Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മകൾക്കുവേണ്ടി ഒരു അന്ത്യകൂദാശ; റിവ്യു

koodasha-movie-review

സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ചർച്ചകളും മീ ടു വിവാദങ്ങളുമൊക്കെ കത്തിപ്പടരുന്ന സമയത്ത് പെൺമക്കളുള്ള അച്ഛന്മാരുടെ മാനസികവ്യഥകളാണ് കൂദാശ എന്ന ചിത്രം അവതരിപ്പിക്കുന്നത്. ഒരു സൈക്കോ ത്രില്ലറിന്റെ അംശങ്ങളും ചിത്രത്തിൽ കൂട്ടിയിണക്കിയിട്ടുണ്ട്. വില്ലനായി തുടങ്ങി പിന്നീട് കോമഡി വേഷങ്ങളിൽ കുടുങ്ങിപ്പോയ ബാബുരാജ് ഒരിടവേളയ്ക്ക് ശേഷം വില്ലൻ പരിവേഷമുള്ള നായകനാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. 

നവാഗതനായ ഡിനു തോമസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തിരക്കഥയും ഡിനുവാണ് നിർവഹിച്ചിരിക്കുന്നത്. ഒ എം ആർ ഗ്രൂപ്പിന്റെ ബാനറിൽ ഒമറും റിയാസുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

പ്രമേയം...

കല്ലൂക്കാരൻ ജോയ് കറതീർന്ന ഗുണ്ടയാണ്‌. സാഹചര്യങ്ങൾ അയാളെ ഗുണ്ടയാക്കി തീർത്തു എന്നു പറയുന്നതാകും ശരി. ഭാര്യ മരിച്ചുപോയ അയാൾ ജീവിക്കുന്നതുതന്നെ മകൾക്കുവേണ്ടിയാണ്. ഒരു അവസാന ക്വട്ടേഷനുശേഷം എല്ലാം അവസാനിപ്പിച്ചു സാധാരണജീവിതത്തിലേക്ക് മടങ്ങാൻ  പുറപ്പെട്ട അയാളെ കാത്തിരുന്നത് ചില ആകസ്മികതകളായിരുന്നു. അതിനു പിന്നാലെ യാത്ര ചെയ്യുന്ന അയാൾ ചിത്രത്തിന്റെ അവസാനം ചില ഞെട്ടിപ്പിക്കുന്ന തിരിച്ചറിവുകളിലേക്ക് എത്തുന്നു.

Koodasha Malayalam Movie Official Trailer | ft. Baburaj , Aaryan Krishna Menon

പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങളും ഗുണ്ടാവിളയാട്ടവും കുടുംബങ്ങളിൽ അതേൽപ്പിക്കുന്ന ആഘാതവുമാണ് ചിത്രത്തിന്റെ കഥാതന്തു. ഇതോടൊപ്പം മതിഭ്രമം എന്ന മാനസിക അവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നു.

അഭിനേതാക്കൾ...

ആര്യൻ കൃഷ്ണ മേനോൻ, കൃതിക പ്രദീപ്, സായ്കുമാർ, ജോയ് മാത്യു, ദേവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. അഭിനയജീവിതത്തിൽ 25 വർഷം പൂർത്തിയാക്കുന്ന ബാബുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും കൂദാശയിലെ ജോയ്. ഭൂതകാലം വേട്ടയാടുന്ന സങ്കീർണ മാനസികാവസ്ഥയിൽ കൂടി കടന്നുപോകുന്ന അച്ഛന്റെ സംഘർഷങ്ങൾ മികവോടെ ബാബുരാജ് അവതരിപ്പിച്ചിട്ടുണ്ട്. വില്ലൻ വേഷങ്ങളിൽ നായകന്മാരുടെ ഇടി ഒരുപാട് ഏറ്റുവാങ്ങിയ ബാബുരാജ് ഇത്തവണ ഇടിച്ചു ജയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഇഷ്ടപ്പെട്ടു പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചിരിക്കുന്നത് എന്നു ബാബുരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. 

മോഹൻലാൽ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ കൃതിക പ്രദീപാണ് ചിത്രത്തിൽ ബാബുരാജിന്റെ മകളായി അഭിനയിക്കുന്നത്. കൃതികയും വേഷം ഭദ്രമാക്കി. ആര്യനും കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്.

സാങ്കേതികവശങ്ങൾ... 

ഒരു നവാഗത സംവിധായകൻ എന്ന നിലയിൽ കഥാവതരണത്തിൽ ഡിനു പ്രതീക്ഷ നൽകുന്നുണ്ട്. ഫൈസൽ ഖാലിദ് ഛായാഗ്രഹണം. ആകാശ് ജോസഫ് എഡിറ്റിങ്. ഈ രണ്ടുവിഭാഗങ്ങൾ പ്രശംസ അർഹിക്കുന്നു. ഭൂതകാലവും വർത്തമാനകാലവും ഇടകലരുന്ന ആഖ്യാനത്തിലൂടെ കാഴ്ചക്കാരിൽ മിഥ്യാഭ്രമം ഉളവാക്കാൻ ഫ്രയിമുകൾക്കും അതിന്റെ ചിട്ടപ്പെടുത്തലുകൾക്കും ഏറെക്കുറെ കഴിഞ്ഞിട്ടുണ്ട്. ചില എണ്ണംപറഞ്ഞ ക്രൈം സീനുകൾ അതിന്റെ സൗന്ദര്യം കൊണ്ടു ഭ്രമിപ്പിക്കുന്നുണ്ട്. ഹരിനാരായണന്റെ വരികൾക്ക് വിഷ്ണു മോഹൻ സംഗീതം നൽകിയിരിക്കുന്നു. യേശുദാസിന്റെ സ്വരമാധുരിയോട് സാദൃശ്യമുള്ള ആലാപനത്തിലൂടെ ശ്രദ്ധേയനായ അഭിജിത് വിജയൻ ചിത്രത്തിൽ ഒരു ഗാനം മനോഹരമായി ആലപിച്ചിട്ടുണ്ട്.

രത്നച്ചുരുക്കം... 

സങ്കീർണമായ മാനസിക അവസ്ഥകളെക്കുറിച്ച് നിരവധി സിനിമകൾ ഹോളിവുഡിൽ ഇറങ്ങിയിട്ടുണ്ട്. മലയാളത്തിലും എണ്ണംപറഞ്ഞ സിനിമകൾ ഇറങ്ങിയിട്ടുണ്ട്. അതിൽ പുതിയതാണ് കൂദാശ എന്ന ചിത്രം. ചിത്രം ഒരു എന്റർടെയിനറല്ല, എന്നാൽ ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും. അടുത്തിടെ തമിഴിലും തെലുഗുവിലും വലിയ താരങ്ങൾ ഇല്ലാത്ത ചിത്രങ്ങൾ അവതരണമികവു കൊണ്ടു കയ്യടി നേടുന്നുണ്ട്. മലയാളത്തിലും അത്തരം ചിത്രങ്ങൾ എത്തുന്നുണ്ട്. എന്നാൽ വേണ്ട പ്രേക്ഷകശ്രദ്ധ ലഭിക്കാതെ പോവുകയാണ് പതിവ്. അതിനൊരു മാറ്റം ഉണ്ടാകട്ടെ.