Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രതികാരത്തിന്റെ വിശ്വരൂപം 2: റിവ്യു

vishwaroopam-2-review-1

സിനിമയെയും താരങ്ങളെയും അതിവൈകാരികമായി സമീപിക്കുന്ന ജനതയാണ് തമിഴ് മക്കൾ. വെള്ളിത്തിരയിൽനിന്നു രാഷ്ട്രീയ ഗോദയിൽ വെന്നിക്കൊടി പാറിച്ച താരങ്ങളുടെ നാട്. തമിഴ് രാഷ്ട്രീയം ഒരു നിർണായകവഴിത്തിരിവിൽ എത്തിനിൽക്കുമ്പോഴാണ് കമൽഹാസന്റെ വിശ്വരൂപം 2 ഇറങ്ങുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. കാലാ എന്ന പുതിയ ചിത്രത്തിലൂടെ രജനി നിറത്തിന്റെ രാഷ്ട്രീയം പറഞ്ഞതിനു പിന്നാലെയാണ് വിശ്വരൂപത്തിലൂടെ കമൽ മതത്തിന്റെ കാര്യത്തിലടക്കം തന്റെ നിലപാടുകൾ വ്യക്തമാക്കുന്നത്. ചിത്രം ആരംഭിക്കുന്നതിനു മുൻപ് അഞ്ചു മിനിറ്റോളം മക്കൾ നീതി മയ്യം എന്ന കമലിന്റെ രാഷ്ട്രീയ പാർട്ടിയുടെ പ്രമോയാണ്.

അരനൂറ്റാണ്ടിലേറെ നീണ്ട കമൽഹാസന്റെ അഭിനയജീവിതത്തിൽ ഇത്രയധികം കാത്തിരിപ്പും അധ്വാനവും  വെല്ലുവിളികളും നേരിട്ട മറ്റൊരു ചിത്രം ഉണ്ടാകാൻ ഇടയില്ല. 2013 ൽ പുറത്തിറങ്ങിയ വിശ്വരൂപത്തിന്റെ രണ്ടാം പതിപ്പാണ് ചിത്രം. രചനയും സംവിധാനവും കമൽഹാസൻ തന്നെയാണ്. ആദ്യഭാഗം പോലെ ആക്‌ഷന്‍ ക്രൈം ത്രില്ലറാണ് രണ്ടാംഭാഗവും. 

ചിത്രത്തിന്റെ ആദ്യഭാഗത്തിന്റെ ഷൂട്ടിങ് സമയത്തുതന്നെ രണ്ടാംഭാഗത്തിന്റെ അമ്പതു ശതമാനത്തിലേറെ ചിത്രീകരണവും പൂര്‍ത്തിയാക്കിയിരുന്നു. പിന്നീടുണ്ടായ സാമ്പത്തിക പരാധീനതകളും വിവാദങ്ങളുമാണ് ചിത്രം പൂർത്തിയാകാൻ ഇത്രയധികം വർഷങ്ങൾ വേണ്ടിവന്നത്. അതിന്റെ പോരായ്മകൾ ചിത്രത്തിൽ കാണാനുമുണ്ട്. 

Vishwaroop 2 | Official Trailer | Kamal Haasan, Rahul Bose

അൽഖായിദയുടെ ന്യൂയോർക്ക് ആക്രമണത്തെ തുടർന്നുണ്ടാകുന്ന അന്വേഷണവും സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആക്രമണത്തിന്റെ പ്രധാന സൂത്രധാരനായ ഒമറും വിസാമും തമ്മിലുള്ള കണക്കുതീർക്കലിന്റെ കഥയാണ് വിശ്വരൂപം 2. ഒരേസമയം ഭൂതകാലത്തിലേക്കും വർത്തമാനത്തിലേക്കും ഇടകലരുന്ന കഥാഗതിയാണ് ചിത്രത്തിന്റേത്. വിശ്വനാഥിന്റെ ഭൂതകാലം, കുടുംബം ഒക്കെ ചിത്രത്തിൽ പരാമർശവിധേയമാകുന്നു. അതുകൊണ്ടുതന്നെ ഒന്നാംഭാഗത്തേക്കാൾ വൈകാരികമായി മികച്ചുനിൽക്കുന്ന രംഗങ്ങൾ ചിത്രത്തിലുണ്ട്. വ്യത്യസ്ത ഗെറ്റപ്പുകളിലാണ് കമൽഹാസൻ എത്തുന്നത്. 

രാഹുൽ ബോസ്, ശേഖർ കപൂർ, പൂജ കുമാർ, ആൻഡ്രിയ ജെർമിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. മലയാളികളായ സനു വർഗീസും ശാംദത്തുമാണ് ഛായാഗ്രഹണം. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചത് ടേക്ക് ഓഫിന്റെ സംവിധായകൻ മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ്. 

vishwaroopam-2-review

ഛായാഗ്രഹണം ശരാശരി നിലവാരം പുലർത്തുന്നു. ചിലയിടങ്ങളിൽ വിഎഫ്എക്സ് ശരാശരിയിലും താഴെ പോകുന്നുമുണ്ട്. വൈരമുത്തുവിന്റെ വരികള്‍ക്ക് ശങ്കര്‍ മഹാദേവന്‍, ഇഹ്‌സാന്‍ നൂറാനി, ലോയ് മെന്‍ഡൊന്‍സ എന്നിവര്‍ ചേര്‍ന്നാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനങ്ങൾ, പശ്ചാത്തലസംഗീതം എന്നിവ മികവു പുലർത്തുന്നു.

ഏതാണ്ട് ഒറ്റയ്ക്കു തന്നെയാണ് കമൽഹാസൻ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകുന്നത്. രചന, സംവിധാനം, അഭിനയം, നിർമാണം, ഗാനരചന അടക്കം കൈവച്ച മേഖലകൾ എല്ലാം കമൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ഭംഗിയാക്കിയിട്ടുണ്ട്. ആഗോള തീവ്രവാദവും ദേശീയതയും മതവിശ്വാസവും അടക്കമുള്ള വിഷയങ്ങളിൽ കമൽഹാസന്റെ നിലപാടുകൾ സംഭാഷണങ്ങളിൽ പ്രകടമാണ്. ആൻഡ്രിയ, പൂജ കുമാർ എന്നിവർക്കും കൂടുതൽ സ്‌ക്രീൻ പ്രസൻസ് ചിത്രത്തിൽ നൽകിയിട്ടുണ്ട്. ഭീകരൻ ഒമർ ഖുറേഷിയായി രാഹുൽ ബോസ് വേഷം ഭദ്രമാക്കിയിട്ടുണ്ട്.

ആദ്യ ഭാഗത്തേക്കാൾ സംഘട്ടന രംഗങ്ങൾ ചിത്രത്തിലുണ്ട്. ഡ്യൂപ്പിനെ വയ്ക്കാതെയാണ് മിക്ക സംഘട്ടന രംഗങ്ങളിലും കമൽഹാസൻ അഭിനയിച്ചിരിക്കുന്നത്.  ആദ്യ ഭാഗത്തിൽ കഥാഗതിയിൽ വഴിത്തിരിവാകുന്ന സംഘട്ടന രംഗത്തിനു സമാനമായ രംഗങ്ങൾ രണ്ടാം ഭാഗത്തിലുമുണ്ട്. 

സാമ്പത്തികപരാധീനതകളും രാഷ്ട്രീയപ്രവേശനത്തിന്റെ തിരക്കുകളും വിവാദങ്ങളും കാലതാമസവും കാരണം തിരക്കഥയിൽ പലയിടത്തും ഒത്തുതീർപ്പുകൾ നടത്താൻ കമൽ നിർബന്ധിതനായിട്ടുണ്ട്.  ഇതുമാത്രമാണ് ചിത്രത്തിൽ ഒരഭംഗിയായി ചൂണ്ടിക്കാട്ടാനുള്ളത്. തിരക്കഥയിൽ പല ഭാഗത്തും വലിച്ചുനീട്ടലുണ്ട്. ഇത് ആസ്വാദനത്തിൽ കല്ലുകടിയായേക്കാം. ക്ലൈമാക്സ്‌ എത്തുമ്പോൾ തിരക്കിട്ടു തീർത്തതുപോലെ പ്രേക്ഷകന് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

സിനിമ എന്ന ജനപ്രിയ മാധ്യമത്തിന്റെ സമഗ്രതയിൽ, ഇന്ത്യൻ സിനിമയിൽത്തന്നെ മുൻനിരയിലാണ് കമൽഹാസന്റെ സ്ഥാനം എന്നതിൽ തർക്കമില്ല. ചിത്രത്തിന്റെ പിന്നിലുള്ള അധ്വാനത്തെയും തയാറെടുപ്പുകളെയും തീർച്ചയായും പ്രശംസിക്കണം. പക്ഷേ വിശ്വരൂപം രണ്ടാം ഭാഗത്തിൽ കമൽ എന്ന സംവിധായകന് ശരാശരി പ്രേക്ഷകനോടു ഫലപ്രദമായി സംവേദിക്കാനാകുന്നുണ്ടോ എന്നതിൽ സംശയമുണ്ട്. ചുരുക്കത്തിൽ, കാത്തിരിപ്പിന്റെ അമിത പ്രതീക്ഷകൾ ഇല്ലാതെ പോയിക്കണ്ടാൽ ചിത്രം തൃപ്തികരമായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.