തല തെറ്റിക്കാത്ത ‘വിശ്വാസം’; റിവ്യു

vishwasam-review
SHARE

പൊങ്കല്‍ മൊത്തം ആഘോഷത്തിന്റേതാണ്. അതിനോടു ചേർന്നു നിൽക്കുംവിധം തമിഴകം പലപ്പോഴും ഒരുക്കുന്നത് ആക്‌ഷൻ സിനിമകളും. പക്ഷേ ആക്‌ഷനൊപ്പം ഇമോഷനും ചേരുംപടി ചേർത്തായിരുന്നു ഇത്തവണ അജിത്–ശിവ ടീമിന്റെ പരീക്ഷണം. വീരം, വേതാളം, വിവേകത്തിനു ശേഷം ‘വിശ്വാസ’ത്തിലെെത്തുമ്പോൾ സംവിധായകനും ഫാൻസിന്റെ സ്വന്തം ‘തല’യും കുടുംബ പ്രേക്ഷകരെ കൂടി ലക്ഷ്യമിട്ടിട്ടുണ്ടെന്നത് ചിത്രത്തിന്റെ ഓരോ രംഗത്തിലും വ്യക്തം. 

അമാനുഷിക സഖ്യത്തിൽ നിന്നു മാറി ശിവയും അജിത്തും പതിയെ പക്വതയുള്ള കൂട്ടുകെട്ടിലേക്കു മാറിയതിന്റെ സൂചനകളും ചിത്രത്തിലുണ്ട്. അജിത്തും നയൻതാരയും ഒപ്പം മലയാളത്തിന്റെ ബേബി അനിഖയും മികച്ച പ്രകടനവുമായി ചിത്രത്തിൽ നിറയുമ്പോൾ കഥയ്ക്കും തിരക്കഥയ്ക്കുമുള്ള കെട്ടുറപ്പില്ലായ്മ മാത്രമാണു പ്രശ്നം. പക്ഷേ ചിത്രത്തിന്റെ പോരായ്മകളെ ‘പങ്കാളികളാ അടിച്ചു തൂക്കലാമാ...’ എന്ന മട്ടിൽ ഘനഗാംഭീര്യനായി അജിത് മാസ് ഡയലോഗ് പ്രസന്റേഷനിലൂടെയും ആക്‌ഷൻ രംഗങ്ങളിലൂടെയും പരിഹരിക്കുന്നുണ്ട്.

viswasam-ajith

തേനിയിലെ കൊടുവുളാർപ്പട്ടി ഗ്രാമത്തിലെ ‘ഓൾ ഇൻ ഓൾ’ ആണ് തൂക്കുദുരൈ. ഗ്രാമത്തിലെ എല്ലാവരുമായും ‘രക്തബന്ധം’ സൂക്ഷിക്കുന്നയാളാണെന്നാണു കൂട്ടുകാർ തമാശയ്ക്കു പറയാറുള്ളത്. അതായത്, കൊടുവുളാർപ്പട്ടിയിലെ എല്ലാവർക്കും വേണ്ടി ഒരിക്കലെങ്കിലും ചോരചിന്തിയിട്ടുണ്ട് ദുരൈ. അങ്ങനെ ഗ്രാമത്തിന്റെ കാര്യക്കാരനായി ജീവിക്കുന്നതിനിടെയാണ് മുംബൈയിൽ നിന്നൊരു ഡോക്ടർ മെഡിക്കൽ ക്യാംപിനു വേണ്ടി എത്തുന്നത്–നിരഞ്ജന. 

ക്യാംപ് കഴിഞ്ഞ് ഡോക്ടർ പോവുകയും ചെയ്തു. പക്ഷേ പിന്നീടൊരു നാൾ അവൾ തിരികെയെത്തി... അവിടെ നിന്നാണു തൂക്കുദുരൈയുടെ ജീവിതം മാറിമറിയുന്നത്. ചിത്രത്തിൽ രണ്ടു ഗെറ്റപ്പിലാണ് അജിത് എത്തുന്നത്. യുവാവായ അജിത് എടുത്തുചാട്ടക്കാരനാണ്. ഗ്രാമത്തിന്റെ പ്രശ്നങ്ങൾ തീർക്കുന്നതിനിടെ ആയുധങ്ങൾക്കിടയിലൂടെ സ്വന്തം കുഞ്ഞുമായി പോകുന്നയാൾ. എന്നാൽ പത്തു വർഷത്തിനകം ദുരൈ അങ്കിളായെത്തുന്ന അജിത് കുറച്ചുകൂടി പക്വത നേടുന്നു. രണ്ടാം പകുതിയിലാണ് അജിത്തിന്റെ രണ്ടാം അവതാരം. പ്രായത്തിന്റെ പക്വത അജിത്തിന്റെ കഥാപാത്രത്തിനു ലഭിക്കുന്നതു പോലെ കയ്യൊതുക്കത്തിന്റെ പക്വത സംവിധായകനും ഇവിടെ കൈവരിക്കുന്നതു കാണാം. 

viswasam-nayanthara

ആദ്യപകുതിയിൽ പാട്ടും ഡാൻസും കോമഡിയും അൽപസ്വൽപം ആക്‌ഷനുമൊക്കെയായി പോകുമ്പോൾ രണ്ടാം പകുതി പൂർണമായും ആക്‌ഷനു വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ് ശിവ. പക്ഷേ അവസാനത്തോടടുക്കും തോറും ചിത്രം വൈകാരികതയുടെ കൈപിടിക്കുന്നു. മകളുമൊത്തുള്ള ചില കണ്ണീർ രംഗങ്ങളിലാകട്ടെ അസാമാന്യ പ്രകടനമാണ് അജിത് കാഴ്ച വയ്ക്കുന്നത്. ‘എന്നൈ അറിന്താലിനു’ ശേഷം ബേബി അനിഖ അജിത്തിനൊപ്പം വീണ്ടും ചേരുമ്പോൾ ഇരുവരുടെയും സ്ക്രീൻ പ്രസൻസ് മികവുറ്റതാണ്. കഥയെ ക്ലൈമാക്സിലേക്കു നയിക്കും വിധം പ്രാധാന്യമുള്ളതാണ് ചിത്രത്തിലെ അനിഖയുടെ കഥാപാത്രം. ഗൗരവക്കാരിയും ഇടയ്ക്കു പലപ്പോഴും ‘അയ്യോ പാവവും’ ആയുള്ള കഥാപാത്രമാണു നയൻതാരയുടെ നിരഞ്ജന. അഭിനയ മികവിന്റെ കാര്യത്തിൽ നയൻസും ഒട്ടും പിന്നിലോട്ടു പോയിട്ടില്ല. 

എന്നാൽ അനാവശ്യമായി തിരുകിക്കയറ്റിയ കോമഡി സീനുകളാണ് പലപ്പോഴും സിനിമയെ വിരസമാക്കുന്നത്. തിരക്കഥയിലെ മുറുക്കമില്ലായ്മയും കല്ലുകടിയാകുന്നുണ്ട്. ശിവയാണ് ചിത്രത്തിന്റെ തിരക്കഥ. ഈ പരിമിതികളെ ആക്‌ഷൻ രംഗങ്ങളിലൂടെയാണ് സംവിധായകൻ മറികടക്കുന്നത്. രണ്ടാം പകുതിക്ക് തൊട്ടുമുൻപുള്ള സംഘട്ടന രംഗം ചിത്രത്തിന്റെ ഏറ്റവും മികച്ച ഹൈലൈറ്റുകളിലൊന്നാണ്. ക്ലൈമാക്സിന് മുന്നോടിയായി (ക്ലൈമാക്സിലെയല്ല!) സബ്‌വേയിൽ നടക്കുന്ന സംഘട്ടനവും ദിലീപ് സുബ്ബരായനെന്ന സ്റ്റണ്ട് ഡയറക്ടറുടെ മികവിന് ഉദാഹരണമാണ്. 

Viswasam Trailer

ഗ്രാമത്തിന്റെ ഭംഗിയിൽ നിന്നു തുടങ്ങി നഗരത്തിന്റെ ഇരുണ്ട കാഴ്ചകളിലേക്കുള്ള ചിത്രത്തിന്റെ യാത്രയിൽ വെട്രി പളനിസാമിയുടെ ഛായാഗ്രഹണവും എല്ലാ പിന്തുണയും നൽകുന്നുണ്ട്. റൂബനാണ് ചിത്രത്തിന്റെ എഡിറ്റിങ്. ശിവ, കെ. മണികണ്ഠൻ, ചന്ദ്രൻ, ആന്റണി ഭാഗ്യരാജ്, സൗരി മുത്തു എന്നിവർ ചേർന്നാണു ഡയലോഗുകൾ. അജിത്തിനൊഴികെ കാര്യമായി മറ്റാർക്കും അതിന്റെ ഗുണം ലഭിച്ചില്ലെന്നു മാത്രം. അജിത്തിന്റേതാകട്ടെ പലതും കിടിലൻ പഞ്ച് ഡയലോഗുകളും. ഡി.ഇമന്റേതാണ് സംഗീതം– പൊങ്കലിന് മികവുറ്റ സംഗീതവിരുന്നാണ് അദ്ദേഹം പ്രേക്ഷകനു സമ്മാനിക്കുന്നത്. 

പാട്ടും ആക്‌ഷനും ആവോളം ഇഷ്ടമുള്ളവർക്കായി ഒരുക്കിയപ്പോൾത്തന്നെ കുടുംബപ്രേക്ഷകർക്കായി വൈകാരിക രംഗങ്ങൾക്കും ഇത്തവണ പ്രധാന്യം നൽകിയിട്ടുണ്ട്. പടം കണ്ടിറങ്ങുമ്പോൾ കണ്ണുകളൽപം നിറഞ്ഞാൽ പോലും അദ്ഭുതപ്പെടാനില്ല. അത്രയേറെ വികാരഭരിതമാണ് ക്ലൈമാക്സ്. എന്നാൽ അവിടെയും ലോജിക്കിനെപ്പറ്റി ആലോചിക്കാൻ നിന്നാൽ ആസ്വാദനത്തെയും അത് ബാധിച്ചേക്കും. എന്തു തന്നെയാണെങ്കിലും പൊങ്കലിന് കുടുംബസമേതമോ കൂട്ടുകാരുടെ കൂട്ടമായോ പോയാലും ആഘോഷത്തോടെ കണ്ടിരിക്കാവുന്ന ചിത്രമാണ് ‘വിശ്വാസം’. അജിത്തിൽ വിശ്വാസമേറെയുള്ളവർക്ക് ഈ സിനിമാറ്റിക് അനുഭവം കൂടുതൽ മനോഹരമായിരിക്കുമെന്നതും ഉറപ്പ്...

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA