Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലില്ലിയുടെ പ്രതികാരം; റിവ്യു

lilly-movie-review

പൂർണഗർഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലില്ലി. ‘പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും’ എന്ന ചൊല്ല് ഒരാളുടെ നിസ്സഹായാവസ്ഥയെ സൂചിപ്പിക്കുന്നതാണെങ്കിൽ ഇൗ സിനിമ ദുർബലയായ ഗർഭിണി വെല്ലുവിളികളെ എങ്ങനെയാണ് നേരിടുന്നതെന്ന് കാണിച്ചു തരുന്നു. 

ലില്ലി എന്ന ഗർഭിണിയായ സ്ത്രീയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം. പ്രസവം അടുത്തിരിക്കുന്ന ലില്ലിയെ കുറച്ച് ആളുകൾ ചേർന്ന് തട്ടിക്കൊണ്ടു പോകുന്നതാണ് സിനിമയുടെ പ്രമേയം. ആദ്യ ഫ്രെയിം മുതൽ തന്നെ ലില്ലി അതിന്റെ കഥാഗതി വ്യക്തമാക്കുന്നു. നിസ്സഹായായ ഗർഭിണി അഭിമുഖീകരിക്കുന്ന മാനസിക, ശാരീരിക സംഘർഷങ്ങളാണ് ചിത്രത്തിന്റെ പ്രധാന ഘടകം. 

Lilly Review

ഒന്നര മണിക്കൂർ മാത്രമാണ് സിനിമയുടെ ദൈർഘ്യം. അതു കൊണ്ട് തന്നെ രണ്ടു പകുതികളായി ചിത്രത്തെ തരം തിരിച്ചു കാണേണ്ടതുമില്ല. തന്നെ തട്ടിക്കൊണ്ടു വന്ന് അതിക്രമങ്ങൾക്ക് ഇരയാക്കിയവരോട് ഒരു പുരുഷന്റെ സഹായമില്ലാതെ തന്നെ ലില്ലി പ്രതികാരം ചെയ്യുന്നു. പ്രതികാരം ചെയ്യാൻ അവൾ സ്വീകരിക്കുന്ന മാർഗങ്ങളും പുതുമയുള്ളതാണ്.  

lilly

ലില്ലിയായി എത്തിയ സംയുക്ത മേനോൻ മികച്ച പ്രകടനം കാഴ്ച വച്ചു. ഒരു ഗർഭിണിയുടെ ശരീരഭാഷ നന്നായി സംയുക്ത അതരിപ്പിച്ചു. പുതുമുഖ നായികയിൽ നിന്നും പ്രതീക്ഷിക്കുന്നതിനെക്കാൾ മികച്ചതായിരുന്നു താരത്തിന്റെ പ്രകടനം. ആര്യൻ കൃഷ്ണ മേനോൻ, കണ്ണന്‍ നായർ, ധനേഷ് ആനന്ദ് എന്നിവരും തങ്ങളുടെ വേഷം ഭംഗിയാക്കി.

പുതുമുഖ സംവിധായകനായ പ്രശോഭ് വിജയൻ ചെറിയ സിനിമയിലൂടെ ചെറുതല്ലാത്തൊരു അരങ്ങേറ്റമാണ് നടത്തിയിരിക്കുന്നത്. ഛായാഗ്രാഹകൻ ശ്രീരാജ് രവീന്ദ്രൻ ലില്ലിയെ അതേ വികാരതീവ്രതയോടെ ഒപ്പിയെടുത്തു. അപ്പു ഭട്ടതിരിയുടെ എഡിറ്റിങ്ങും ചിത്രത്തിന് മുതൽക്കൂട്ടായി. 

lilly-trailer

പരീക്ഷണ ചിത്രമാണെന്ന വിശേഷണത്തോടെയാണ് ലില്ലി എത്തിയത്. വലിയ മുതൽമുടക്കില്ലാതെ താരബാഹുല്യമില്ലാതെ ചിത്രീകരിച്ച ചെറിയ സിനിമ എന്ന നിലയിൽ നോക്കിയാൽ ലില്ലി മികച്ച ഒരു ശ്രമമാണ്. എന്നാൽ തിരക്കഥയുടെ കെട്ടുറപ്പില്ലായ്മയും നാടകീയതകളും സിനിമയെ പലയിടത്തും പിന്നോട്ടടിക്കുന്നു. വയലൻസിന്റെ അതിപ്രസര‌ം ആസ്വാദകർക്ക് ഇടയ്ക്കെങ്കിലും അരോചകമാകുന്നു.   

വലിയൊരു ക്യാൻവാസിൽ പല നിറങ്ങൾ കൂട്ടിച്ചേർത്ത് വർണാഭമായി വരയ്ക്കുന്നത് മാത്രമല്ല ഒരു ചിത്രം, മറിച്ച് മികച്ച ആശയങ്ങൾ ചെറിയ പേപ്പറിൽ വെറും പെൻസിലുപയോഗിച്ച് വരയ്ക്കുന്നതും ഒരു നല്ല പടമാകാം. ചെറിയ ചില പോരായ്മകളുണ്ടെങ്കിലും അതു തന്നെയാണ് ലില്ലി എന്ന സിനിമ തെളിയിക്കുന്നതും.