഴി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഒപ്പം ലാല്‍ ജോസ്, ശ്രീകാന്ത് മുരളി, വികെ പ്രകാശ്, ദിലീഷ് പോത്തന്‍ എന്നീ സംവിധായകരും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.

രാഹുൽ രാജിന്റെ പശ്ചാത്തല സംഗീതവും എം ജയചന്ദ്രന്റെ അതിമനോഹരഗാനങ്ങളും സിനിമയോടു ചേർന്നു നിൽക്കുന്നു. മനോഹരങ്ങളായ ഫ്രെയിമുകളാണ് ചിത്രത്തിലുള്ളത്. ഛായാഗ്രാഹകൻ ജിത്തു ദാമോദറിന്റെ ക്യാമറക്കണ്ണുകൾ പ്രേക്ഷകർക്കു കുളിർമയേകുന്ന കാഴ്ചയനുഭവം സമ്മാനിക്കുന്നു. 

അടുത്തിടെയിറങ്ങിയ ഏറ്റവും മികച്ച പ്രണയചിത്രമാണ് എന്റെ മെഴുതിരി അത്താഴങ്ങൾ. ചെറിയ ചില പരാജയങ്ങൾക്കു ശേഷം എഴുത്തുകാരൻ എന്ന നിലയിലുള്ള അനൂപ് മേനോന്റെ ശക്തമായ തിരിച്ചുവരവു കൂടിയാണ് ചിത്രം. കുടുംബത്തോടൊപ്പം ആസ്വദിച്ചു കാണാൻ പറ്റിയ, എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കാൻ പോന്ന ചിത്രത്തെ ആരും പ്രണയിച്ചു പോകും.