Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉശിരോടെ പക്കി, കരുത്തും കരുണയുമായി കൊച്ചുണ്ണി; റിവ്യു

kayamkulam-kochunni-review-nivin

‘ഉശിരുള്ളവരോടേ ഈ ഞാൻ പേരു പറഞ്ഞു പരിചയപ്പെടാറുള്ളൂ...’ സ്ക്രീനിലേക്ക് അതിഗംഭീരമായ ഒരു വരവേൽപു ലഭിച്ചതിനു ശേഷം ഇത്തിരക്കരപ്പക്കി കായംകുളം കൊച്ചുണ്ണിയെ കൈകൊടുത്തു പരിചയപ്പെടുന്നത് ഇങ്ങനെയാണ്. ആ കൂടിക്കാഴ്ച പോലെതന്നെയാണ് റോഷൻ ആൻഡ്രൂസിന്റെ ‘കായംകുളം കൊച്ചുണ്ണി’ സിനിമയും. ഉശിരുള്ള ഒരുകൂട്ടം അഭിനേതാക്കളും എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും കൈകോർത്തു നിന്ന സിനിമ. 1800– കളുടെ മധ്യത്തിൽ കായംകുളം കൊച്ചുണ്ണിയെ തൂക്കിലേറ്റാൻ വിധിക്കുന്ന കുറിമാനത്തിന്റെ വായനയിൽ നിന്നാണു ചിത്രത്തിന്റെ തുടക്കം. പിന്നെ കഥ പതിയെ ചരിത്രത്താളുകൾക്കൊപ്പം കൊച്ചുണ്ണിയുടെ കുട്ടിക്കാലത്തിലേക്കു നീങ്ങുന്നു. 

kayamkulam kochunni theatre response

കള്ളൻ ബാപ്പുട്ടിയുടെ മകനായുള്ള കൊച്ചുണ്ണിയുടെ കുട്ടിക്കാലത്തെപ്പറ്റി അധികമൊന്നും പറയുന്നില്ല സിനിമ. എന്നാൽ ചിത്രത്തിന്റെ പാതി മുഴുവനും കേരളചരിത്രത്തിന് അപരിചിതമായ, കള്ളനാകുന്നതിനു മുൻപുള്ള, കൊച്ചുണ്ണിയുടെ യൗവന കാലമാണ്. നിഷ്കളങ്കനും കാരുണ്യവാനും ധീരനും സർവോപരി പാവങ്ങളുടെ കണ്ണുനീർ കണ്ടാൽ മനസ്സലിയുന്നവനുമായ കൊച്ചുണ്ണിയെയാണ് ഇവിടെ പ്രേക്ഷകനു കാണാനാവുക. 

kayamkulam-kochunni-movie-set-7.jpg

അതിനിടെ കൊച്ചുണ്ണിയുടെ പ്രണയമുണ്ട്, ബ്രിട്ടിഷ് ഭരണത്തിനെതിരെയുള്ള പ്രതിഷേധമുണ്ട്, ജാതിവ്യവസ്ഥയുടെയും പ്രമാണിത്തത്തിന്റെയും പേക്കിനാവുകളുമുണ്ട്. തുണിയഴിച്ചു മരത്തിൽ കെട്ടിയിട്ടു നാട്ടുകാർ തല്ലുന്ന അച്ഛന്റെ ഓര്‍മയുണ്ട് കൊച്ചുണ്ണിയുടെ മനസ്സിൽ. അതുകൊണ്ടുതന്നെ ഒരിക്കലും മോഷ്ടിക്കില്ലെന്നത് കൊച്ചുണ്ണി ജീവിതം കൊണ്ടെടുത്ത പ്രതിജ്ഞയാണ്. എന്നാൽ സാഹചര്യങ്ങൾ കൊച്ചുണ്ണിയെയും കള്ളനാക്കുന്നു. ആ ‘സാഹചര്യങ്ങൾ’ ഒരുക്കിയതു പക്ഷേ ആ യുവാവായിരുന്നില്ല, മറിച്ച് അധികാരത്തിന്റെ തണ്ടുമായി നടക്കുന്ന മേലാളന്മാരായിരുന്നു. കള്ളൻ ബാപ്പുട്ടിയുടെ മകൻ, കാട്ടുകൊള്ളക്കാരൻ കായംകുളം കൊച്ചുണ്ണിയാകുന്നത് അങ്ങനെയായിരുന്നു. 

Kayamkulam Kochunni Official Trailer | Mohanlal | Nivin Pauly | Rosshan Andrrews

കൊച്ചുണ്ണിയുടെ ജീവിതത്തിലെ ആ നിർണായക മാറ്റത്തിലേക്കു കൈപിടിച്ചു കൊണ്ടുപോകുന്നതാകട്ടെ ഇത്തിക്കരയാറിന്റെ അധിപൻ ഇത്തിക്കരപ്പക്കിയും. അദ്ദേഹത്തെ ചിത്രത്തിൽ ആദ്യമായി അവതരിപ്പിക്കുന്ന രംഗത്തിലാകട്ടെ കഥാപാത്രത്തിന്റെ സകല ഗാംഭീര്യവും ഉൾക്കൊണ്ടാണ് മോഹൻലാൽ എത്തുന്നത്. യഥാർഥ ചരിത്രത്തിലെ വിരസത പോലെ പതിയെപ്പതിയെ നീങ്ങിയിരുന്ന സിനിമ പിന്നീട് ആക്‌ഷനിലേക്കു വേഗം കൂട്ടുന്നതും രണ്ടാം പകുതിയിലാണ്. കൊച്ചുണ്ണിയുടെ ആ പടയോട്ടമാണ് ചിത്രത്തിന്റെ ത്രസിപ്പിക്കുന്ന നിമിഷങ്ങളിലേറെയും സമ്മാനിക്കുന്നതും. 

kayamkulam-kochunni-movie-set-8.jpg

തിരക്കഥയുടെ ബോബി–സഞ്ജയ് കൂട്ടുകെട്ട്, എന്നാൽ എല്ലാ ഗംഭീരരംഗങ്ങളും കൊച്ചുണ്ണിയുടെ ‘കൊള്ളക്കാല’ത്തിലേക്കു നൽകിയിട്ടില്ല. ചെറിയ, എന്നാൽ കുറിക്കു കൊള്ളുന്ന ഡയലോഗുകളിലൂടെ ചിത്രത്തിന്റെ ആരംഭം മുതൽക്കുതന്നെ കൊച്ചുണ്ണി സൂചന നൽകുന്നുണ്ട്– ആ കാണുന്നതെല്ലാം വരാനിരിക്കുന്ന ആളിക്കത്തലിലേക്കുള്ള ചെറുതീയമ്പുകളാണെന്ന്... ചിത്രത്തിലെ പ്രണയത്തിൽ പോലുമേറ്റിട്ടുണ്ട് തിരക്കഥയുടെ തീച്ചൂട്. ശൂദ്രപെൺകുട്ടി കൊച്ചുണ്ണിയോടുള്ള ഇഷ്ടം തുറന്നു പറയുന്ന നിമിഷം. കൊച്ചുണ്ണി പക്ഷേ പിറ്റേന്നു മുതലാളിക്കൊപ്പം ചന്തയിലേക്കു പോകുന്നതിനെപ്പറ്റിയാണു പറയുന്നത്. തിരിച്ച് ഇഷ്ടമുള്ള വാക്കു പ്രതീക്ഷിച്ച പെൺകുട്ടിയുടെ കണ്ണുകളിൽ നിരാശയുടെ കലക്കം.

അതിനിടയ്ക്ക് കൊച്ചുണ്ണിയുടെ വാക്കുകൾ:

‘യാത്രയ്ക്കു മുന്നോടിയായി റാന്തല്‍വിളക്കു കാണുന്നത് നല്ല ശകുനമാണെന്നാണ്...’ 

‘എന്നാൽ ഞാനീ റാന്തൽ തീരത്തു വച്ചിട്ടു പോകാം...’ ചിരിയോടെ അവൾ.

‘ഇഷ്ടമുള്ള പെൺകുട്ടിയുടെ കൈകളിലേന്തിയ വിളക്കാണ് നല്ല ശകുനം...’ 

അന്നേരം പ്രണയം റാന്തൽവെളിച്ചം പോലെ നിറയുന്നതു കാണാം ആ പെൺകുട്ടിയുടെ കണ്ണുകളിൽ.

എന്നാൽ പ്രണയവും കണ്ണീരുമെല്ലാം പകയിലേക്കും വിദ്വേഷത്തിലേക്കും മാറുന്നിടത്ത് ചിത്രം സമ്പൂർണമായ ആക്‌ഷനിലേക്കു നീങ്ങുന്നു. ചരിത്രത്തോടു പൂർണമായും നീതി പുലർത്തിക്കൊണ്ട് ഒരിക്കലും കായംകുളം കൊച്ചുണ്ണിയുടെ ജീവിതം സിനിമയാക്കാനാകില്ല. അതിന് ‘ഐതിഹ്യമാല’യെ മാത്രം ആശ്രയിക്കാനുമാകില്ല. സ്വാഭാവികമായും സംവിധായകനും തിരക്കഥാകൃത്തുക്കളും ഫിക്‌ഷന്റെ പരമാവധി സ്വാതന്ത്ര്യം കയ്യിലെടുത്തിട്ടുണ്ട്. കുടുംബ പ്രേക്ഷകർക്കും യുവാക്കൾക്കും ഒരുപോലെ ഇഷ്ടപ്പെടുംവിധമാണ് ചിത്രം റോഷൻ ആൻഡ്രൂസ് പരുവപ്പെടുത്തിയിരിക്കുന്നത്. ഇതിൽ കണ്ണീർ തൂവുന്ന നിമിഷങ്ങളുണ്ട്, കയ്യടിപ്പിക്കുന്ന കാഴ്ചകളും. 

kochunni-teraser

ക്യാമറയ്ക്കു പിന്നിൽ ബോളിവുഡിൽ നിന്നുള്ള ബിനോദ് പ്രദാനാണ്. ചരിത്രത്തെ മനോര ഫ്രെയിമുകളിലാക്കുന്നതിൽ ‘ഭാഗ് മിൽഖാ ഭാഗിലും’ ‘മൗസ’മിലുമെല്ലാം നേരത്തേതന്നെ തന്നെ പ്രതിഭ തെളിയിച്ചിട്ടുണ്ട് ഇദ്ദേഹം. കോടികൾ മുടക്കി മലയാളത്തിൽ ഒരു ചരിത്രസിനിമയൊരുക്കുമ്പോൾ ആ കാലത്തിന്റെ ഭംഗിയൊട്ടും ചോരാതെ പ്രേക്ഷകനിലേക്കെത്തിക്കുന്നുണ്ട് ബിനോദ്. ശ്രീകർ പ്രസാദിന്റേതാണ് എഡിറ്റിങ്. കായംകുളം കൊച്ചുണ്ണിയുടെ ജീവിതത്തെ 168 മിനിറ്റിലേക്കു ചുരുക്കുകയെന്ന ദൗത്യവും അദ്ദേഹത്തിന്റെ മുന്നിലുണ്ടായിരുന്നു. പതിഞ്ഞ താളത്തിലാണ് ആദ്യപകുതി, രണ്ടാം പകുതിയാകട്ടെ അതിവേഗവും. 

ഗോപി സുന്ദറിന്റേതാണു സംഗീതം. ഫോക്ക്‌ലോർ കഥയ്ക്കും കാലത്തിനും ചേർന്ന സംഗീതമാണു കൊച്ചുണ്ണിക്കു വേണ്ടി ഗോപി സുന്ദർ ഒരുക്കിയിരിക്കുന്നത്. വൻ താരനിരയാണു സിനിമയുടെ മറ്റൊരു പ്രത്യേകത. കൊച്ചുണ്ണിയുടെ കരുണയുള്ള മുഖമാണ് നിവിൻ പോളിക്കു കൂടുതൽ ചേരുന്നത്. ഉശിരിൽ ഇത്തിക്കരപ്പക്കി ഒപ്പം ചേരുന്നതു കൊണ്ടു പ്രത്യേകിച്ചും. 

kayamkulam-kochunni-movie-set21.jpg

കൊച്ചുണ്ണിക്കു സംവിധായകൻ നിവിൻപോളിയുടെ മുഖം നൽകിയപ്പോൾ മലയാളം അതൊരിക്കലും മറക്കാത്ത വിധത്തിൽ മികവുറ്റതാക്കിയിട്ടുണ്ട് അദ്ദേഹം. നിഷ്കളങ്കനായും കരുത്തുറ്റവനായും കൊച്ചുണ്ണിയുടെ പല തലങ്ങൾ മനോഹരമായി അവതരിപ്പിക്കാൻ നിവിന് സാധിച്ചു.  കണ്ണുകളിൽ പോലും ക്രൗര്യമൊളിപ്പിച്ച ഇത്തിരക്കരപ്പക്കിയെ മോഹൻലാൽ ഗംഭീരമാക്കിയെന്നു പറയാതെ വയ്യ. പ്രിയ ആനന്ദ്, പ്രിയങ്ക തിമ്മേഷ്, സണ്ണി വെയ്ൻ, ബാബു ആന്റണി, ഷൈൻ ടോം ചാക്കോ, മണികണ്ഠൻ, സിദ്ധാർഥ് ശിവ, സാദിഖ്, തെസ്നി ഖാൻ, ജൂഡ് ആന്തണി ജോസഫ്, സുദേവ്നായർ, സുനിൽസുഖദ, സുധീർ കരമന, ഇടവേള ബാബു... അഭിനേതാക്കളേറെയുണ്ട് ചിത്രത്തിൽ. എങ്കിലും ഇത്തിക്കരപ്പക്കിയും കായംകുളം കൊച്ചുണ്ണിയുമല്ലാതെ അധികമാരും തിയേറ്റർ വിട്ടിറങ്ങുമ്പോൾ മനസ്സിലുണ്ടാകില്ല. അത്രയേറെ ആ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചിരിക്കുന്നു ചിത്രം. 

അതേസമയം ചരിത്രത്തെ അതേപോലെ പകർത്തുകയല്ല കൊച്ചുണ്ണിയിൽ ചെയ്തിരിക്കുന്നത്. പക്ഷേ ചരിത്രം വിഷയമാക്കിയ മലയാള ചലച്ചിത്രങ്ങളുടെ പട്ടികയിലേക്ക് ഉശിരോടെ നെഞ്ചുംവിരിച്ചാണ് ‘കായംകുളം കൊച്ചുണ്ണി’യും പറന്നിറങ്ങുന്നത്...