Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാംസനിബദ്ധമല്ല രാഗം; 96 റിവ്യു

96-movie-review

ഒരു വട്ടം കൂടി എന്‍ ഓര്‍മകള്‍ മേയുന്ന തിരുമുറ്റത്തെത്തുവാന്‍ മോഹം...

വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും

വെറുതേ മോഹിക്കുവാന്‍ മോഹം...

96 എന്ന ചിത്രത്തിന്റെ കഥയെ ഗൃഹാതുരതയുണർത്തുന്ന ഈ ഗാനത്തിന്റെ അവസാനവരികളിൽ ഒതുക്കാം. ഒരു ഇമോഷനൽ റൊമാന്റിക് ഡ്രാമയാണ് ചിത്രം. ഓർമകളിലേക്കുള്ള മനോഹരമായ ഒരു തിരിച്ചുപോക്ക്... 1996 ബാച്ചിലെ സ്കൂൾ സഹപാഠികൾ 22 വർഷങ്ങൾക്കുശേഷം ഒരുമിക്കുന്നതാണ് ചിത്രത്തിന്റെ കാമ്പ്. ആ ഒത്തുചേരലിൽ വച്ച് പഴയ സ്‌കൂൾ കാലഘട്ടം അവർ ഒന്നുകൂടി ഗൃഹാതുരതയോടെ സ്മരിക്കുന്നു.

96 Trailer | Vijay Sethupathi, Trisha | Madras Enterprises | C.Prem Kumar |

സി. പ്രേം കുമാർ ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും. തൃഷയും വിജയ് സേതുപതിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജനകരാജ്, വിനോദിനി, കാളി വെങ്കട് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.  മദ്രാസ് എന്റര്‍പ്രൈസിസിന്റെ ബാനറില്‍ എസ് നന്ദഗോപാലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മഹേന്ദ്രന്‍ ജയരാജും എന്‍. ഷണ്‍മുഖ സുന്ദരവുമാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയാണ് സംഗീതം.

പ്രമേയം... 

രാമചന്ദ്രനും ജാനകിയും സ്‌കൂൾ കാലത്ത് നിഷ്കളങ്കമായി നിശബ്ദമായി അന്യോന്യം പ്രണയിച്ചവരാണ്. കോളജ് കാലമായപ്പോഴേക്കും ഇരുവരും വേർപിരിയുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ ഇരുവരും ഏറെ മാറി. രാമചന്ദ്രൻ ട്രാവൽ ഫൊട്ടോഗ്രഫറായി..പഴയ നഷ്ടപ്രണയത്തിന്റെ ഓർമകളും പേറി അയാൾ ഏകനായി ജീവിക്കുന്നു. പിന്നീട് 22 വർഷങ്ങൾക്കുശേഷം ഇരുവരും കണ്ടുമുട്ടുമ്പോഴുള്ള ഓർമകളുടെ അയവിറക്കലും തുടർന്നുള്ള സംഭവവികാസങ്ങളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. 

ആഖ്യാനം... 

ഭൂതകാലവും വർത്തമാനകാലവും ഇഴചേരുന്ന ആഖ്യാനമാണ് കഥയിൽ സ്വീകരിച്ചിരിക്കുന്നത്. കൗമാരകാലത്തെ നിഷ്കളങ്ക പ്രണയവും വഴിത്തിരിവുകളും ആദ്യ പകുതി സജീവമാക്കുന്നു. രണ്ടാം പകുതിയിലേക്കെത്തുമ്പോൾ ഒരു രാത്രിയിലെ  സംഭവവികാസങ്ങളായി കഥാപശ്ചാത്തലം ചുരുങ്ങുന്നു. തന്മൂലം ആസ്വാദനത്തിൽ അൽപം ഇഴച്ചിൽ അനുഭവപ്പെട്ടേക്കാം. പൊതുവെ പ്രണയമായാലും വിരഹമായാലും അതിഭാവുകത്വത്തോടെ അവതരിപ്പിക്കുന്നതാണ് തമിഴ് സിനിമയിലെ ശൈലി. എന്നാൽ അതിൽ നിന്നും വിഭിന്നമായി റിയലിസ്റ്റിക്കായി  കഥാഗതി ഉപസംഹരിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

കഥാപാത്രങ്ങൾ

വികാരങ്ങൾ തുറന്നു പ്രകടിപ്പിക്കാൻ മടിക്കുന്ന രാമചന്ദ്രനെ ഭദ്രമാക്കാൻ വിജയ് സേതുപതിക്ക് കഴിഞ്ഞിട്ടുണ്ട്. തൃഷ സിനിമയിലെത്തിയിട്ട് 19 വർഷങ്ങൾ കഴിഞ്ഞു. എങ്കിലും വിണ്ണൈത്താണ്ടി വരുവായ എന്ന ചിത്രത്തിനുശേഷം തൃഷയെ ഇത്രയും സുന്ദരിയായി കണ്ടിട്ടില്ല എന്നുതോന്നി. ചിത്രത്തിലെ തൃഷയുടെ എൻട്രി സീൻ മനോഹരമായി ചിട്ടപ്പെടുത്തിയിരിക്കുന്നു. അവരുടെ കണ്ണുകളിൽ വിരിയുന്ന ഭാവഭേദങ്ങൾക്ക് ഇന്നും പുതുമ അനുഭവപ്പെടുന്നു. വിജയ്‍യുടെയും തൃഷയുടെയും കഥാപാത്രങ്ങളുടെ കുട്ടിക്കാലം അവതരിപ്പിച്ച ആദിത്യ ഭാസ്കറും, ഗൗരി കൃഷ്ണനും വേഷം മനോഹരമാക്കിയിട്ടുണ്ട്. 

സാങ്കേതിക വശങ്ങൾ... 

ചിത്രത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നതിൽ ഛായാഗ്രഹണം, ഗാനങ്ങൾ, പശ്‌ചാത്തല സംഗീതം, കലാസംവിധാനം എന്നിവ പ്രധാന പങ്കാണ് വഹിക്കുന്നത്.

ഛായാഗ്രഹണം 

ദൃശ്യപരമായ ആഖ്യാനമാണ് ചിത്രത്തിൽ മുന്നിട്ടു നിൽക്കുന്നത്. മികച്ച ഫ്രയിമുകൾ അതിന് പിന്തുണ നൽകുന്നു. നായകന്റെ ഏകാന്തത പ്രേക്ഷകരിലേക്ക് സംവദിപ്പിക്കുന്ന ഗാനത്തിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. 

പശ്ചാത്തല സംഗീതം

തൈക്കൂടം ബ്രിഡ്ജിലെ പ്രധാനികളിലൊരാളായ ഗോവിന്ദ് വസന്ത് മേനോനാണ് ചിത്രത്തിന്റെ പശ്‌ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. വൈകാരിക   കഥാസന്ദർഭങ്ങളുടെ വേലിയേറ്റങ്ങൾക്കനുസരിച്ച് വൈഭവത്തോടെ സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നു. ചിത്രത്തിന്റെ ആസ്വാദനതലം ഉയർത്തുന്നതിൽ പശ്ചാത്തല സംഗീതം വലിയ പങ്കുവഹിക്കുന്നുണ്ട്. 

vijay-sethupathi-96

ചുരുക്കത്തിൽ ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർക്ക്, പ്രണയിക്കുന്നവർക്ക്, നഷ്ടപ്രണയത്തെ വിങ്ങലായി ഉള്ളിൽ കൊണ്ടുനടക്കുന്നവർക്ക് ചിത്രം ഓർമകളിലേക്കുള്ള മനോഹരമായ ഒരു തിരിച്ചുപോക്കായിരിക്കും എന്നുതീർച്ച.