Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്യുതന്റെ ലീലാവിലാസങ്ങൾ; റിവ്യു

thattinpurath-achyuthan

ഗ്രാമീണ ജീവിതത്തിന്റെ ഇണക്കങ്ങളും പിണക്കങ്ങളും സിനിമകളിലൂടെ ആവിഷ്കരിച്ച സംവിധായകനാണ് ലാൽ ജോസ്. തട്ടിൻപുറത്ത് അച്യുതൻ എന്ന അദ്ദേഹത്തിന്റെ പുതിയ സിനിമയും ഗ്രാമീണ പശ്‌ചാത്തലത്തിലുള്ള കുടുംബ–ഹാസ്യ ചിത്രമാണ്. എൽസമ്മ എന്ന ആൺകുട്ടി, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും എന്നീ ചിത്രങ്ങൾക്കുശേഷം ലാൽ ജോസ്- എം സിന്ധുരാജ്- കുഞ്ചാക്കോ ബോബൻ ടീം ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് 'അച്യുതന്'.

എം. സിന്ധുരാജ് തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വര്‍ഗീസ് രാജ് നിർവഹിച്ചിരിക്കുന്നു. ദുല്‍ഖര്‍ സല്‍മാന്റെ 'ചാര്‍ളി'ക്ക് ശേഷം ഷെബിന്‍ ബക്കറിന്റെ ആദ്യ സ്വതന്ത്ര നിര്‍മാണ സംരംഭം കൂടിയാണ് തട്ടിന്‍പുറത്ത് അച്യുതന്‍. ബീയാര്‍ പ്രസാദ്, അനില്‍ പനച്ചൂരാന്‍ എന്നിവരുടെ വരികള്‍ക്ക് ദീപാങ്കുരന്‍ സംഗീതം നല്‍കിയിരിക്കുന്നു.

Thattumpurathu Achuthan | Official Trailer | Kunchacko Boban | Lal Jose

പ്രമേയം...

പരോപകാരിയും അമ്പലവാസിയുമായ അച്യുതന് പൊതുവെ നാട്ടിൽ നല്ല പേരാണ്. യാദൃച്ഛികമായി അയാൾക്ക് ഒരു ചീത്തപ്പേരുണ്ടാകുന്നു. ആ ചീത്തപ്പേരിൽനിന്നു രക്ഷപ്പെടാനുളള നെട്ടോട്ടത്തിനിടെ, ഒരു തട്ടിൻപുറത്ത് വച്ച്, മറ്റൊരു പെൺകുട്ടിയുടെ പ്രശ്ങ്ങളും അവളറിയാതെ അയാൾ ഏറ്റെടുക്കുന്നു. തുടർന്ന് നടക്കുന്ന സംഭവവികാസങ്ങൾ ഹാസ്യാത്മകമായി പറയുകയാണ് ചിത്രം. സമാന്തരമായി, ഒരു കുട്ടിയുടെ സ്വപ്നത്തിൽ സിക്സ്ത് സെൻസ് പോലെ വിരിയുന്ന സംഭവങ്ങളും ചിത്രത്തിനെ മുന്നോട്ടു നയിക്കുന്നു.

അഭിനേതാക്കൾ....

പുതുമുഖം ശ്രവണയാണ് നായിക. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ഇര്‍ഷാദ്, അനില്‍ മുരളി, ബിജു സോപാനം, സംവിധായകന്‍ ജോണി ആന്റണി, സുബീഷ് സുധി, സന്തോഷ് കീഴാറ്റൂര്‍, കൊച്ചു പ്രേമന്‍, ജയശങ്കര്‍, പ്രസാദ് മുഹമ്മ, മാസ്റ്റര്‍ അദീഷ്, അഞ്ജലി കൃഷ്ണ, ബിന്ദു പണിക്കർ‍, സീമ ജി. നായർ‍, സേതുലക്ഷ്മി, താരാകല്യാണ്‍, വീണ നായര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

അച്യുതനെ കുഞ്ചാക്കോ ബോബൻ തന്റെ പതിവു ഗ്രാമീണ വേഷങ്ങൾ പോലെ ഭദ്രമാക്കിയിട്ടുണ്ട്. ഷാജോൺ, ഹരീഷ് കണാരൻ എന്നിവരാണ് ചിരിയുടെ കോൺട്രാക്ട് ഏറ്റെടുത്തിരിക്കുന്നത്. മാസ്റ്റർ അദീഷ് ചിത്രത്തിൽ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഒരു നാട്ടിൻപുറത്തു കാണുന്ന വിഭിന്ന സ്വഭാവക്കാരായ കഥാപാത്രങ്ങളായി മറ്റ് അഭിനേതാക്കളും നല്ല പ്രകടനം നടത്തുന്നു.

പ്രശ്ങ്ങൾ ഉണ്ടാകുമ്പോൾ 'എല്ലാം മുകളിൽ ഇരുന്നൊരാൾ കാണുന്നുണ്ട്' എന്നു നാം ആത്മഗതം ചെയ്യാറുണ്ടല്ലോ. ഈ പ്രശ്നങ്ങളെ ഒരു വീട്ടിലേക്ക് ഒതുക്കുമ്പോൾ 'എല്ലാം തട്ടിൻപുറത്തിരുന്നൊരാൾ കാണുന്നുണ്ട്' എന്ന് ആത്മഗതം ചെയ്യത്തക്കവിധം ഭാവനാത്മകമായി ആവിഷ്കരിച്ചിരിക്കുന്നു. ജീവിതത്തിൽ വിഷമതകൾ ഉണ്ടാകുമ്പോൾ ഈശ്വരൻ പല രൂപത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. വളരെ കാൽപനികമായ കൃഷ്ണസങ്കല്പം ഇതിനോട് ഇഴനെയ്ത് ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു.

സാങ്കേതികമേഖലകൾ

പതിവു ഗ്രാമീണ കാഴ്ചകൾക്കൊപ്പം ഫാന്റസിയും ഇഴചേർത്ത് കഥപറയാൻ ലാൽ ജോസിനു കഴിഞ്ഞിട്ടുണ്ട്. ഗ്രാമീണ സൗന്ദര്യവും നാട്ടിടവഴികളും രാത്രിയുടെ ഭംഗിയും ഗാനങ്ങളുമൊക്കെ ക്യാമറ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. ദീപാങ്കുരന്റെ സംഗീത സംവിധാനം ചിത്രത്തിന്റെ കാൽപനികവശം മെച്ചപ്പെടുത്തുന്നതിൽ പിന്തുണ നൽകുന്നു.

രത്നച്ചുരുക്കം

ഗ്രാമത്തിന്റെ കഥ പറഞ്ഞ മുൻ ലാൽജോസ് ചിത്രങ്ങളെപോലെ തന്നെ, അച്യുതൻ പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാണ് സാധ്യത. ചുരുക്കത്തിൽ ക്രിസ്മസ് അവധിക്കാലത്ത് കുടുംബവുമൊത്ത് പോയി കാണാവുന്ന ഒരു കൊച്ചു മനോഹരചിത്രമാണ് തട്ടിൻപുറത്ത് അച്യുതൻ.