Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നയൻതാരയെ തേടിയെത്തിയ ആ സൈക്കോ കില്ലർ; അയാളുടേതാണ് ‘ഇമൈക്ക നൊടികൾ’

imaikka-nodigal

എ.ആർ. മുരുകദോസിന്റെ ഹിന്ദി ചിത്രം ‘അകിര(2016)’ കണ്ടവർക്കറിയാം അതിൽ എസിപി റാണെയായെത്തിയ അനുരാഗ് കശ്യപിന്റെ പ്രകടനം. വില്ലനെന്നൊക്കെപ്പറഞ്ഞാൽ അത്രയേറെ കൊടുംക്രൂരനായ ‘സൈക്കോ’ വില്ലനായിരുന്നു. എന്നാൽ കശ്യപിനെ അഴിച്ചിട്ട അവസ്ഥയിലായിരുന്നു മുരുകദോസിന്റെ ചിത്രം. 

ആ സിനിമ അജയ് ജ്ഞാനമുത്തു കണ്ടിട്ടുണ്ടെന്നത് ഉറപ്പ്. അതിനാലാണ് ‘അകിര’യിൽ കശ്യപ് വെറുപ്പിച്ച ചില മാനറിസങ്ങൾ കൃത്യമായി ഒഴിവാക്കി അജയ് തന്റെ രണ്ടാം ചിത്രമായ ‘ഇമൈക്ക നൊടികളി’ൽ അദ്ദേഹത്തിന്റെ ഗംഭീരപ്രകടനം അവതരിപ്പിച്ചത്. അതോടെയാകട്ടെ നായികാ–നായകന്മാരെ വരെ അപ്രസക്തമാക്കുന്ന പ്രകടനമായിരുന്നു ചിത്രത്തിലുണ്ടായത്. (ചിത്രത്തിൽ നായകൻ ഇല്ലെങ്കിലും അഥർവയുടെ ഡോ.അർജുനെന്ന കഥാപാത്രത്തെ ഏകദേശം ആ ലെവലിലേക്ക് പലപ്പോഴും ഉയർത്തുന്നുണ്ട്. നായികയായി നയൻതാരയുടെ അഞ്ജലി വിക്രമാദിത്യൻ എന്ന സിബിഐ കഥാപാത്രവും)

Imaikkaa Nodigal Official Trailer | Atharvaa, Nayanthara, Anurag Kashyap | Hiphop Tamizha

അന്യഭാഷാ നടന്മാരെ കൊണ്ടു വരുമ്പോൾ, അവർ വില്ലന്മാരാണെങ്കിൽ തമിഴിൽ നല്ല ഡബിങ് ആർടിസ്റ്റുമാരെ കിട്ടാറുണ്ട്. പക്ഷേ കശ്യപിന്റെ കാര്യത്തിൽ ഏറ്റവും മികച്ച ആർടിസ്റ്റിനെ തന്നെയാണു ലഭിച്ചത്. വിക്കിപീഡിയ പറയുന്നതു ശരിയാണെങ്കിൽ സംവിധായകന്‍ മഗിഴ് തിരുമേനി ആദ്യമായി സിനിമയ്ക്കു ശബ്ദം കൊടുത്ത ചിത്രം കൂടിയാണ് ‘ഇമൈക്ക നൊടികൾ’. അതു വല്ലതും പാളിയിരുന്നെങ്കിൽ കശ്യപിന്റെ ‘ക്രൂരതയാർന്ന’ അഭിനയം എവിടെയുമെത്താതെ പോയേനെ. 

ബെംഗളൂരുവിലാണ് സിനിമ നടക്കുന്നത്. അഞ്ചു വർഷങ്ങൾക്കു മുൻപ് സിബിഐ നടത്തിയ ഒരു ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നു കരുതുന്ന രുദ്ര എന്ന ‘സൈക്കോ കില്ലർ’ ഒരു നാൾ അപ്രതീക്ഷിതമായി തിരികെയെത്തുന്നു. നേരത്തേ രുദ്ര എങ്ങനെയൊക്കെയാണോ കൊലപാതകങ്ങൾ നടത്തിയത് അതേ രീതി തന്നെയാണ് പുതിയ കൊലപാതകങ്ങൾക്കും. പക്ഷേ സിബിഐ ഓഫിസർ അഞ്ജലിയ്ക്ക് ഉറപ്പാണ്– അഞ്ചു കൊല്ലം മുൻപ് താൻ രുദ്രയെ കൊന്നതാണ്. പതിയെപ്പതിയെയാണു പ്രേക്ഷകനും മനസ്സിലാകുക, ഇത്തവണ രുദ്രയുടെ ലക്ഷ്യം അഞ്ജലിയായിരുന്നു. പക്ഷേ എന്തിന്?

imaikka-nodigal-5

പല പ്ലോട്ടുകൾ ചേർന്ന കഥയുടെ കൂട്ടിക്കുഴച്ചിലിനനുസരിച്ച് പാട്ടുകളും തയാറാക്കേണ്ടിയിരുന്നു. ഹിപ് ഹോപ് തമിഴ (ആദി, ജീവ) കൂട്ടുകെട്ടാണ് ചിത്രത്തിന്റെ സംഗീതം. പ്രണയവും പ്രണയ നഷ്ടവും നഷ്ടബോധവുമെല്ലാം നിറഞ്ഞ പ്ലോട്ടുകള്‍ക്ക് അനുയോജ്യമായ പാട്ടുകൾ ഒരുക്കിയതിൽ ഹിപ്ഹോപ് തമിഴായ്ക്കു പിഴച്ചില്ല. ത്രില്ലിങ് നിമിഷങ്ങളിലെ പശ്ചാത്തല സംഗീതം ആദ്യ പകുതി അതീവ ശബ്ദകോലാഹലങ്ങളോടെ പോകുമ്പോൾ രണ്ടാം പകുതിയിൽ സീനുകൾക്കു കൂടുതൽ ചേർന്ന വിധത്തിലേക്കു സംഗീതം മാറുന്നതു കാണാം. 

imaikka-nodigal-4

സംവിധായകനും തിരക്കഥാകൃത്ത് പട്ടുക്കോട്ടൈ പ്രഭാകറും പടത്തെ വലിച്ചിഴയ്ക്കാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ‘ഇമകളടയ്ക്കാതെ’ സിനിമ കാണണമെങ്കിൽ അത്തരമൊരു സമീപനം ആവശ്യവുമായിരുന്നു. ആർ.ഡി.രാജശേഖറിന്റേതാണു ഛായാഗ്രഹണം. ഭുവൻ ശ്രീനിവാസൻ എഡിറ്റിങ് നിർവഹിച്ച ചിത്രം രണ്ടേമുക്കാൽ മണിക്കൂറിലേറെയുണ്ട്. ഇടയ്ക്കു പ്രകടമാകുന്ന പാളിച്ചകൾ പോലും ശ്രദ്ധിക്കാൻ അനുവദിക്കാതെ സംവിധായകന്‍ തൊട്ടടുത്ത സീനിലെ മികച്ച കാഴ്ചകളിലേക്ക് പ്രേക്ഷകന്റെ ശ്രദ്ധ കൊണ്ടു പോകുന്നതു കാണാം. 

സിനിമ കഴിഞ്ഞിറങ്ങിയാൽ മാത്രമേ നമ്മൾ ‘എവിടെയോ എന്തൊക്കെയോ മിസ്സിങ് ഉണ്ടല്ലോ’ എന്നു ചിന്തിക്കുക പോലും ഉള്ളൂ. തിയറ്ററിനകത്തിരുന്ന് ആ പാളിച്ചയുടെ പേരിൽ അസ്വസ്ഥാനാകാൻ പോലും സംവിധായകൻ അനുവദിക്കില്ല (എങ്കിലും കഥയിൽ പാളിച്ചകളും നെറ്റി ചുളിപ്പിക്കുന്ന നിമിഷങ്ങളുമുണ്ടെന്നു ചുരുക്കം). ‘ഡിമോൺടി കോളനി’യാണ് അജയിന്റെ ആദ്യ ചിത്രം. ആ ചിത്രത്തിനൊടുവിലും സമാനമായ ഒരു ചിന്തയുണ്ടായിരുന്നു. പ്രേതപടം കണ്ട് അവസാനം വരെ പേടിപ്പിച്ചിരുത്തിയിരുന്നു അജയ്. പിന്നീട് തിയേറ്ററിൽ നിന്നിറങ്ങിക്കഴിഞ്ഞേ അതിലെ പാളിച്ചകളെപ്പറ്റി ആലോചിക്കാൻ പോലും സാധിച്ചുള്ളൂ!

ഇമൈക്ക നൊടികളിൽ നയൻ താരയും അഥർവയും ദേവനും രാശി ഖന്നയുമെല്ലാം മികച്ചു നിന്നപ്പോൾ വിജയ് സേതുപതിയും ഇടയ്ക്കൊന്നു വന്നു പോയി. അദ്ദേഹത്തിന്റെ ‘നാനും റൗഡി താനിലെ’ സിഗ്നേച്ചർ ഡയലോഗ് ‘ആർ യു ഓകെ ബേബി’ക്കു പിന്നാലെ കുറച്ചു നല്ല ലൈറ്റ് മൊമെന്റ്സ് സമ്മാനിക്കുന്നുണ്ട് ചിത്രം. ബാക്കിയെല്ലാവരും ‘സീരിയസ്’ ആകുമ്പോൾ നയൻതാരയുടെ മകളായെത്തിയ ആ കുട്ടിയാണ് ചിത്രത്തിൽ ചിരിക്കാനുള്ള വകയെല്ലാമൊരുക്കുന്നത്. 

imaikka-nodigal-1

പക്ഷേ ആകെത്തുകയിൽ വയലൻസ് ആവോളമുള്ള ത്രില്ലറാണ് സിനിമ. ഒപ്പം ആവശ്യത്തിന് പ്രണയവും തമിഴ് ഡപ്പാംകുത്തുപാട്ടും ഡാൻസും സ്റ്റണ്ടും ചെയ്സുമെല്ലാം ചേർത്തിട്ടുണ്ട്. എല്ലാറ്റിനുമുപരിയായി പറയാനുള്ളത് അനുരാഗ് കശ്യപിനെപ്പറ്റിത്തന്നെയാണ്. ‘ഇമൈക്ക നൊടികൾ’ സത്യത്തിൽ അദ്ദേഹത്തിന്റെ ചിത്രമാണ്...