Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആക്​ഷനും ട്വിസ്റ്റും; മിഷൻ ഇംപോസിബിൾ റിവ്യു

mi-6-review

22 വർഷങ്ങൾ, 6 ചിത്രങ്ങൾ...മിഷൻ ഇംപോസിബിൾ- ഒരുപക്ഷേ ജെയിംസ് ബോണ്ട് ചിത്രങ്ങൾക്ക് ശേഷം അതേ ശ്രേണിയിൽ ഇത്രയും സ്വീകാര്യത ലോകമെങ്ങും ലഭിച്ച മറ്റൊരു പരമ്പര ഉണ്ടാകില്ല. പുതിയ ചിത്രം മിഷൻ ഇംപോസിബിൾ - ഫോൾ ഔട്ട് അത്യുഗ്രൻ ആക്​ഷൻ രംഗങ്ങൾ കൊണ്ടും ടോം ക്രൂസിന്റെ ജീവൻപണയംവെച്ചുളള സാഹസികരംഗങ്ങൾ കൊണ്ടും സമ്പുഷ്ടമാണ്.

ലോകസമാധാനത്തെ തകർക്കാൻ ശ്രമിക്കുന്ന ഒരു രഹസ്യ സംഘടനയ്ക്കെതിരെയാണ് ഇത്തവണ ഈഥൻ ഹണ്ടിന്റെയും സംഘത്തിന്റെയും പോരാട്ടം. കഴിഞ്ഞ അധ്യായമായ റോഗ് നേഷന്റെ തുടർച്ചയായാണ് ചിത്രം കഥ പറയുന്നത്. കഥാഗതിയിൽ പലയിടത്തും ട്വിസ്റ്റുകളും സസ്പെൻസുകളും നിറച്ചിട്ടുണ്ട്.

Footage of how Tom Cruise broke his ankle while filming his latest movie - The Graham Norton Show

ലണ്ടൻ, പാരീസ് നഗരങ്ങളിലാണ് ഭൂരിഭാഗം കഥയും പുരോഗമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയിലെ നിർണായക രംഗങ്ങൾക്ക് കശ്മീരും, പാക്കിസ്ഥാനും, ചൈനയും പശ്ചാത്തലം ആകുന്നു. കശ്മീരായി വേഷമിട്ടത് നോർവേയാണ്. ചിത്രത്തിലെ ക്ലൈമാക്സ് രംഗങ്ങൾ ഇവിടെയാണ് ചിത്രീകരിച്ചത്.

ചിത്രത്തിന്റെ സാങ്കേതികവശങ്ങൾ (പശ്‌ചാത്തല സംഗീതം, ക്യാമറ, സംഘട്ടനം) എല്ലാം പതിവുപോലെ മികച്ചുനിൽക്കുന്നു. അനായാസം സിജിഐ ഉപയോഗിച്ച് ചെയ്യാവുന്ന രംഗങ്ങൾ പോലും സ്വാഭാവികമായി ചിത്രീകരിക്കാൻ കാണിക്കുന്ന നിർബന്ധബുദ്ധിയെ അഭിനന്ദിക്കാതിരിക്കാൻ ആകില്ല.

സിനിമയുടെയും കഥാപാത്രത്തിന്റെയും പൂർണതയ്ക്കായി ഏതറ്റം വരെയും പോകാൻ മടിക്കാത്ത നടനാണ് ടോം ക്രൂസ്. മിഷൻ ഇംപോസിബിൾ മുൻചിത്രങ്ങൾക്കായി ബുർജ് ഖലീഫയുടെ മുകളിലും കാർഗോ വിമാനത്തിൽ തൂങ്ങിക്കിടന്നുമുള്ള അവിശ്വസനീയ സ്റ്റണ്ട് രംഗങ്ങൾ അദ്ദേഹം ജീവൻപണയം വച്ച്  ചെയ്തതാണ്. 

mi-6-review-1

ഡ്യൂപ്പിനെ വയ്ക്കാതെ സംഘട്ടന രംഗങ്ങൾ സ്വയം ചെയ്യുന്ന പതിവ് ഇക്കുറിയും ടോം തെറ്റിച്ചില്ല. ഫോൾ ഔട്ട് ഇറങ്ങുംമുൻപേ സംഘട്ടന രംഗങ്ങളുടെ ചിത്രീകരണ ദൃശ്യങ്ങൾ വൈറലായി. സിനിമയുടെ ചിത്രീകരണത്തിനിടെ കാലിന് പരുക്ക് പറ്റി അദ്ദേഹം ചികിത്സയിലായിരുന്നു. ബഹുനില കെട്ടിടത്തിനു മുകളിലൂടെയുള്ള ചാട്ടത്തിനിടയിലാണ് അപകടം സംഭവിച്ചത്.

ഇത്തവണ അതിസാഹസികമായ ഹാലോ ജംപ് (High Altitude Low Oxygen) ടോം ക്രൂസ് സിനിമയ്ക്കായി ചെയ്തിരിക്കുന്നു. വിമാനത്തിൽ നിന്നും 25000–30000 അടി മുകളിൽ നിന്നും ചാടുക. നിലത്ത് എത്താറായെന്ന് ഏകദേശം ഉറപ്പുള്ള സമയത്ത് മാത്രം പാരച്യൂട്ട് ഉപയോഗിക്കുക. ചെറിയൊരു അബദ്ധം സംഭവിച്ചാല്‍ മരണം ഉറപ്പ്. ഇതിനായി മാസങ്ങളോളം ടോം ക്രൂസ് പരിശീലനത്തിലായിരുന്നു. പല തവണ വിമാനത്തിൽ നിന്നും ചാടിയും മറ്റും പരിശീലനം നേടിയ ശേഷമാണ് സിനിമയ്ക്കായി ടേക്ക് എടുത്തത്. ചിത്രത്തിലെ ക്ലൈമാക്സ് സംഘട്ടനരംഗങ്ങൾക്കായി ഹെലികോപ്റ്റർ പറത്താൻ പ്രത്യേകമായി പരിശീലനവും ടോം ക്രൂസ് നേടിയിരുന്നു. 

Mission: Impossible - Fallout (2018) - HALO Jump Stunt Behind The Scenes - Paramount Pictures

മിഷൻ ഇംപോസിബിൾ 5 സംവിധാനം ചെയ്ത ക്രിസ് മക്വയർ ആണ് ഈ ഭാഗവും ഒരുക്കിയത്. മാത്രമല്ല സൂപ്പർമാനായി തിളങ്ങുന്ന ഹെൻറി കാവിൽ സിനിമയിൽ നായകനൊപ്പം പ്രാധാന്യമുള്ള വേഷത്തിൽ എത്തുന്നു. റെബേക്ക, വിൻഗ് റേംസ്, സൈമൺ പെഗ് എന്നിവരാണ് മറ്റുതാരങ്ങൾ.

മിഷൻ ഇമ്പോസിബിൾ കാണാൻ പോകുമ്പോൾ മുൻചിത്രങ്ങളുമായി പ്രേക്ഷകന്റെ മനസ്സിൽ ഒരു താരതമ്യം ഉണ്ടാകും. കഥാപരമായി നോക്കിയാൽ മുൻചിത്രങ്ങളുടെ നിലവാരത്തിലേക്ക് ഫോൾ ഔട്ട് ഉയർന്നോ എന്ന് സംശയമാണ്. രണ്ടരമണിക്കൂർ ദൈർഘ്യമുള്ള സിനിമയിൽ കൂടുതലും ഡാർക്ക് ഷേഡിലാണ് കഥ പറയുന്നത് എന്നതും ഒരു കാരണമാകാം. താരതമ്യങ്ങൾ ഇല്ലാതെ പോയിക്കാണുകയാണെങ്കിൽ ചിത്രം ത്രസിപ്പിക്കുന്ന ഒരു കാഴ്ചാനുഭവം തന്നെയായിരിക്കും എന്നുതീർച്ച.