Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മനം നിറച്ച് മനയിലെ പ്രേതം; റിവ്യു

pretham-2-review

പ്രമേയം കൊണ്ടും അവതരണ രീതികൊണ്ടും പ്രേക്ഷകമനസ്സിലിടം പിടിച്ച സിനിമയായിരുന്നു പ്രേതം. മെന്റലിസ്റ്റായ ജോൺ ഡോൺ ബോസ്കോയും കൂട്ടാളികളുമായി രഞ്ജിത് ശങ്കർ പ്രേതം 2 എന്ന രണ്ടാം ഭാഗവുമായിയെത്തുമ്പോഴും ആ പ്രതീക്ഷകൾ കുറവായിരുന്നില്ല. ഇത്തവണ വരിക്കാശ്ശേരി മനയിലാണ് ജോൺ ഡോൺ ബോസ്കോയുടെ ദൗത്യം (ചിത്രത്തിൽ മംഗലശ്ശേരി മന). ഒരുപക്ഷേ അയാളുടെ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞൊരു ദൗത്യം. പ്രേക്ഷകരെ അക്ഷരാർത്ഥത്തിൽ ത്രില്ലടിപ്പിക്കുന്ന ചിത്രം തന്നെയാണ് പ്രേതം 2.

മനയുടെ സൗന്ദര്യം

സിനിമാ ചിത്രീകരണത്തിനും പൊതുജനങ്ങൾക്കും വാടകയ്ക്ക് നൽകുന്ന മനയിൽ താമസിച്ച് കായകൽപ ചികിത്സ ചെയ്യാനാണ് ഡോൺ ബോസ്കോ എത്തുന്നത്. മനയുടെ സൗന്ദര്യം മുഴുവൻ ക്യാമറ കണ്ണുകളിൽ മനോഹരമായി ഒപ്പിയെടുത്തു. ആ സീനുകൾ ഇതിന്റെ ക്യാമറയാര് എന്ന ചിന്ത സിനിമാ പ്രേമികൾക്കുണ്ടാക്കും. ഒരു സിനിമാ ഫെയ്സ്ബുക്ക് കൂട്ടായ്മയിൽ ഇതുവരെ പരസ്പരം കാണാത്ത സുഹൃത്തുക്കൾ മനയിൽ ഷോർട്ട് ഫിലിം ഷൂട്ട് ചെയ്യാനെത്തുന്നതോടെയാണ് ചിത്രം കൂടുതൽ വൈബ്രന്റ് ആകുന്നത്.

Pretham 2 Trailer

ഡോൺ ബോസ്കോ രണ്ടാമൻ

പ്രേതം ഒന്നിലെ മൊട്ടത്തലയനായ ജോൺ ഡോൺ ബോസ്കോ എന്ന ജയസൂര്യ കഥാപാത്രത്തെ ആരും മറക്കില്ല. ശക്തമായിരുന്നു ആ കഥാപാത്ര രൂപീകരണം. ആ തലത്തിൽ നിന്നും താഴേക്ക് പോകാതെ കൂടുതൽ തീക്ഷണമായി ഡോൺ ബോസ്കോയെ അവതരിപ്പിക്കാൻ ജയസൂര്യയ്ക്കു കഴിഞ്ഞുവെന്ന് പറയാതിരിക്കാൻ കഴിയില്ല. കഥാപരമായും സാങ്കേതികമായും കൂടുതൽ മുന്നോട്ടു പോകാൻ രണ്ടാം ഭാഗത്തിൽ സംവിധായകൻ രഞ്ജിത് ശങ്കർ ശ്രദ്ധിച്ചിട്ടുണ്ട്. സ്ക്രിപ്റ്റും ഡയലോഗും ‍സംവിധായകന്റേത് തന്നെയായതു കൊണ്ടു കൂടിയാകാം ഡോൺ ബോസ്കോ രണ്ടാമനെ കൂടുതൽ മികച്ചതാക്കാൻ കഴിഞ്ഞത്.

ഹൊറർ + കോമഡി ചിത്രം

ആദ്യ ചിത്രത്തിൽ കണ്ടതുപോലെ ഹൊററും കോമഡിയും ഒന്നിച്ചു കൊണ്ടുപോകാൻ രണ്ടാം ഭാഗത്തിനും കഴിഞ്ഞിട്ടുണ്ട്. പല ഹൊറർ മൂഡുകളിലും സാന്ദർഭികമായി വീഴുന്ന കോമഡി ഡയലോഗുകൾ രസം കൊല്ലിയാകാതെ ഉൾപ്പെടുത്താൻ സാധിച്ചു. ഒന്നാം ഭാഗത്തിൽ ഷറഫുദ്ദിൻ, ധർമജൻ, അജുവർഗ്ഗീസ്, ഗോവിന്ദ് പത്മസൂര്യ എന്നീ താരനിരകളെ കൊണ്ടുവന്ന് പ്രേക്ഷകരെ ചിരിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പുതിയ ചിത്രത്തിൽ വ്യത്യസ്തരായ കൂടുതൽ പുതിയ നിരയെയാണ് സംവിധായകൻ എത്തിച്ചത്. സിദ്ധാർഥ് ശിവ, സെയ്ൻ എന്നിവരാണ് ചിത്രത്തിലെ കോമഡി ഉൽസവത്തിന് തിരികൊളുത്തുന്നത്. ക്വീൻ ഫെയിം സാനിയ ഇയ്യപ്പൻ, വിമാനം ഫെയിം ദുർഗ്ഗ കൃഷ്ണൻ, അമിത് ചക്കാലയ്ക്കൽ എന്നിവർ ഇവർക്കൊപ്പം ചേരുന്നു. മനയുടെ കാര്യസ്ഥനായി ജയരാജ് വാര്യരും മികച്ച ഒരു കഥാപാത്രം ചെയ്തു. പൊലീസ് കമീഷണറായി മുത്തുമണിയും ശോഭിച്ചു.

pretham-2-review-1

ക്ലൈമാക്സിലെ ത്രിൽ

പ്രേതത്തെ കണ്ടുപിടിക്കാനുള്ള ഡോൺ ബോസ്കോയുടെ അന്വേഷണത്തിനൊടുവിൽ എത്തിച്ചേരുന്ന ഫെയ്സ്ബുക്ക് കൂട്ടായ്മയുടെ ചിത്രത്തിന്റെ സ്ക്രീനിങ് തിയറ്ററിലെ സംഭവങ്ങൾ ഉദ്വേഗജനകമാണ്. ഒരു കേസിന്റെ അഴിയാകുരുക്കും അന്വേഷണങ്ങളും അൽപം മെന്റലിസ്റ്റ് ഭാഷയിൽ തന്നെ അവതരിപ്പിക്കാൻ സിനിമയ്ക്ക് കഴിയുന്നു. ക്ലൈമാക്സിലെ ട്വിസ്റ്റും നന്നായി.

ഏതൊരു ഹൊറർ സിനിമയെയും വിജയത്തിലെത്തിക്കുന്നതിൽ സുപ്രധാന ഘടകമാണ് അതിന്റെ വിഷ്വലൈസേഷനും സംഗീതവും. ആനന്ദ് മധുസൂധനന്റേതാണ് സംഗീതം. പ്രേതം എന്ന പേര് അന്വർത്ഥമാക്കുന്നതു പോലെ പശ്ചാത്തലസംഗീതം കൊണ്ടും കാഴ്ചകൾ കൊണ്ടും പ്രേക്ഷകമനസ്സിൽ പ്രേതം ഇവിടെ തന്നെയുണ്ടെന്ന് ചിന്ത എപ്പോഴും നിലനിർ‌ത്തുന്നു. വിഷ്ണു നാരായണന്റെ ഛായാഗ്രഹണം മികച്ചതാണ്. വി. സാജന്റെ ചിത്രസംയോജനവും നീതിപുലർത്തി. പ്രേക്ഷക മനസ്സു നിറയ്ക്കാൻ പ്രേതം 2–വിന് കഴിയുമെന്നതിൽ സംശയമില്ല.