Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാപർനോം; പ്രേക്ഷകർ എഴുന്നേറ്റ് നിന്ന് കയ്യടിച്ച ചിത്രം

capernom സംവിധായിക നദീൻ ലബാക്കിക്കൊപ്പം സെയിൻ

ചിരിക്കാനും കരയാനും കഴിയാത്ത അസ്വസ്ഥതയിലേക്കു നയിക്കുന്നതാണു മികച്ച സിനിമകളുടെ പ്രത്യേകത എന്നൊരു  നിർവചനം തന്നെയുണ്ട്. നിർവചനത്തോടു യോജിച്ചാലും ഇല്ലെങ്കിലും ഇത്തവണത്തെ മേളയുടെ രണ്ടാം ദിനം സ്വന്തമാക്കിയത് അസ്വസ്ഥതയുണ്ടാക്കുന്ന ഒരു സിനിമ; നിശാഗന്ധിയിൽ നിറഞ്ഞ സദസ്സിനു മുന്നിൽ പ്രദർശിപ്പിച്ച കാപർനോം. രണ്ടുപതിറ്റാണ്ടിന്റെ ചരിത്രമുള്ള രാജ്യാന്തര ചലച്ചിത്രമേളയിൽ ഒരുപക്ഷേ ഇതാദ്യമായിരിക്കും രണ്ടാം ദിനം തന്നെ മേള ഇത്തവണത്തെ ചിത്രമെന്നു വിശേഷിപ്പിക്കാവുന്ന ഒരു ചലച്ചിത്രം കണ്ടെടുക്കുന്നതും. 

ലോകസിനിമാ വിഭാഗത്തിലുൾപ്പെടെ മികച്ച സിനിമകൾ വരാനിരിക്കുന്നതേയുള്ളൂ. കഴിവു തെളിയിച്ച പ്രതിഭകളും നവാഗത സംവിധായകരുമൊക്കെ അത്ഭുതക്കാഴ്ചകളൊരുക്കി കാത്തിരിക്കുകയുമാണ്. പക്ഷേ, നിശാഗന്ധിയിൽ ഒരേ മനസ്സോടെ എഴുന്നേറ്റു നിന്ന്, കയ്യടിച്ച്, ആരവമുയർത്തിയ ആയിരങ്ങൾ ഒരുകാര്യം ഉറപ്പിച്ചുകഴിഞ്ഞു- ഇത്തവണ ലോകസിനിമകളിലെ താരം കാപർനോം തന്നെ. സംവിധായിക നദീൻ ലബാക്കിയും. 

ലബനനിലെ അറിയപ്പെടുന്ന നടിയും സംവിധായികയുമാണ് നദീൻ ലബാക്കി. മൂന്നാമത്തെ സിനിമ മാത്രമാണ് കോപ്പർനോം. വിദേശരാജ്യങ്ങളിൽ പോയി സിനിമയെക്കുറിച്ചു പഠിക്കുകയോ ഗവേഷണം നടത്തുകയോ ചെയ്തിട്ടില്ലാത്ത, രണ്ടു പതിറ്റാണ്ടോളം ആഭ്യന്തര യുദ്ധത്തിന്റെ ദുരിതങ്ങളിലൂടെ കടന്നുപോയ ലബാക്കിയുടെ രണ്ടു മുൻചിത്രങ്ങളും പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയിട്ടുണ്ടെങ്കിലും കാപർനോം അവരെ ലോകത്തെ പ്രതിഭാശാലികളായ സംവിധായകരുടെ ഗണത്തിലേക്ക് ഉയർത്തുന്നു. നടിയായും സംവിധായികയായും സ്വന്തം കയ്യൊപ്പ് പതിപ്പിച്ച് ലബാക്കി ലോകത്തിനു നൽകുന്ന ഉപഹാരമാണ് കാപർനോം എന്ന അസാധാരണ ചലച്ചിത്രം. 

Capernaum (Capharnaüm) - Official Trailer (2018)

കോടതിമുറിയിൽനിന്നു തുടങ്ങി ഫ്ളാഷ്ബാക്കുകളിലൂടെ പുരോഗമിക്കുന്ന കാപർനോമിലെ പ്രധാന താരങ്ങളിലൊന്ന് ചിത്രത്തിന്റെ ക്യമറ.  ഷൂട്ട് ചെയ്യാനുള്ള ഒരു ഉപകരണം എന്ന നിലയിൽനിന്നു മാറി കഥാപാത്രങ്ങളുടെ ഉള്ളിലേക്കു പ്രവേശിച്ചും ലബനീസ് തെരുവുജീവിതം യഥാതഥമായി പകർത്തും ചടുല വേഗത്തിൽ നീങ്ങുകയാണു ക്യാമറ. ഓടിയും ചാടിയും ചാടിമറിഞ്ഞും നീങ്ങുന്ന ക്യാമറ നിശ്ചലമായ ഒരു ഉപകരണമല്ല ഈ സിനിമയിൽ. മറിച്ച്, ഒരു നിമിഷം പോലും വിരസതയറിയാതെ പ്രേക്ഷകർ ക്യാമറയ്ക്കൊപ്പം ചലിക്കുന്നു; ചിരിക്കുന്നു, കരയുന്നു, അസ്വസ്ഥരാകുന്നു. ഒടുവിൽ പ്രധാനകഥാപാത്രമായ 12 വയസ്സുകാരൻ സെയ്നിന്റെ ചിരിയിൽ കുറ്റബോധം നിറഞ്ഞ ആശ്വാസത്തിലെത്തുന്നു. 

കുട്ടികളോടുള്ള അവഗണനയും ക്രൂരതയും ഇതാദ്യമായല്ല ഒരു ചലച്ചിത്രത്തിന്റെ പ്രമേയമാകുന്നത്. പക്ഷേ, യഥാതഥമായും സത്യസന്ധമായും കറയറ്റ ആത്മാർഥതയോടെയും കാപർനോം മുന്നോട്ടുവയ്ക്കുന്ന പ്രമേയവും കഥയും ഒരു ജീവിതം മുഴുവൻ പിടിച്ചുലയ്ക്കാൻ ശേഷിയുള്ളതാണ്. എനിക്കു പറയാനുള്ളതു കുട്ടികളോടല്ല, മുതിർന്നവരോടാണെന്ന ആമുഖത്തോടെ സെയിൻ കോടിയിൽ പറയുന്ന ഓരോ വാക്കും ലോകം ശ്രദ്ധയോടെ കേൾക്കേണ്ടതും ഉൾക്കൊള്ളേണ്ടതും കൂടിയാണ്. 

തന്നെ ജനിപ്പിച്ച മാതാപിതാക്കൾക്ക് എതിരെ മൊഴി നൽകുകയാണ് സെയിൻ. ഇനിയും അവർക്കു കുട്ടികളുണ്ടാകരുതെന്നും അവൻ ആഗ്രഹിക്കുന്നു. ശക്തമായി ആവശ്യപ്പെടുന്നു. അങ്ങനെയൊരാവശ്യം മുന്നോട്ടുവയ്ക്കാൻ അവനോളം അർതയുള്ള മറ്റാരുണ്ട്. ദാരിദ്ര്യവും കഷ്ടപ്പാടും യാതനകളുമുണ്ടെങ്കിലും സഹോദരിയുടെ കാവലാളായിരുന്നു അവൻ. ഒരച്ഛനേക്കാളും അമ്മയേക്കാളും അവനവളെ കാത്തുസൂക്ഷിച്ചു. എന്നിട്ടും 15 വയസ്സുപോലും തികയുന്നതിനുമുമ്പ്  സഹോദരിയെ സെയിനിനു നഷ്ടപ്പെട്ടു. അവളേക്കാൾ മുപ്പതുവയസ്സെങ്കിലും കൂടുതലുള്ള ഒരു യുവാവിന്റെ വധുവായി സഹോദരി വീട്ടിൽനിന്നിറങ്ങിയപ്പോൾ പ്രതിഷേധിക്കുകയും കരയുകയും മാത്രമല്ല അക്രമാസക്തനായി അച്ഛനമ്മമാർക്കുനേരെ തിരിയുകയും ചെയ്തു അവൻ. 

എന്തു ജോലിയും ചെയ്യാൻ തയ്യാറായി സെയിൻ വീട്ടിൽനിന്നും ഇറങ്ങിപ്പുറപ്പെട്ടു. വിധി അവനു കാത്തുവച്ചത് ലബനനിൽ അനധികൃതമായി താമസിക്കുന്ന ഒരു എത്യോപ്യൻ യുവതിയുടെ ആറുമാസം പോലും പ്രായമാകാത്ത കുട്ടിയെ നോക്കുന്ന ജോലിയും. സെയിന്റെ വേഷം ഉജ്വലമാക്കിയത് സെയിൻ എന്ന കുട്ടിതന്നെയാണ്. അവനു നോക്കാൻ കിട്ടിയ പേരില്ലാത്ത കുട്ടിപോലും കാപർനോമിൽ കാഴ്ചവച്ചത് അവസ്മരണീയ അഭിനയം. വാക്കുകൾ കൂട്ടിച്ചൊല്ലാനാവാത്ത, ഒന്നോ രണ്ടോ ചുവടു പോലും മന്നോട്ടുവയ്ക്കാൻ പഠിച്ചില്ലാത്ത കുട്ടി എന്ത് അഭിനയിക്കാനാണെന്നു ചോദിക്കരുത്; അത് കണ്ടുതന്നെയറിയണം. അപ്പോൾ മാത്രമേ നദീൻ ലബാക്കിയുടെ സംവിധാന പ്രതിഭ തിരിച്ചറിയാൻ കഴിയൂ.