Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇതു മമ്മൂട്ടിക്കു മാത്രം സാധ്യമാവുന്നത്: പേരൻപ് കണ്ട പ്രേക്ഷകൻ പറയുന്നു

peranbu-movie-review

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന റാം സംവിധാനം ചെയ്ത തമിഴ് ചിത്രം പേരൻപ് ഗോവ ചലച്ചിത്രമേളയിൽ അദ്ഭുതപൂർണമായ പ്രതികരണങ്ങളുണർത്തി. റോട്ടർ ഡാം ഫിലിം ഫെസ്റ്റിവലിലും ഷാങ്ഹായ് ഫെസ്റ്റിവലിലും പ്രദർശിപ്പിച്ച സിനിമയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനം കൂടിയായിരുന്നു ഗോവയിൽ. 

ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മേളയിൽ മറ്റൊരു ചിത്രത്തിനും ലഭിക്കാത്ത സ്വീകരണമാണ് ലഭിച്ചത്. ഒരു ദിവസം മുൻപുതന്നെ മുഴുവൻ സീറ്റുകളും റിസർവേഷൻ ചെയ്തു കഴിഞ്ഞിരുന്നു. ഒട്ടേറെ ആളുകൾ സീറ്റു കിട്ടാതെ മടങ്ങി.

Peranbu - Official Teaser | பேரன்பு | Mammootty | Ram | Yuvan Shankar Raja | Anjali | Sadhana

നൂതനമായ പ്രമേയവും വ്യത്യസ്തമായ ആഖ്യാനരീതിയും സാങ്കേതികമായ മികവും കൊണ്ട്  മികച്ച ദൃശ്യാനുഭവമാണ് ചിത്രം പ്രദാനം ചെയ്യുന്നത്. അതിഭാവുകത്വത്തിലേക്ക് വഴുതി വീഴാതെ പ്രമേയത്തിന്റെ വെല്ലുവിളികളെയും സാധ്യതകളെയും ഉൾക്കൊള്ളുന്നതിൽ സംവിധായകൻ  പൂർണമായും വിജയിച്ചിരിക്കുന്നു.

peranbu-second-teaser

മമ്മൂട്ടി സമ്മതിച്ചില്ലായിരുന്നുവെങ്കിൽ ഈ ചിത്രം ഉണ്ടാവുമായിരുന്നില്ല എന്നു പ്രദർശനത്തിനുമുമ്പ് സംവിധായകൻ പറഞ്ഞതിന്റെ പൊരുൾ‌ വെളിവാക്കുന്ന പ്രകടനമാണ് താരം കാഴ്ച വെച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഈ ചിത്രത്തിലേത്. സങ്കീർണമായ ഭാവങ്ങളെ അനായാസമായി അദ്ദേഹം അവതരിപ്പിക്കുന്നു. എടുത്തു പറയേണ്ട ഒരു മേന്മ തമിഴ് സംഭാഷണങ്ങൾ ഉരുവിടുന്നതിൽ പുലർത്തുന്ന മികവാണ്. ഒട്ടേറെ അർഥ തലങ്ങളുള്ള സംഭാഷണങ്ങളെ അതിന്റെ എല്ലാ ഭാവ സമ്പുഷ്ടതയോടും കൂടി ഉരുവിടുന്നതിൽ അദ്ദേഹം പുലർത്തുന്ന സൂക്ഷ്മത ഒരു പാഠപുസ്തകമായി മാറുന്നു.

മമ്മൂട്ടിയൂടെ മകളായി അഭിനയിക്കുന്ന സാധനയുടെ പ്രകടനം മികച്ചതായി. ചിത്രത്തിലുടനീളം ഒരേ ശരീരഭാഷ പ്രകടിപ്പിക്കുന്നതിൽ സ്ഥിരത പുലർത്തി സാധന മികവു തെളിയിക്കുന്നു. ട്രാൻസ്ജെൻ‍ഡർ കഥാപാത്രമായി വരുന്ന  അഞ്ജലി അമീറും തിളങ്ങി. ചിത്രത്തിന്റെ പൊതുസ്വഭാവത്തിനു അനുയോജ്യമായ രീതിയിൽ ഗാനങ്ങൾ ഫലിപ്പിക്കുന്നതിലുള്ള പ്രത്യേകത ചിത്രത്തിനു മാറ്റുകൂട്ടുന്നു. യുവൻ ശങ്കർരാജയാണ് സംഗീതം.

mammootty-peranbu

പ്രകൃതിയുടെ വിവിധ സ്വഭാവങ്ങളെ വെളിവാക്കുന്ന ഖണ്ഡങ്ങളായുള്ള ഒരു ആഖ്യാനഘടന ചിത്രത്തിന്റെ പ്രത്യേകതയാണ്. അർഥ സമ്പുഷ്ടമായ സംഭാഷണങ്ങൾ, രചന കൂടി നിർവഹിച്ച സംവിധായകന്റെ മികവ് തെളിയിക്കുന്നു. പക്ഷേ ഒട്ടേറെ പുരസ്കാരങ്ങൾ തേടിവരാൻ സാധ്യതയുള്ള ഒരു പ്രകടനത്തിലൂടെ ചിത്രം തന്റേതാക്കി മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. അദ്ദേഹത്തെ മലയാള നടൻ എന്നു കാണികളിലൊരാൾ പറഞ്ഞതിനെതിരേ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചലച്ചിത്രാസ്വാദകർ രൂക്ഷമായി പ്രതികരിച്ചത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലുള്ളവർ അദ്ദേഹത്തിന് നൽകുന്ന ആദരവിന്റെ വെളിവാക്കലായി.

related stories