Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തിന്റെ ‘മായ’ക്കാഴ്ച

maya-french-movie

ഇന്ത്യൻ സിനിമകളേക്കാൾ ഇന്ത്യയുടെ വൈവിധ്യം മനോഹരമായും തനിമയോടെയും ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് വിദേശചിത്രങ്ങളിൽ. ടൊറന്റോ രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച്, ലോകസിനിമാ വിഭാഗത്തിൽ കേരള മേളയിലെത്തിയ ‘മായ’ എന്ന ഫ്രഞ്ച് ചലച്ചിത്രവും ഇന്ത്യയുടെ സമ്പന്നമായ പൈതൃകത്തിലും സാംസ്കാരിക വൈവിധ്യത്തിലും ആത്മീയ സാന്ത്വനത്തിലുമാണ് ഫോക്കസ് ചെയ്യുന്നത്. സമാനപ്രമേയം കൈകാര്യം ചെയ്യുന്ന മറ്റു ഫ്രഞ്ചു സിനിമകളിൽനിന്ന് മിയാ ഹാൻസൻ ലവ് എന്ന 37 വയസ്സുകാരി യുവ സംവിധായികയുടെ  മായയെ വ്യത്യസ്തമാക്കുന്നതും ഇന്ത്യൻ പശ്ഛാത്തലം തന്നെ. കാൻ ഉൾപ്പെടെ വിദേശമേളകളിൽ മുൻചിത്രങ്ങൾക്ക് സംവിധാനത്തിന് പുരസ്കാരങ്ങൾ നേടിയിട്ടുള്ള മിയ ഹാൻസൻ കേരളത്തിലും കയ്യടി നേടുകയാണ്. 

Bande-annonce: "Maya", le nouveau film de Mia Hansen-Løve en exclu

പാരിസിലാണു ചിത്രം തുടങ്ങുന്നത്. സിറിയയിൽ തടവുകാരനായി പിടിക്കപ്പെട്ട ഗബ്രിയേൽ എന്ന പത്രപ്രവർത്തകനും സുഹൃത്തിനും മോചനം ലഭിച്ചിരിക്കുന്നു. ഒരു സഹപ്രവർത്തകൻ ഭീകരരുടെ തടവിൽതന്നെയാണെങ്കിലും രണ്ടുപേരുടെ മോചനം ആഘോഷമാക്കുകയാണ് ഫ്രാൻസ്. വൈകാരികവും ഊഷ്മളവുമായ സ്വീകരണം ലഭിക്കുന്നു ഗബ്രിയേലിനും സഹപ്രവർത്തകൻ ഫ്രെഡറിക്കിനും. 

നവോമി എന്ന കാമുകിയും ഗബ്രിയേലിനെ കാത്തുനിൽക്കുന്നവരിലുണ്ട്. പക്ഷേ അവരുടെ കൂടിക്കാഴ്ച പ്രണയനിർഭരമാണെന്നു പറഞ്ഞുകൂടാ. സ്വീകരണങ്ങള്‍ ഏറ്റുവാങ്ങുകയും മെഡിക്കൽ പരിശോധനകളിലൂടെ കടന്നുപോകുകയും ചെയ്യുന്നതിനിടെ ഗബ്രിയേലും നവോമിയും തമ്മിലുള്ള ബന്ധത്തിലുള്ള അസ്വാരസ്യങ്ങളും മറനീക്കുന്നു. അതിനേക്കാൾ പത്രപ്രവർത്തകനായി ഇനി ജോലി ചെയ്യാനില്ലെന്ന ഗബ്രിയേലിന്റെ തീരുമാനമാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഇന്ത്യയിലേക്കു പോകാനാണ് അയാളുടെ തീരുമാനം. ഗോവയിലേക്ക്. 

ഗബ്രിയേൽ പെട്ടെന്നെടുത്ത തീരുമാനമാണെങ്കിലും അയാളുടെ മനസ്സിൽ എന്നും ഇന്ത്യയുണ്ട്. അയാൾ ഇന്ത്യയിലാണ് ജനിച്ചത്. കുട്ടിക്കാലം ചെലവിട്ടത്. അച്ഛനുമായി വേർപിരിഞ്ഞ അമ്മ മുംബൈയിലുണ്ട്. 

ഗോവയിൽ പിതാവിന്റെ പരിചയക്കാരന്റെ റിസോർടിലെത്തുന്ന ഗബ്രിയേൽ ഭീതിപ്പടുത്തുന്ന ഓർമകളിൽനിന്നു രക്ഷപ്പെടാൻ ശ്രമിക്കുകയാണ്. തടവുകാരനാക്കപ്പെട്ട നാളുകളും മരണം മുന്നിൽക്കണ്ട ദിവസങ്ങളും ജോലിയുടെ തിരക്കുകളുമെല്ലാം. തനി നാട്ടിൻപുറത്തുകാരനായി ഗോവിയുടെ കടലോരത്ത് അയാൾ ആശ്വാസം കണ്ടത്താൻ ശ്രമിക്കുന്നതിനിടെ പിതാവിന്റെ പരിചയക്കാരന്റെ മകളെ പരിചയപ്പെടുന്നു. മായ. ആർഷി ബാനർജിയാണ് മായയുടെ വേഷം ഗംഭീരമാക്കുന്നത്. വിടർന്ന കണ്ണുകളുള്ള, ഇരുണ്ട നിറക്കാരിയും ആകർഷകമായ വ്യക്തിത്വത്തിന്റെ ഉടമയുമായ മായയും ഗബ്രിയേലും തമ്മിൽ അടുക്കുകയാണ്. ഇതിനിടെ യാദൃഛികമായി കാണുന്ന വർത്തമാനപത്രത്തിലൂടെ അയാൾക്കൊപ്പം തടവിലാക്കപ്പെട്ട പത്രപ്രവർത്തകൻ വധിക്കപ്പെട്ട വിവരം ഗബ്രിയേൽ അറിയുന്നു. എന്തിൽനിന്നാണോ ഓടിയൊളിക്കാൻ ശ്രമിച്ചത് അതേ ഓർമ ദുരന്തമായി പിന്തുടരുന്നതിനിടെ ഗബ്രിയേലും മായയും തമ്മിലുള്ള ബന്ധത്തിലും സംഘർഷം ഉടലെടുക്കുന്നു. 

പാരീസിൽ തുടങ്ങുന്ന മായ പാരീസിൽ തന്നെയാണ് അവസാനിക്കുന്നതെങ്കിലും ഗോവയാണു ചിത്രത്തിന്റെ ഹൈലൈറ്റ്. കടലോരങ്ങൾ. ഓടിന്റെ മേൽക്കൂരയുള്ള വീടുകൾ. കുറ്റിക്കാടുകളും കടലിനോടു ചേർന്നുള്ള നിബിഡ വനങ്ങളും. ഗോവയുടേതു മാത്രമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും. പാട്ടുകളും നൃത്തവും ലഹരിയും ആഘോഷവും. 

ഒരു പ്രണയകഥയാണു മായ. പ്രണയത്തിന്റെ മായക്കാഴ്ച. ദീർഘകാലത്തെ സഹവാസത്തേക്കാൾ കുറച്ചുനാളുകൾ മാത്രം നിലനിൽക്കുന്ന ഒരു ബന്ധത്തിനുപോലും ജീവിതത്തെ പ്രണയനിർഭരമാക്കാൻ കഴിയുമെന്നും ജീവിതത്തിൽ ദിശാബോധം കാണിക്കാൻ കഴിയുമെന്നും തെളിയിക്കുന്നു മായ. ഓരോ ആലിഗനവും പൂർത്തിയായ ഒരു കൊത്തുപണിയാണെന്നും. സ്നേഹിക്കപ്പെടാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ മുറിവു സൃഷ്ടിക്കുകയാണ് മായ; ഒപ്പം ആ മുറിവിൽ പ്രണയത്തിന്റെ മരുന്നാകുകയും ചെയ്യുന്നു.