Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനംനിറച്ച് മാംഗല്യം; റിവ്യു

mangalyam-thanthunanena

സ്വർഗവും നരകവുമെല്ലാം ഭൂമിയിൽ തന്നെയാണ്. സംശയമുണ്ടെങ്കിൽ 'വിവാഹം' കഴിച്ചവരോടു ചോദിച്ചു നോക്കൂ...

ദാമ്പത്യജീവിതത്തിലെ കല്ലുകടികളെ സരസമായി അവതരിപ്പിക്കുന്ന ട്രോളുകൾ നാം സമൂഹമാധ്യമത്തിലും വാരികകളിലും കാണാറുണ്ട്. പഴയ സർദാർജി ഫലിതം പോലെ ഇപ്പോൾ ദാമ്പത്യ ട്രോളുകൾ തന്നെയുണ്ട്. ഈ വിവാഹം അത്രയ്ക്ക് പ്രശ്‌നമാണോ? നാം അനുഭവിക്കാത്ത കാര്യങ്ങൾ നമുക്ക് വെറും കെട്ടുകഥകളായതുകൊണ്ട് അതിന്റെ ഉത്തരം വായനക്കാരന്റെ അനുഭവങ്ങൾക്കും യുക്തിക്കും വിടാം...

സാമ്പത്തികപ്രശ്നങ്ങൾ മൂലം ഉടലെടുക്കുന്ന ദാമ്പത്യത്തിലെ കല്ലുകടികളാണ് 'മാംഗല്യം തന്തുനാനേന' പ്രമേയമാക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ സൗമ്യ സദാനന്ദൻ സ്വതന്ത്ര സംവിധായികയാകുന്ന ആദ്യചിത്രം കൂടിയാണിത്.

പ്രവാസിയായിരുന്ന റോയ് ക്ലാരയെ കല്യാണം കഴിച്ചു. പിന്നാലെയെത്തിയ സാമ്പത്തികമാന്ദ്യത്തിൽ റോയിയുടെ ജോലിപോയി. അതോടെ കുറച്ചു കടവും പ്രാരാബ്ധങ്ങളും മാത്രമായി സമ്പാദ്യം. കടങ്ങൾ വീട്ടാൻ ഭാര്യ അറിയാതെ റോയി കണ്ടെത്തുന്ന കുറുക്കുവഴികളും അതുകൊണ്ടെത്തിക്കുന്ന കുടുക്കുകളും, അവസാനം തെളിഞ്ഞു വരുന്ന പരിഹാരവുമാണ് ചിത്രം സരസമായി അവതരിപ്പിക്കുന്നത്. 

Mangalyam Thanthunanena - Official Movie Trailer |

കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, അലന്‍സിയര്‍, വിജയരാഘവന്‍, സലിംകുമാര്‍, അശോകന്‍, മാമുക്കോയ, സൗബിന്‍ ഷാഹിര്‍, ലിയോണ, കൊച്ചുപ്രേമന്‍ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നു. യുജിഎം എന്റർടെയിൻമെൻറ്സിന്റെ ബാനറിൽ സക്കറിയ തോമസ്, ആൽവിൻ ആന്റണി, പ്രിൻസ് പോൾ, ആഞ്ജലീന ആന്റണി എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരവിന്ദ് കൃഷ്ണയാണ് ഛായാഗ്രാഹകൻ. എഡിറ്റർ ക്രിസ്റ്റി സെബാസ്റ്റ്യൻ. 

നാടൻ വേഷങ്ങൾ കുഞ്ചാക്കോ ബോബൻ ഏറെ ചെയ്തിട്ടുണ്ടെങ്കിലും അതിന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ വേഷം ഭംഗിയാക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഹരീഷ് കണാരനാണ് ചിത്രത്തിലെ ചിരിയുടെ മൊത്തവിൽപന ഏറ്റെടുത്തിരിക്കുന്നത്. കുട്ടനാടൻ മാർപ്പാപ്പയ്ക്കുശേഷം ശാന്തികൃഷ്ണ വീണ്ടും ചാക്കോച്ചന്റെ അമ്മ വേഷത്തിൽ എത്തുന്നു. 

ഒരുകാലത്ത് ലാലു അലക്സ്- ചാക്കോച്ചൻ കൂട്ടുകെട്ട് കാണിച്ചുതന്ന അച്ഛൻ-മകൻ രസതന്ത്രം പോലെ ഒരു അമ്മ-മകൻ രസതന്ത്രം ചാക്കോച്ചനും ശാന്തികൃഷ്ണയും പങ്കിടുന്നുണ്ട്. ഈ ചിത്രത്തിലേക്കെത്തുമ്പോൾ കഥാപാത്രങ്ങൾക്ക് കുറച്ചു കൂടി സ്വാഭാവികത കൈവന്നിട്ടുണ്ട്. നിമിഷ സജയൻ വേഷം ഭദ്രമാക്കി. പ്രത്യേകിച്ചു വൈകാരികരംഗങ്ങൾ കൂടുതൽ തന്മയത്വത്തോടെ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ നിമിഷ മിടുക്കുകാട്ടിയിട്ടുണ്ട്.

പശ്‌ചാത്തല സംഗീതത്തിനും ഗാനങ്ങൾക്കും ചിത്രത്തിൽ പ്രാധാന്യം നൽകിയിട്ടുണ്ട്. ഗാനങ്ങൾ നിലവാരം പുലർത്തുന്നു. ചിത്രം ആരംഭിക്കുന്നതും അവസാനിക്കുന്നതും ഗാനത്തിലാണ്. സയനോര ഫിലിപ്പ്, രേവാ, അസിം റോഷന്‍, എസ്. ശങ്കര്‍സ് എന്നിവര്‍ ചേര്‍ന്ന് സംഗീതമൊരുക്കിയിരിക്കുന്നു. ഛായാഗ്രഹണം, എഡിറ്റിങ് തുടങ്ങി സാങ്കേതികവശങ്ങളും തൃപ്തികരമാണ്. 

mangalyam

മലയാളസിനിമയിലേക്ക് മറ്റൊരു സ്ത്രീസംവിധായിക കൂടിയെത്തുന്നതിൽ അഭിമാനിക്കാം. ദാമ്പത്യജീവിതത്തിൽ നടത്തേണ്ട വിട്ടുവീഴ്ചകളെ കുറിച്ച് ഉപദേശങ്ങൾ നൽകി ബോറടിപ്പിക്കാതെ സരസമായി അവതരിപ്പിക്കാൻ പുതുതമുറ സംവിധായികയായ സൗമ്യയ്ക്ക് ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ സംഗീത സംവിധാനത്തിലും സ്ത്രീസാന്നിധ്യമുണ്ട്. രേവ സംഗീതസംവിധാനം നിർവഹിച്ച 'മെല്ലെ മുല്ലേ..' എന്നുതുടങ്ങുന്ന വിവാഹഗാനം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു. ഇരുവർക്കും മലയാളസിനിമയിൽ ഇനിയും സംഭാവനകൾ നൽകാൻ കഴിയുമെന്നുറപ്പ്.

Melle Mulle Video Song |Mangalyam Thanthunanena|

ലളിതമായ ഒരു കഥാതന്തുവിനെ രണ്ടുമണിക്കൂർ സിനിമയാക്കുമ്പോൾ വേണ്ടിവരുന്ന ചേരുവകൾ എല്ലാം ചിത്രത്തിലുമുണ്ട്. കുടുംബജീവിതത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന്റെ പ്രാധാന്യം നര്‍മത്തിന്റെ ഭാഷയിലൂടെ പറഞ്ഞുഫലിപ്പിക്കുന്നതിൽ ചിത്രം വിജയിക്കുന്നു.

നാട്ടിന്‍പുറത്തെ സ്വാഭാവിക കാഴ്ചകളും നർമ മുഹൂർത്തങ്ങളും പ്രേക്ഷകരെ കയ്യിലെടുക്കുമെന്ന തീർച്ച. ചുരുക്കത്തിൽ സാദാ പ്രേക്ഷകർക്കും കുടുംബപ്രേക്ഷകർക്കും ചിത്രം ആസ്വാദ്യകരമായ കാഴ്ചയായിരിക്കും.