Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരുത്തോടെ വരത്തൻ; റിവ്യു

varathan-review1

ബിഗ് ബി മുതലിങ്ങോട്ട് നിരവധി സ്റ്റൈലിഷ് മാസ് സിനിമകളാണ് അമൽ നീരദ് എന്ന സംവിധായകൻ മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത്. എന്നാൽ അമലിന്റെ മാസ് സമവാക്യങ്ങൾ പലപ്പോഴും എല്ലാ മലയാളികളും അതിന്റെ പൂർണാർഥത്തിൽ മനസ്സിലാക്കിയിരുന്നില്ല. എന്നാൽ തന്റെ സ്ഥിരം മാസ് സമവാക്യങ്ങൾക്കൊപ്പം ‘മസാലാ മാസ്’ എന്ന കച്ചടസിനിമാ ചേരുവ കൂടി പാകത്തിന് ചേർത്താണ് അമൽ നീരദ് ‘വരത്തൻ’ ഒരുക്കിയിരിക്കുന്നത്. 

ഒരു പെൺകുട്ടിയോടൊപ്പം താമസിക്കുമ്പോഴോ യാത്ര ചെയ്യുമ്പോഴോ തുറിച്ചു നോക്കുന്ന ഒരു കൂട്ടം കണ്ണുകളെ എപ്പോഴെങ്കിലും നേരിടേണ്ടി വന്നിട്ടുള്ളവരാണ് നിങ്ങളെങ്കിൽ, കൂടെയുള്ള പെൺകുട്ടിയെ കൊത്തി വലിക്കുന്ന കണ്ണുകളെ ചൂഴ്ന്നെടുക്കാനുള്ള ആഗ്രഹം വെറും സ്വപ്നം മാത്രമായി നിങ്ങൾക്ക് അവശേഷിപ്പിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ വരത്തൻ നിങ്ങളെ ആകർഷിക്കും. ഏതൊരു പുരുഷനും ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിടേണ്ടി വന്നിട്ടുള്ള ഇൗ അവസ്ഥയാണ് വരത്തൻ എന്ന ചിത്രത്തിന്റെ പ്രമേയം. 

Varathan Trailer

എബിന്റെയും പ്രിയയുടെയും കഥയാണ് വരത്തൻ. ദിവസങ്ങളായി നേരിടേണ്ടി വന്ന വെല്ലുവിളികളെ ഒറ്റ രാത്രി കൊണ്ട് അവർ അതിജീവിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ദുബായിലെ ജീവിതം തൽക്കാലത്തേക്ക് അവസാനിപ്പിച്ച് എബിനും പ്രിയയും നാട്ടിലേക്ക് വരുന്നിടത്താണ് ചിത്രം തുടങ്ങുന്നത്. പ്രിയയുടെ പപ്പയുടെ ഹൈറേഞ്ചിലെ തോട്ടത്തിലെ വീട്ടിൽ അവർ താമസത്തിനെത്തുന്നു. അവിടെ അവരെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികളാണ്. 

പതിയെ പതിയെ കഥ പറഞ്ഞു പോകുന്ന അമൽ നീരദ് ശൈലി തന്നെയാണ് വരത്തനിലും സ്വീകരിച്ചിരിക്കുന്നത്. കഥാ സന്ദർഭങ്ങൾ വികാരതീവ്രതയോടെ പ്രേക്ഷകനിലേക്കെത്തിക്കുന്നതിൽ സംവിധായകൻ വിജയിച്ചിരിക്കുന്നു. ആദ്യ പകുതി അവസാനിക്കുമ്പോൾ തന്നെ കഥാഗതിയെക്കുറിച്ച് പ്രേക്ഷകന് ഒരു ഏകദേശരൂപം ലഭ്യമാകും. രണ്ടാം പകുതിയിൽ കഥ കൂടുതൽ കരുത്താർജിക്കുന്നു. അവസാന അര മണിക്കൂറാണ് ശരിക്കും വരത്തന്റെ ജീവൻ. ചോരയും വിയർപ്പും ഇടകലർന്നൊഴുകിയ വെടിയൊച്ചകൾ ഭീതി പരത്തിയ ആ രാത്രിയാണ് വരത്തനെ പ്രേക്ഷകനിലേക്ക് കൂടുതൽ അടുപ്പിക്കുക. 

varathan-trailer

എബിയായി ഫഹദും പ്രിയയായി ഐശ്വര്യ ലക്ഷ്മിയും മികച്ച പ്രകടനം കാഴ്ച വച്ചു. ഫഹദിന്റെ സ്വാഭാവിക പ്രകടനത്തെക്കുറിച്ച് എപ്പോഴും എടുത്തു പറയുന്നത് അസ്വാഭാവികമായിരിക്കും. പക്ഷെ അപ്പുവായി മായാനദിയിൽ പ്രേക്ഷകരെ കയ്യിലെടുത്ത ഐശ്വര്യ വരത്തനിലെ പ്രിയയായി വീണ്ടും ഞെട്ടിച്ചു. പ്രതിഭാ ദാരിദ്ര്യമുള്ള നായികാനിരയിൽ ഐശ്വര്യ വേറിട്ടൊരു സ്ഥാനം ഇൗ ചിത്രത്തൊടെ നേടുമെന്നത് നിസ്സംശയം. നെഗറ്റീവ് റോളിലെത്തിയ ഷറഫുദ്ദീൻ, ദിലീഷ് പോത്തൻ അങ്ങനെ അഭിനയനിര ഒട്ടാകെ സിനിമയെ മറ്റൊരു തലത്തിലേക്കെത്തിച്ചു. 

varathan-1

മികച്ച സാങ്കേതിക തികവിലാണ് അമൽ നീരദ് തന്റെ സിനിമകളെ അണിയിച്ചൊരുക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ല. ലിറ്റിൽ സ്വായമ്പിന്റെ ഛായാഗ്രഹണവും വിവേക് ഹർഷന്റെ എഡിറ്റിങ്ങും വരത്തനെ കരുത്തുറ്റതാക്കുന്നു. സുഷിൻ ശ്യാമിന്റെ ഗാനങ്ങൾ മികച്ചതായപ്പോൾ പശ്ചാത്തല സംഗീതം സ്റ്റൈലിഷായിരുന്നു. ക്ലൈമാക്സ് രംഗങ്ങളിലെ സംഗീത സാന്നിധ്യം ചിത്രത്തിന്റെ മാറ്റു കൂട്ടുന്നതായിരുന്നു

മുൻപിറങ്ങിയിട്ടുള്ള ചില (എല്ലാം അല്ല) അമൽ നീരദ് ചിത്രങ്ങളുടെ പോരായ്മയായി എടുത്തു കാണിക്കപ്പെട്ടിരുന്നത് രണ്ടാം പകുതിയും ക്ലൈമാക്സുമായിരുന്നു. എന്നാൽ വരത്തന്റെ ഏറ്റവും വലിയ പോസിറ്റീവ് ഘടകവും അതിന്റെ ക്ലൈമാക്സ് തന്നെ. 

എല്ലാ ദൃശ്യസംവിധാനങ്ങളുടെയും ശബ്ദചാരുതയുടെയും സാന്നിധ്യത്തിൽ തീയറ്ററിൽ തന്നെ പോയി കാണേണ്ട ചിത്രമാണ് വരത്തൻ. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് സിനിമ മികച്ചതും ക്ലൈമാക്സ് കോരിത്തരിപ്പിക്കുന്നതുമാവാനാണ് സാധ്യത.